പ്രധാൻമന്ത്രി കൗശൽ വികാസ് യോജന റബ്ബർ മേഖലയിലും

വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ലഭ്യതക്കുറവുമൂലം റബ്ബറുത്പാദനത്തിനും കർഷകരുടെ ആദായത്തിലും കാര്യമായ കുറവു വരുന്നതായി പഠനങ്ങളിൽ നിന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നൈപുണ്യ വികസന പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയത്. റബ്ബറുത്പാദക സംഘങ്ങളുടെ സഹകരണത്തോടെ കേരളത്തിലെ 26 റീജിയണൽ ഓഫീസുകൾ വഴിയാണ് പരിശീലനപദ്ധതി നടപ്പാക്കുക. ഈ ഓഫീസുകളുടെ പരിധിയിൽ വരുന്ന 150 സെന്ററുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ടാപ്പിങ്ങിൽ മുൻപരിചയമുള്ളവർക്കാണ് പുനർപരിശീലനം നൽകുക. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഓരോ കോഴ്സിലും 30 പേരെ വീതം ഉൾപ്പെടുത്തും. ഒക്ടോബർ രണ്ടാം വാരം മുതൽ 2017 ജനുവരിവരെയായിരിക്കും പരിശീലന കാലയളവ്.
ടാപ്പിങ്ങിൽ ശരിയായ വൈദഗ്ധ്യം ഇല്ലെങ്കിൽ ഉത്പാദനത്തിലും റബ്ബർമരങ്ങളുടെ ആയുസ്സിലും കുറവുണ്ടാകും. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവു കാരണം മരങ്ങൾ ടാപ്പു ചെയ്യാതെ കിടക്കുന്ന തോട്ടങ്ങളുണ്ട്. കർഷകർക്ക് ആദായവർദ്ധനയ്ക്കും മേഖലയിലെ സുസ്ഥിരതയ്ക്കും ഉത്പന്നങ്ങളുടെ ഗുണമേന്മ വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, ഉത്പാദനച്ചെലവു കുറയ്ക്കുന്നതിനും അറ്റാദായം വർദ്ധിപ്പിക്കുന്നതിനുമായി ബോർഡ് പ്രചരിപ്പിച്ചുവരുന്ന ആഴ്ചയിലൊരിക്കൽ ടാപ്പിങ്, നിയന്ത്രിത കമിഴ്ത്തിവെട്ട് തുടങ്ങിയ നൂതന ടാപ്പിങ്ങ് രീതികൾ വിജയപ്രദമാക്കുന്നതിനും നിപുണരായ തൊഴിലാളികൾ അത്യാവശ്യമാണ്. ഈ പദ്ധതി പ്രകാരം പരിശീലനം നേടിയ തൊഴിലാളികളെ ടാപ്പർബാങ്കുകളിൽ അംഗങ്ങളാക്കാനും കഴിയും.
No comments:
Post a Comment