Friday, 30 December 2016

അതിർത്തിയിലെ പാടങ്ങളിൽ കൗതുകക്കാഴ്ചയായി നെൽമെതകൾ


paddy-rice-nellu-metha
കൃഗന്നൂർ പാടത്ത് നെല്ല് മെതവെച്ചിരിക്കുന്നു...

കർണാടകാതിർത്തിയിലെ പാടങ്ങളിലെ നെൽമെതകൾ കൗതുകമുയർത്തുന്നു. കർണാടകയിലെ കൃഷി സംസ്കാരമുള്ള അതിർത്തിയിലെ കർഷകരാണ് നെല്ല് കൊയ്ത് മെതകളാക്കി വയലിൽ സൂക്ഷിക്കുന്നത്. ഒന്നും രണ്ടും ഏക്കർ സ്ഥലത്തെ നെല്ല് കൊയ്ത് നാലുനാൾ പാടത്ത് ഉണക്കിയ ശേഷമാണ് മലപോലെ മെത വയ്ക്കുന്നത്. നന്നായി ഉണങ്ങിയ നെല്ല് കൃത്യമായി മെതവച്ചാൽ ഒരുവർഷം വരെ കേട് കൂടാതെയിരിക്കുമെന്ന് കർഷകർ പറയുന്നു. അതിർത്തിയിലെ ഗൗഡ, ചെട്ടി സമുദായക്കാരാണ് പ്രധാനമായും മെത വയ്ക്കുന്നവർ. ഇവരെ പിന്തുടർന്ന് മറ്റു കർഷകരും മെതയിലേക്ക് മാറിത്തുടങ്ങി.

വിളവെടുപ്പ് കാലത്ത് മഴവന്നാലും വെയിൽ കുറഞ്ഞാലും നെല്ല് മെതിച്ച് സൂക്ഷിക്കാനാവില്ല. നെല്ല് കൊയ്ത കാലത്ത് കർഷകർക്ക് ദുരിതം വിതച്ച് മഴ പെയ്യുന്നത് പതിവാണ്. നിരവധി സ്ഥലത്തെ നെല്ലും വൈക്കോലും മഴയിൽ കുതിർന്ന് നശിക്കും. പാടുപെട്ട് കൃഷിയിറക്കി വിളവെടുക്കുമ്പോൾ പ്രകൃതിക്ഷോഭത്താൽ വിള നശിക്കുന്നത് കർഷകർക്ക് താങ്ങാവുന്നതിലധികമാണ്. കാലം തെറ്റിയുള്ള മഴയിൽ നിന്ന് വിളകളെ രക്ഷിക്കുന്നതിനാണ് കന്നഡ കർഷകർ പാടത്ത് മെതയുണ്ടാക്കിയിരുന്നത്.

നെല്ല്, മുത്താറി, എള്ള് എന്നിവ മെതയിൽ സൂക്ഷിക്കും. വലിയ കളമുള്ള സ്ഥലത്ത് ഓരോ കർഷകരും കളത്തിൽ തങ്ങളുടെ വിള മെതവച്ച് സമയം പോലെ മെതിച്ചെടുക്കും. കളമില്ലാത്ത സ്ഥലത്ത് പാടത്ത് തന്നെയാണ് മെതയൊരുക്കുക. ടാർപായ വിരിച്ച് നെല്ല് ഒക്കലിട്ട് നെല്ലും വൈക്കോലുമായി കർഷകർ വീട്ടിലെത്തും. കബനിക്കരയിലെ പാടങ്ങളിലും അക്കരെയുള്ള വയൽ പ്രദേശത്തുമാണ് പാടം നിറയെ മെതകൾ നിറഞ്ഞത്. വയനാടിന് പുറത്തുള്ളവർക്ക് ഇതൊരു വിചിത്രകാഴ്ചയാണ്.

പൂപ്പൊലി: കാർഷിക ഗവേഷണ കേന്ദ്രം ഒരുങ്ങുന്നു


agricultural-research-station-ambalavayal
കാർഷിക ഗവേഷണ കേന്ദ്രത്തിൽ പൂപ്പെ‍ാലിക്കായി ഒരുക്കുന്ന ഡ‍ാലിയ ഗാർഡൻ....

