അടയ്ക്ക പഴുത്തുപൊഴിയുന്നു; കർഷകർ പ്രതിസന്ധിയിൽ

പതിവിനു വിപരീതമായി ഒന്നര മാസം മുൻപുതന്നെ അടയ്ക്ക പഴുത്തു പൊഴിയുന്നു. പൊഴിയുന്ന അടയ്ക്ക ഉണക്കാനാവാതെ കർഷകർ പ്രതിസന്ധിയിലായിരിക്കുകയാണ്. സാധാരണയായി നവംബർ മാസത്തിലാണ് അടയ്ക്ക പഴുക്കുന്നത്. നവംബർ അവസാനത്തോടെയാണ് ആദ്യ ഘട്ടം അടയ്ക്ക പറിക്കുക. എന്നാൽ ഒക്ടോബർ ആദ്യവാരം തന്നെ അടയ്ക്ക പഴുത്തു പൊഴിയുന്നതിനാൽ, ഇവ പെറുക്കി ഉണക്കി എടുക്കാൻ കർഷകർ പാടുപെടുകയാണ്.
ദിവസവും മഴ പെയ്യുന്നതിനാൽ അടയ്ക്ക ഉണക്കാൻ പറ്റുന്നില്ല. സുള്ള്യ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിന്റെ അതിർത്തിഗ്രാമങ്ങളിലും കവുങ്ങിൻതോട്ടങ്ങളിൽ അടയ്ക്ക വ്യാപകമായി പഴുത്തുപൊഴിയുകയാണ്. ഇതിനു പരിഹാരമെന്നോണം അടയ്ക്ക ഉണക്കാൻ ചില കർഷകർ പോളിത്തീൻ ഷീറ്റ് ഉപയോഗിച്ചു കൂടാരം നിർമിച്ചിട്ടുണ്ടെങ്കിലും വ്യാപകമായി അടയ്ക്ക പൊഴിയുന്നതിനാൽ ഈ കൂടാരം മതിയാകാതെ വരുന്നു. മഴക്കാലത്ത് മഴ കുറഞ്ഞതും വെയിലും ചൂടും മറ്റും കൂടിയതുകാരണമാണ് അടയ്ക്ക നേരത്തേ വിളഞ്ഞുപഴുത്തത് എന്നു കർഷകർ പറയുന്നു.
സാധാരണയായി നവംബർ അവസാനം അല്ലെങ്കിൽ ഡിസംബർ ആദ്യവാരം ആദ്യ ഘട്ടവും ജനുവരിയിൽ രണ്ടാം ഘട്ടവും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ മൂന്നാം ഘട്ടവും അടയ്ക്ക പറിക്കാൻ പാകമാകാറാണു പതിവ്. കടുത്തവേനലിൽ പറിക്കുന്നതു കാരണം അടയ്ക്ക ഉണക്കാൻ പ്രത്യേക ഒരുക്കങ്ങളൊന്നും കർഷകർ നടത്താറില്ല. മുറ്റത്തും വിശാലമായ സ്ഥലത്തും ഇട്ട് അടയ്ക്ക ഉണക്കി എടുക്കും. ഇപ്പോൾ തോട്ടങ്ങളിൽ കാടു നിറഞ്ഞതുകാരണം അടയ്ക്ക പെറുക്കി എടുക്കാനും ബുദ്ധിമുട്ടാണ്.
കുരങ്ങുകളുടെ ശല്യം കൂടിയതും അടയ്ക്കകൾ പെട്ടെന്നു പൊഴിഞ്ഞുവീഴാൻ കാരണമാകുന്നതായി കർഷകർ പറയുന്നു. കഴിഞ്ഞ വേനലിൽ കടുത്ത വരൾച്ച മൂലം ഈ പ്രദേശങ്ങളിൽ വ്യാപകമായി കവുങ്ങിൻതോട്ടങ്ങൾ നശിച്ചിരുന്നു. കഴിഞ്ഞ ചില മാസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലം വിളവെത്താത്ത അടയ്ക്ക പൊഴിഞ്ഞു വിളവു നശിച്ചിരുന്നു. മഴ കുറവായതിനാൽ മഹാളി രോഗബാധ കുറവായിരുന്നുവെങ്കിലും മറ്റു പല രീതിയിലുള്ള കാലാവസ്ഥാവ്യതിയാനം മൂലം ഈ വർഷം 30 ശതമാനത്തിലധികം അടയ്ക്ക വിളവിൽ കുറവുണ്ടായിട്ടുണ്ടെന്നു കർഷകർ ചൂണ്ടിക്കാട്ടുന്നു.
No comments:
Post a Comment