പുറമറ്റം ഹരിത കർഷക
സംഘം വിജയഗാഥ തുടരുന്നു

2000, 2001 വർഷങ്ങളിലും സംഘം ജില്ലയിലെ മികച്ച കർഷക കൂട്ടായ്മയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടുള്ള ഘട്ടംഘട്ടമായ പ്രവർത്തനത്തിലൂടെയാണ് കൃഷി വകുപ്പിന്റെ പച്ചക്കറി വികസനപദ്ധതി അവാർഡുകളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ലസ്റ്ററായി ഹരിത കർഷകസംഘം ഉയർന്നത്. 2014–15ൽ സംഘം വീണ്ടും ജില്ലയിലെ മികച്ച ക്ലസ്റ്ററായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സംസ്ഥാനതല അംഗീകാരം വീണ്ടും ഈ സംഘത്തെ തേടി എത്തിയിരിക്കുന്നു.
ഇത്തവണ മികച്ച ക്ലസ്റ്റർ വിഭാഗത്തിൽ സംസ്ഥാന തലത്തിലെ മൂന്നാം സ്ഥാനമാണ് സംഘത്തിന് ലഭിച്ചത്. പാട്ടത്തിനെടുത്ത 18 ഏക്കറിലധികം സ്ഥലത്താണ് നിലവിൽ സംഘം കൃഷിചെയ്യുന്നത്. ഇതിൽ അഞ്ച് ഏക്കർ പൂർണമായും വാഴകൃഷിക്കു വേണ്ടി മാറ്റിവച്ചിട്ടുള്ളതാണ്. സംഘത്തിലെ എല്ലാ അംഗങ്ങളുടെയും തുല്യ ഉത്തരവാദിത്തത്തിലാണ് വാഴകൃഷി ഇറക്കിയിരിക്കുന്നത്. അതിനാൽ തന്നെ ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനവും തുല്യമായി വീതിക്കും. എന്നാൽ, സംഘത്തിന്റെ നേതൃത്വത്തിലുള്ള മറ്റെല്ലാ കൃഷികളും ഓരോ അംഗങ്ങളും തങ്ങൾക്കായി നിശ്ചയിച്ചു നൽകിയ സ്ഥലങ്ങളിൽ സ്വന്തം നിലയ്ക്കാണ് കൃഷി ചെയ്യുന്നത്.
അതുകൊണ്ട് തന്നെ അവയിൽ നിന്നുള്ള ആദായവും കൃഷി ചെയ്യുന്നവർക്ക് മാത്രം അവകാശപ്പെട്ടതാണ്. മൂന്ന് പന്തൽ വിളകളും രണ്ട് പന്തലിതര വിളകളും എന്ന ക്രമത്തിലാണ് എല്ലാ അംഗങ്ങളും തങ്ങളുടെ കൃഷി ചെയ്യുന്നത്. സംഘത്തിന്റെ നേതൃത്വത്തിൽ പച്ചക്കറി വിത്തുകളും ഉൽപാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്നുണ്ട്. ഈ കർഷകസംഘം ഉൽപാദിപ്പിക്കുന്ന വിളകൾ പ്രാദേശിക വിപണിയിലും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ രണ്ട് വർഷം മുൻപ് പുറമറ്റം കൃഷി ഓഫിസിന് സമീപം കണ്ടാൽ ചെറുതെന്ന് തോന്നുന്ന വലിയ പച്ചക്കറി വിപണനകേന്ദ്രം ആരംഭിച്ചു. ദിവസത്തിൽ ഒരാൾ എന്ന നിലയിൽ സംഘത്തിലെ അംഗങ്ങൾ മാറിമാറി ഈ വിപണന കേന്ദ്രത്തിലെ കാര്യങ്ങൾ നോക്കി നടത്താൽ എത്തുന്നുണ്ട്.
ഇവിടെ നിന്ന് ലഭിക്കുന്ന ലാഭവും എല്ലാ അംഗങ്ങൾക്കും തുല്യമായാണ് പങ്കു വയ്ക്കുന്നത്. പച്ചക്കറികൾക്ക് പുറമെ കൃഷി വകുപ്പിന്റെ അംഗീകാരമുള്ള കറിപ്പൊടികളും വെളിച്ചെണ്ണയും മറ്റും ഈ വിപണനകേന്ദ്രത്തിൽ ലഭ്യമാണ്. പുറമറ്റം പെരുമ്പുഴക്കാട്ട് ഉണ്ണിക്കൃഷ്ണൻനായരാണ് സംഘത്തിന്റെ പ്രസിഡന്റ്. വെണ്ണിക്കുളം പ്ലാത്താനത്ത് ഓമനക്കുട്ടൻ പിള്ളയാണ് സംഘം സെക്രട്ടറി.
പുറമറ്റം ചിറ്റേട്ട് സി.എൻ. ചന്ദ്രൻ, പുറമറ്റം ചിറ്റേട്ട് സി.ആർ. രവീന്ദ്രൻപിള്ള, പുറമറ്റം ചിറ്റേട്ട് സി.ആർ. കൃഷ്ണൻകുട്ടി, പുറമറ്റം കാടമല സോമശേഖരൻനായർ, പുറമറ്റം നെല്ലിക്കുന്നേൽ മത്തായി ഈപ്പൻ, പുറമറ്റം ചടയത്ര ഈപ്പൻ തോമസ്, പുറമറ്റം കോട്ടപ്പള്ളിയിൽ നിർമല എസ്. പിള്ള, പുറമറ്റം മേട്ടിൽ ബാബു, വെണ്ണിക്കുളം പഴൂർ വല്ലത്ത് പി.ടി. ഏബ്രഹാം, വെണ്ണിക്കുളം പഴൂർവല്ലത്ത് പി.ടി. മത്തായി, വെണ്ണിക്കുളം കുറ്റമനാൽ പി.കെ. ചാക്കോ, വെണ്ണിക്കുളം തകിടിയിൽ ഗോപാലൻ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
No comments:
Post a Comment