കേരള കാർഷിക സർവകലാശാല വയനാട് അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടത്തുന്ന പുഷ്‌പോത്സവത്തിന്റെ (പൂപ്പൊലി) നാലാമത് പതിപ്പിൽ റോസ് ഉദ്യാനം മുഖ്യ ആകർഷണമാകും. ജനുവരി മൂന്നാം വാരം ആരംഭിക്കുന്ന 14 ദിവസം നീളുന്ന പൂപ്പൊലിക്ക് മാറ്റൂകൂട്ടൂന്നതിനായി 466 ഇനം റോസ് ചെടികൾ വിദേശരാജ്യങ്ങളിൽനിന്നു ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കാർഷിക ഗവേഷണ കേന്ദ്രം അസോഷ്യേറ്റ് ഡയറക്‌ടർ ഡോ.പി. രാജേന്ദ്രൻ പറഞ്ഞു. മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിലവിൽ ആയിരത്തിഇരുനൂറോളം റോസ് ഇനങ്ങളുണ്ട‍്.

ഏകദേശം അഞ്ച് ഏക്കർ വരുന്നതാണ് ഗവേഷണ കേന്ദ്രത്തിലെ സ്ഥിരം റോസ് ഗാർഡൻ. ഇന്ത്യയിൽ റോസ് ചെടി ഇറക്കുമതിക്ക് ലൈസൻസുള്ള ബെംഗളൂരൂവിലെ സി.എസ്. ഗോപാലകൃഷ്‌ണ അയ്യങ്കാർ മുഖേനയാണ് പുഷ്‌പോത്സവത്തിനായി വിദേശ റോസ് ഇനങ്ങൾ വരുത്തുന്നത്. അമ്പലവയലിൽ കാർഷിക സർവകലാശാലയുടെ കൈവശമുള്ളതിൽ ഏകദേശം 12 ഏക്കർ സ്ഥലമാണ് പുഷ്‌പോത്സവത്തിനായി ഉപയോഗപ്പെടുത്തുന്നത്. വിവിധ സർക്കാർ വകുപ്പുകൾ, പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾ, ഹോർട്ടികൾച്ചർ മിഷൻ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പുഷ്‌പോത്സവത്തിന്റെ സംഘാടനം.

കഴിഞ്ഞ പുഷ്‌പോത്സവത്തിന്റെ ഭാഗമായിരുന്ന ചന്ദ്രോദ്യാനം, സൂര്യോദ്യാനം, സ്വപ്‌നോദ്യാനം എന്നിവ ഇക്കുറിയും ഉണ്ട‍ാകും. രണ്ടര എക്കർ വിസ്തൃതിയുള്ളതായിരിക്കും ചന്ദ്രോദ്യാനം. വെള്ള ഇലകളും പൂക്കളുമുള്ള സസ്യങ്ങൾ മാത്രമാണ് ഉദ്യോനത്തിൽ. ആയിരത്തിലധികം വരും ഇതിലുള്ള ഇനങ്ങളുടെ എണ്ണം. ചീര വർഗത്തിൽപ്പെട്ട സെലോഷ്യ ഉപയോഗിച്ച് സൂര്യോദയത്തിന്റെ ആകൃതിയിൽ തീർത്തതാണ് സൂര്യോദ്യാനം. അപൂർവ ഇനങ്ങളിൽപ്പെടുന്നതടക്കം അലങ്കാരപ്പക്ഷികളുടെ ശേഖരവും കുട്ടികളുടെ ഉല്ലാസത്തിനുള്ള സംവിധാനങ്ങളും ഉൾപ്പെടുന്നതാണ് സ്വപ്‌നോദ്യാനം. ഡാലിയ, ഓർക്കിഡ് ഉദ്യാനങ്ങൾ, വിഷരഹിത പച്ചക്കറിത്തോട്ടം എന്നിവയും പൂപ്പൊലിയുടെ ഭാഗമായി ഉണ്ട‍ാകും.

