Friday, 14 October 2016

ഇക്കുറി പുളി നന്നായി പുളിക്കും


501816309

വയനാട്ടിലെമ്പാടും ഇത്തവണ വാളൻപുളിക്ക് റെക്കോർഡ് ഉത്പാദനം. വിളവ് കൂടിയതിനാൽ പുളി കായ്ച കൊമ്പുകൾ ഒടിഞ്ഞുതുടങ്ങി. ഇതുപോലെ കൊമ്പുകുത്തി പുളി കായ്ച കാലം പഴമക്കാരുടെ ഓർമയിലുമില്ല. ദേശ–ഭാഷാ വ്യത്യാസമില്ലാതെ കർണാടകയിലും പുളി അറിഞ്ഞ് കായ്ചിട്ടുണ്ട്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കാര്യമായി പുളിയെത്തിയിരുന്നത്.

ഇത്തവണ നല്ല വിളവേറിയതിനാൽ പുളി വിലകുറയുമെന്ന് പ്രതീക്ഷിക്കാം. ഗ്രാമങ്ങളിലും പൊതു സ്ഥലത്തുമെല്ലാം തണൽവിരിച്ച് നിൽക്കുന്ന പുളിയിൽ ഇത്തവണ വാളൻപുളിക്കുലകൾ നിറഞ്ഞ് കിടക്കുന്നു. മഴക്കുറവാകാം ഉത്പാദനം കൂടാൻ കാരണമെന്ന് പറയുന്നു. എന്നാൽ കുടംപുളി ഉത്പാദനം ഇക്കൊല്ലം കുറവായിരുന്നു. വെള്ളമില്ലാത്ത സ്ഥലത്തും വാളൻപുളി തഴച്ചുവളരുന്നുണ്ട്.

ഉഷ്ണപ്രദേശത്തും പുളി വളരുന്നു. വനാതിർത്തി ഗ്രാമങ്ങളിലെ പുരയിടങ്ങളിലെല്ലാം വാളൻപുളി മരമുണ്ടാവും. മഴക്കാലം മാറുന്നതോടെ പുളി പറിച്ചെടുത്ത് തൊണ്ട് നീക്കി വെയിലത്ത് ഇടും. ഉണങ്ങിക്കഴിയുമ്പോൾ പുളിയുടെ കുരു നീക്കി ഉപ്പും ചേർത്ത് ഉരലിലിടിച്ച് ചെറു ഉണ്ടകളാക്കി സൂക്ഷിക്കും.

നന്നായി സംസ്കരിച്ചുണ്ടാക്കുന്ന പുളി കേടുകൂടാതെ ഏറെക്കാലമിരിക്കും, ചിലവർഷങ്ങളിൽ മരങ്ങളിൽ പേരിന് പോലും ഉത്പാദനമുണ്ടാവാറില്ല. ഇത്തവണ അതെല്ലാം തെറ്റിച്ചു. യാതൊരു പണിയും വളപ്രയോഗവും പുളിക്ക് വേണ്ടിവരുന്നില്ല. അതിനാൽ കർഷകന് ചെലവുമില്ല. കിട്ടുന്നത് മുഴുവൻ ലാഭം. പറിച്ചെടുത്ത് ഉണക്കുന്ന പണിമാത്രം. ഗോത്ര ഗ്രാമങ്ങളിൽ വനവിഭവങ്ങൾ പോലെ വാളൻപുളിയും വിൽക്കുന്ന പതിവുണ്ട്.

No comments:

Post a Comment