വിണ്ടുകീറി കർഷക മനസ്സ്

ചുനങ്ങാട് തിരുണ്ടിയിലെ കൃഷിയിടം വിണ്ടുകീറിയ നിലയിൽ...
അമ്പലപ്പാറ പഞ്ചായത്തിൽ നെൽകൃഷി ഉണങ്ങി നശിക്കുന്നു. ചുനങ്ങാട് തിരുണ്ടി പാടശേഖരത്തിലെ കൃഷിയിടങ്ങളാണു വെള്ളമില്ലാതെ വിണ്ടുകീറുന്നത്. ഒരു മാസം മുൻപു നടീൽ പൂർത്തിയായ പാടങ്ങളിൽ ഈർപ്പം പോലും ശേഷിക്കുന്നില്ല. മഴ കനിഞ്ഞില്ലെങ്കിൽ 10 ഹെക്ടറിലേറെ കൃഷി ഉണങ്ങി നശിക്കുമെന്നു കർഷകർ പറയുന്നു. പ്രദേശത്തെ ഏക ജലസ്രോതസ്സായ തോട് വറ്റിവരണ്ടിരിക്കെ വെള്ളം പമ്പ് ചെയ്തു കൃഷി സംരക്ഷിക്കാനുള്ള സാധ്യതയും അടഞ്ഞു. നെൽച്ചെടികളിൽ നിറവ്യത്യാസം കണ്ടുതുടങ്ങിയതായി കർഷകർ.
ഉഴവിനും നടീലിനുമൊക്കെയായി ഭീമമായ സംഖ്യ ഇതിനകം കർഷകർ ചെലവഴിച്ചു കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം ഒന്നാം വിള നാമമാത്രമായി മാറിയ പ്രദേശത്താണു രണ്ടാം വിളയും താളംതെറ്റുന്നത്. മറ്റു പ്രദേശങ്ങളിലും രണ്ടാംവിള നെൽകൃഷി വെള്ളമില്ലാതെ ഉണക്കുഭീഷണി നേരിടുകയാണ്. വാണിയംകുളവും ലക്കിടിപേരൂരും ഉൾപ്പെടെ സമീപ പഞ്ചായത്തുകളിലും സമാനമായ പ്രശ്നമുണ്ട്.
അതിജീവിക്കാൻ ‘മഹാമായ’
കാലാവസ്‌ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ‘മഹാമായ’ പൊടിവിത പരീക്ഷണവുമായി വിളയൂർ വള്ളിയത്ത്‌കുളമ്പിലെ കർഷകർ. വിളയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് വള്ളിയത്ത്‌കുളമ്പ് പാടശേഖരത്തിലാണ് രണ്ടാംവിളയ്‌ക്ക് പൊടിവിത പരീക്ഷണം. വിളയൂർ കൃഷിഭവൻ വഴി സൗജന്യമായാണ് ‘മഹാമായ’ വിത്ത് വിതരണം ചെയ്‌തത്. വി. കെ. കോയാമുവിന്റെ നേതൃത്വത്തിൽ ആറ് ഏക്കറിൽ എട്ടു കർഷകർ ചേർന്നാണ് പൊടിവിത. ജൈവവളം ഉപയോഗിച്ചു വെറുതെ ഉഴുതുമറിച്ചു വിത്തെറിയുകയാണ് രീതി. 30 ശതമാനം വെള്ളത്തിൽ കൃഷി നടത്തിയാലും നല്ല വിളവ് കിട്ടുമെന്നതാണ് മഹാമായയുടെ പ്രത്യേകത. മഴ പ്രതീക്ഷിച്ചു നേരത്തെ ജ്യോതി വിത്ത് വിതരണം ചെയ്‌തിരുന്നെങ്കിലും രണ്ടാംവിള അവതാളത്തിലാകുമെന്ന ആശങ്കയിലായി കർഷകർ. ആറു പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് തുലാംമാസത്തിൽ പാടങ്ങൾ വറ്റുന്നത്. വെള്ളമില്ലാത്തതിനാൽ പഞ്ചായത്തിലെ കർഷകരെല്ലാം കൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ വിളയൂർ കൃഷി ഓഫിസർ വി.പി. സിന്ധുവും വള്ളിയത്ത്‌കുളമ്പ് പാടശേഖര സമിതി സെക്രട്ടറി കെ. വിശ്വനാഥനും ചേർന്നു ജലദൗർലഭ്യതയിലും വിളവ് തരുന്ന മഹാമായ വിത്ത് കർഷകർക്ക് ലഭ്യമാക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ 13 സെന്റ് സ്‌ഥലത്ത് അഞ്ചു കിലോ മഹാമായ വിത്ത് പൊടിവിത നടത്തി 390 കിലോ നെല്ല് വിളവ് ലഭിച്ചതിൽ പ്രചോദനമേകിയാണു പുതിയ പരീക്ഷണമെന്നു ജൈവകർഷകൻ കൂടിയായ വിശ്വനാഥൻ പറഞ്ഞു.
പാടശേഖരത്തിലെ 35 ഏക്കർ സ്‌ഥലത്ത് കൂട്ടുകൃഷി സമ്പ്രദായത്തിലൂടെ 41 ടൺ നെല്ല് വിളവെടുത്തിരുന്നു. മുൻ വർഷങ്ങളിൽനിന്നും വ്യത്യസ്‌തമായി കൂട്ടുകൃഷിയിലൂടെ സെന്റ് ഒന്നിനു രണ്ടര ശതമാനം വിളവ് അധികം ലഭിച്ചതായി കർഷകർ പറഞ്ഞു.

വിളയൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് വള്ളിയത്ത്‌കുളമ്പ് പാടശേഖരത്തിൽ ‘മഹാമായ’ പൊടിവിതയ്‌ക്ക് കർഷകർ വിത്ത...
പ്രദേശത്തെ 35 കർഷകർ ചേർന്നു നടത്തിയ കൂട്ടുകൃഷി വിജയകരമായതിനെ തുടർന്ന് പഞ്ചായത്തിലെ കർഷകരെല്ലാം കൂട്ടുകൃഷി നടപ്പാക്കിയിട്ടുണ്ട്.
പൊടിവിത ലാഭകരമാണെങ്കിൽ എല്ലാ പാടശേഖരത്തിലേക്കും ‘മഹാമായ’ വ്യാപിപ്പിക്കുമെന്ന് കൃഷി ഓഫിസർ വി.പി. സിന്ധു പറഞ്ഞു. എന്നാൽ കുളങ്ങളും ജലാശയങ്ങളും വേനലിനുമുൻപേ വരൾച്ചാ ഭീഷണിയിലാണ്.
തൂതപ്പുഴയിലെ ജലലഭ്യത പ്രതീക്ഷിച്ചാണ് പൊടിവിത നടത്തുന്നതെങ്കിലും തടയണകളിൽ പോലും വെള്ളം കുറവാണ്. അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ പഴം, പച്ചക്കറി, തോട്ടം മേഖലകളെല്ലാം ഉണങ്ങി നശിക്കുമെന്ന് ആശങ്കയുണ്ട്
.
No comments:
Post a Comment