5000ൽ പരം ഇനങ്ങളാണ് ഡാലിയ ഗാർഡനിൽ. മൊട്ടിടുന്നതിനുള്ള പരുവത്തിലാണ് ഉദ്യാനത്തിലെ ഡാലിയ ചെടികളിൽ ഏറെയും. ഫെലനോപ്‌സിസ്, ഡെൻഡ്രോബിയം, വാൻഡ്, കറ്റാലിയ കുടുംബങ്ങളിൽനിന്നുള്ളതിനു പുറമേ വൈൽഡ് ഇനങ്ങളും ഉൾപ്പെടുന്നതാണ് പൂപ്പൊലിക്കായി സജ്ജമാക്കുന്ന ഓർക്കിഡ് ഉദ്യാനം. ഇറക്കുമതി ചെയ്‌തതടക്കം 1300 ഓളം ഇനങ്ങളാണ് ഓർക്കിഡ് ഉദ്യാനത്തിൽ ഉണ്ട‍ാകുകയെന്ന് ഇതിന്റെ ചുമതലയുള്ള റിസർച്ച് അസിസ്റ്റന്റ് പ്രിയ ലോറൻസ് പറഞ്ഞു. ഗവേഷണകേന്ദ്രത്തിൽ ടിഷ്യൂ കൾച്ചറിലൂടെ വികസിപ്പിച്ചതാണ് ചിലയിനം ഓർക്കിഡുകൾ. ബോധവൽക്കരണം മുൻനിർത്തിയാണ് വിഷരഹിത പച്ചക്കറിത്തോട്ടം ഒരുക്കുന്നത്.

2014 ഫെബ്രുവരി രണ്ടു മുതൽ 12 വരെയായിരുന്നു ഗവേഷണ കേന്ദ്രത്തിൽ പ്രഥമ വയനാട് പുഷ്‌പോത്സവം. കാര്യമായ ഒരുക്കങ്ങളില്ലാതെ സംഘടിപ്പിച്ച പൂപ്പെ‍ാലി ലാഭകരമായ സാഹചര്യത്തിലാണ് വ്യക്തമായ ആസൂത്രണത്തോടെ പൂപ്പൊലി രണ്ടാമത് പതിപ്പിന് 2015 ജനുവരിയിൽ അമ്പലവയൽ വേദിയായത്. കാർഷിക സർവകലാശാല കണക്കുകൂട്ടിയതിനും അപ്പുറത്തായിരുന്നു രണ്ട‍ാമത് പുഷ്‌പോത്സത്തിന്റെ വിജയം. ജനുവരി 20 മുതൽ ഫെബ്രുവരി രണ്ട‍ു വരെ നടത്തിയ പുഷ്‌പോത്സവത്തിലൂടെ 90.65 ലക്ഷം രൂപയുടെ വരുമാനമാണ് സർവകലാശാലയ്‌ക്ക് ലഭിച്ചത്.

കഴിഞ്ഞതവണ 149 ലക്ഷം രൂപയായിരുന്നു വരുമാനം. ചെലവ് 68.2 ലക്ഷം രൂപയും. ഗവേഷണ കേന്ദ്രത്തിലെ 214 താൽക്കാലിക തൊഴിലാളികൾക്ക് മൂന്നു മാസത്തെ വേതനം നൽകാനും പൂപ്പൊലി മൂന്നാമത് പതിപ്പിലെ വരുമാനം ഉതകിയെന്ന് അസോഷ്യേറ്റ് ഡയറക്‌ടർ പറഞ്ഞു. വരവിൽ 70.41 ലക്ഷം രൂപ ടിക്കറ്റ് വിൽപനയിലൂടെയും എട്ട് ലക്ഷം രൂപ ചെടികളുടെ വിൽപനയിലൂടെയും 23.5 ലക്ഷം രൂപ സ്റ്റാൾ അലോട്മെന്റിലൂടെയും ലഭിച്ചതാണ്. ഇത്തവണ 80 ലക്ഷം രൂപ ചെലവും 150 ലക്ഷം രൂപ വരവുമാണ് പ്രതീക്ഷിക്കുന്നത്. 340 സ്റ്റാളുകൾ ഇക്കുറി ഉണ്ടാകും. കള്ളിച്ചെടികളെക്കുറിച്ചുള്ള അന്താരാഷ്‌ട്ര ശിൽപശാല പൂപ്പൊലി മൂന്നാമത് പതിപ്പിന്റെ പ്രത്യേകതയായിരുന്നു. ഇത്തവണ അന്താരാഷ്‌ട്ര ശിൽപശാല ഉണ്ട‍ാകില്ല.

