വീടൊരു പൂങ്കാവനം; തിരുമലേശ്വര ഭട്ടിന്റെ കൃഷിപാഠം കണ്ണിനു കുളിരേകും

സുള്ള്യ കൊടിയാല കുരിയാജെയിലെ കർഷകൻ തിരുമലേശ്വര ഭട്ടിന്റെ വീട്ടിലെ പൂന്തോട്ടം...
വീടിനു ചുറ്റും പച്ചപ്പിന്റെ മനോഹാരിത ചാർത്തി മുറ്റത്ത് പൂങ്കാവനം നിർമിച്ച് ശ്രദ്ധേയനാവുകയാണു കർണാടക സർക്കാരിന്റെ കൃഷി പണ്ഡിതൻ അവാർഡ് നേടിയ സുള്ള്യ കൊടിയാല കുരിയാജെയിലെ കർഷകനായ തിരുമലേശ്വര ഭട്ട്. വീടിന്റെ ഗേറ്റിനു മുന്നിലെത്തുമ്പോൾ തന്നെ പച്ചപ്പുല്ല് വിരിച്ച പരവതാനി സ്വാഗതമോതുന്നു. മുറ്റത്തെത്തുമ്പോൾ ഏതോ മനോഹരമായ പൂന്തോട്ടത്തിലേക്കു പ്രവേശിച്ച അനുഭൂതി. പച്ച വിരിച്ചു നിൽക്കുന്ന വിവിധ ഇനം അലങ്കാരച്ചെടികളും താമരക്കുളവും കാവേരി ദേവിയുടെ പ്രതിമയും അവിടെ ഇവിടെയായി സ്ഥിതി ചെയ്യുന്ന വിവിധ തരം ശിൽപങ്ങളും മറ്റും തിരുമലേശ്വര ഭട്ടിന്റെ പൂന്തോട്ടത്തെ സമ്പന്നമാക്കുന്നു. വീടിനു ചുറ്റും വിവിധ തരം വെള്ളാരം കല്ലുകളും ശേഖരിച്ചിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ഈ കല്ലുകൾ തിരുമലേശ്വര ഭട്ട് ശേഖരിച്ചത്. കേരളം, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നും മറ്റുമാണു ചെടികൾ കൊണ്ടുവരുന്നത്.
20 വർഷത്തെ ശ്രമത്തിലൂടെയാണു വീടിനു ചുറ്റും തിരുമലേശ്വര ഭട്ട് സ്വന്തമായി പൂങ്കാവനം ഒരുക്കിയത്. എവിടെ പോയാലും അവിടെനിന്നും ഒരു ചെടിയുമായി വരുന്ന ഭട്ട് വീടിനു ചുറ്റും മനസ്സിന്റെ കലാവാസനയ്ക്കനുസരിച്ചു ചെടികളിലൂടെ ശിൽപങ്ങളൊരുക്കിയിരിക്കുകയാണ്. വീടും പരിസരവും എങ്ങനെ ആകർഷകമായി സൂക്ഷിക്കാം എന്നതിനു മാതൃകയാവുകയാണ് തിരുമലേശ്വര ഭട്ടിന്റെ പൂന്തോട്ടം. തന്റെ വീടിനു ചുറ്റം എന്നതു പോലെ തന്നെ മനോഹരമാണു തിരുമലേശ്വര ഭട്ടിന്റെ കൃഷിയിടവും അടയ്ക്ക, റബർ, കുരുമുളക്ക്, കൊക്കോ, വാഴ എന്നീ കൃഷികൾക്കൊപ്പം ഒരു ഏക്കറിൽ ഇരുപത്തഞ്ചിലധികം ഇനം പഴ വർഗങ്ങളും കൃഷി ചെയ്യുന്നു. പശു വളർത്തലും നടത്തുന്നു. കൃഷി രീതിയിൽ വ്യത്യസ്തത പുലർത്തുന്ന തിരുമലേശ്വര ഭട്ടിനെ കർണാടക സർക്കാർ കൃഷി പണ്ഡിതൻ അവാർഡ് നൽകി ആദരിച്ചിരുന്നു.
No comments:
Post a Comment