Tuesday, 18 October 2016

പ്രതീക്ഷകൾക്കു തെളിച്ചം;

കർഷകർ വീണ്ടും വാനില

കൃഷിയിലേക്ക്


vanilla-in-idukki

വിലയിൽ മുന്നേറ്റം പ്രകടമായതോടെ ഇടവേളയ്ക്കുശേഷം ഹൈറേഞ്ചിലെ കർഷകർ വാനില കൃഷിയിലേക്കു തിരിയുന്നു. ഒരു കിലോഗ്രാം പച്ച വാനില ബീൻസിനു രണ്ടായിരം രൂപയും ഉണക്ക ബീൻസിന് 10,000 രൂപയുമാണു നിലവിൽ ലഭിക്കുന്നത്. സംസ്ഥാനത്ത് 1990 കാലഘട്ടത്തിലാണു വാനില കൃഷി തുടങ്ങിയതെങ്കിലും രണ്ടായിരത്തഞ്ചോടെയാണു സജീവമായത്.
അന്നു പച്ച വാനില കിലോഗ്രാമിന് 5,000 രൂപയും ഉണക്കയ്ക്ക് 20,000 രൂപയുമായിരുന്നു വില. എന്നാൽ രണ്ടു വർഷത്തിനുശേഷം പച്ച വാനിലയുടെ വില അൻപതായും ഉണക്കയുടേത് 1500 രൂപയായും കൂപ്പുകുത്തി. ഈ സ്ഥിതി ഏറെനാൾ നീണ്ടുനിന്നതോടെ കർഷകർ മറ്റു കൃഷിയിലേക്കു തിരിഞ്ഞു. വാനില വെട്ടിനീക്കിയാണു മറ്റു വിളകൾ കൃഷി ചെയ്തത്.
പിടിച്ചുനിന്ന കർഷകർക്കു വിളവുകളുടെ രോഗ കീടബാധകൾ തിരിച്ചടിയായി. ഇതിനിടെ 2013ൽ ഭേദപ്പെട്ട നിലയിലേക്കു വില ഉയർന്നിരുന്നെങ്കിലും വീണ്ടും ഇടിവുണ്ടായി. ഈ വർഷം ജനുവരിയിൽ പച്ച വാനിലയ്ക്ക് 1,300 മുതൽ 1,500 രൂപ വരെയാണു വില ലഭിച്ചത്. ഉണക്ക വാനിലയുടെ വില 5,000 മുതൽ 6,000 രൂപ വരെയായിരുന്നു. ഇതിൽ വീണ്ടും ഉയർച്ച ഉണ്ടായതോടെയാണു കർഷകർ ഈ മേഖലയിലേക്കു തിരിയുന്നത്.
പലഹാര നിർമാണത്തിനും സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനും വാനില ഉപയോഗിക്കാറുണ്ട്. ഐസ്‌ക്രീം, കേക്ക് എന്നിവയുടെ നിർമാണത്തിൽ രുചിയും മണവും കൂട്ടാൻ വാനിലക്കായിൽ നിന്നെടുക്കുന്ന സത്താണു പ്രധാനമായും ഉപയോഗിക്കുന്നത്. തമിഴ്നാട്ടിലെ പൊള്ളാച്ചി അടക്കമുള്ള സ്ഥലങ്ങളിൽ നിന്നെത്തുന്ന വ്യാപാരികളാണു ഹൈറേഞ്ചിലെ കച്ചവടക്കാരിൽനിന്ന് ഉൽ‌പന്നം ശേഖരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ വാനില കൃഷി ചെയ്യുന്ന മഡഗാസ്‌കറിലെ ഉൽപാദനത്തെ ആശ്രയിച്ചാണു കേരളത്തിൽ വാനില വിലയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുന്നത്.
ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലാണ് വാനില കൃഷി ചെയ്യുന്നത്. കുമിൾ, വൈറസ് എന്നിവ മൂലമുള്ള രോഗങ്ങളാണു വാനിലയ്ക്കു ഭീഷണിയാകുന്നത്. ചെടിയുടെ വേര്, തണ്ട്, ഇല, കായ്, പൂവ് തുടങ്ങിയ ഭാഗങ്ങളെ കുമിൾരോഗം ബാധിക്കും. രോഗം ബാധിച്ച ഭൂരിഭാഗം ചെടിയും അഴുകി നശിച്ചുപോകാറാണു പതിവ്. ഫൈറ്റോഫ്ത്തോറ, ഫ്യുസേറിയം, സ്‌ക്ലീറോഷ്യം, കൊളിറ്റോട്രൈക്കം തുടങ്ങിയ ഇനത്തിൽപ്പെട്ട കുമിളുകളാണു രോഗങ്ങൾക്കു മുഖ്യകാരണം.

No comments:

Post a Comment