Thursday, 27 October 2016

മഞ്ഞളിപ്പും മഹാളിയും: കമുകു

 കൃഷി തകർച്ചയിൽ


arecanut-kavungu-kamuku

വ്യാപകമായ മഹാളിയും മഞ്ഞളിപ്പും വയനാട് ജില്ലയിൽ കമുകുകൃഷിയെ തകർക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് കമുകുകളാണ് ദിവസേന നശിക്കുന്നത്. മാനന്തവാടി, പനമരം, ദാസനക്കര തുടങ്ങിയ ഭാഗത്ത് വൻതോതിൽ നാശമുണ്ടായി. ഇപ്പോൾ പുൽപള്ളി ഭാഗത്തേക്കും രോഗം വ്യാപിക്കുന്നു. മഴക്കുറവാണ് മഞ്ഞളിപ്പ് വ്യാപിക്കാൻ പ്രധാന കാരണം. മൂപ്പെത്താത്ത അടയ്ക്ക കൊഴിയുന്നതും പ്രശ്നമാകുന്നു. പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലാണ് കമുകു കൃഷി അവശേഷിച്ചിരുന്നത്.

മഹാളി, മഞ്ഞളിപ്പ് എന്നിവയ്ക്കെതിരെ കർഷകർ മരുന്നുതളി നടത്തിയിരുന്നു. മരത്തിന് മുകളിലും ചുവട്ടിലും മരുന്നുതളിക്കണമെന്ന നിർദേശം പാലിച്ചവർക്കും രക്ഷയില്ല. വ്യാപകമായ രോഗബാധ തടയാൻ കർഷകർക്കാവുന്നില്ല. രോഗബാധയുള്ള മരത്തിൽ ഉൽപാദനം വളരെ കുറയുന്നു. മാത്രവുമല്ല, മൂപ്പെത്താതെ അടയ്ക്ക കൊഴിയുകയും ചെയ്യുന്നു. മഴക്കുറവ് മൂലം അടയ്ക്കയുടെ തൂക്കം കുറയുന്നതും നഷ്ടങ്ങൾക്കിടയാക്കുന്നു. സാധാരണ നിലയിൽ 140 കിലോ പച്ച അടയ്ക്ക ഉണങ്ങിയാൽ അൻപതു കിലോ ഉണക്ക അടയ്ക്ക ലഭിക്കുമായിരുന്നു. ഇപ്പോൾ അൻപതു കിലോ ഉണക്ക അടയ്ക്കയ്ക്ക് 200 കിലോ വരെ ഉണങ്ങേണ്ട സ്ഥിതി. ഈ അവസ്ഥയിൽ അടയ്ക്കയുടെ ആവശ്യവും വിലയും കുറഞ്ഞു.

കർണാടകയിലെ അറക്കൽകോ‍ഡ്, ചാമരാജ് നഗർ എന്നിവി‍ടങ്ങളിലേക്കാണ് വയനാട്ടിൽ നിന്ന് പ്രധാനമായും അടയ്ക്ക കയറ്റുന്നത്. തൂക്കം കുറയുന്ന അടയ്ക്ക വാങ്ങാൻ അവിടുത്തെ സംസ്കരണ ശാലകൾക്ക് താൽപര്യമില്ല. കഴിഞ്ഞ വർഷം കിലോയ്ക്ക് 85 രൂപ വില ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 74 രൂപ മാത്രം. മഴക്കുറവിനെ തുടർന്ന് അടയ്ക്ക നേരത്തേ പഴുത്തു തുടങ്ങിയതിനാൽ കർഷകർ മൊത്തമായി പറിച്ചെടുക്കുകയാണ്. കാലവർഷം ദുർബലമായതിനാൽ ഇടവിട്ടാണ് അടയ്ക്ക കായ്ച്ചത്. എന്നാൽ പണിഭാരം കണക്കിലെടുത്ത് മൂപ്പെത്താത്ത അടയ്ക്കയും പറിച്ചെടുക്കണം.

ഈ ഉൽപന്നമാണ് തൂക്കക്കുറവിന്റെ പേരിൽ വിലകുറച്ച് വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നത്.നെൽകൃഷി നഷ്ടമായതോടെയാണ് വയനാട്ടിൽ വ്യാപകമായി കമുകു കൃഷിയാരംഭിച്ചത്. ഒട്ടേറെ കർഷകരുടെ മുഖ്യവരുമാന മാർഗവും അടയ്ക്ക ആയിരുന്നു. എന്നാൽ കാര്യമായി ആദായം ലഭിച്ചുതുടങ്ങിയപ്പോഴേക്കും തോട്ടങ്ങൾ തന്നെ ഇല്ലാതാകുന്നു. പാട്ടത്തിനെടുത്തവരും വൻ നഷ്ടം സഹിക്കേണ്ട സ്ഥിതിയിലാണ്. ഉൽപാദനക്കുറവും തൂക്കക്കുറവും നഷ്ടംവരുത്തുമെന്നാണ് കച്ചവടക്കാരുടെയും ആശങ്ക.

No comments:

Post a Comment