കൽപതരുവിന്റെ തീരാദുഃഖം!


root-wilt-disease-afflicting-coconut-trees

തെങ്ങ്...

കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിന് ശതാബ്ദിയുടെ നിറവാണെങ്കിൽ കേരളത്തിലെ പ്രമുഖ തോട്ടവിളയായ തെങ്ങിന്റെ തീരാദുഃഖത്തിന് ഈ വര്‍ഷം 135 കൊല്ലത്തെ ചരിത്രം പൂര്‍ത്തിയാകുന്നു. 1882 ലാണ് പഴയ തിരുവിതാംകൂറിൽ ആദ്യമായി തെങ്ങിനു കാറ്റുവീഴ്ച കണ്ടത്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ ഈരാറ്റുപേട്ടയിലും പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽപ്പെട്ട കവിയൂർ, കല്ലൂപ്പാറ എന്നിവിടങ്ങളിലുമാണ് രോഗലക്ഷണങ്ങൾ ആദ്യം കണ്ടത്.

വായിക്കാം ഇ - കർഷകശ്രീ

കേരളത്തിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങൾ മുതൽ കിഴക്കൻ മലനാടുകൾ വരെയുള്ള പഴയ തിരു–കൊച്ചി മേഖലയിൽ രോഗം വളരെ വേഗം വ്യാപിച്ചു. മലബാർ മേഖലയും തിരുവനന്തപുരം ജില്ലയും താരതമ്യേന രോഗവിമുക്തമായിരുന്നു. പക്ഷേ, ഇപ്പോൾ കോഴിക്കോട് ജില്ലയുടെ അതിർത്തികൾവരെയും തെക്ക് നെയ്യാറ്റിൻകരവരെയും രോഗം വ്യാപിച്ചിട്ടുണ്ട്. ഓണാട്ടുകര (ആലപ്പുഴ–കൊല്ലം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണൽ ഏറിയ നിരപ്പായ പ്രദേശം) യിലാണ് കാറ്റുവീഴ്ച ഏറ്റവും തീവ്രമായി കണ്ടത്. അതുകൊണ്ടാണ് ഏതാണ്ട് അര നൂറ്റാണ്ടു മുൻപ് തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ ഉപകേന്ദ്രം തെങ്ങുരോഗ ഗവേഷണത്തിനു പ്രാമുഖ്യം നൽകിക്കൊണ്ട് കായംകുളത്തു സ്ഥാപിതമായത്. രോഗലക്ഷണങ്ങൾ

ഓലക്കാലുകൾ അകത്തേക്കു വളയുക, പുറംമടലിലെ ഓലകൾക്കു മഞ്ഞനിറം വ്യാപിക്കുക, ഓലക്കാലിന്റെ ദൃഢത നഷ്ടപ്പെടുക, അവയുടെ അരിക് ഉണങ്ങിപ്പൊടിഞ്ഞ് ഓലകൾ ഈർക്കിൽ മാത്രമായി ശേഷിക്കുക തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് എല്ലാ ഓലകൾക്കും മഞ്ഞനിറം വ്യാപിക്കുകയും തേങ്ങകൾ മൂപ്പെത്താതെ കൊഴിയുകയും ചെയ്യും. തീവ്ര രോഗലക്ഷണങ്ങളുള്ള തെങ്ങിന്റെ ചുവടു കിളച്ചു മണ്ണുമാറ്റി വേരുകൾ പരിശോധിച്ചാൽ അവയിൽ 30 ശതമാനത്തോളം ചീഞ്ഞുനശിച്ചതായി കാണാം. ഇതുകൊണ്ടാണ് ഈ രോഗത്തിനു വേരുചീയൽ (root wilt disease) എന്നു കൂടി പേരുള്ളത്.

രോഗകാരണം

നൂറു വർഷത്തെ ഗവേഷണങ്ങൾക്കു ശേഷവും രോഗകാരണം അ‌‍ജ്ഞാതമായി ശേഷിക്കുന്നു. വൈറസ്, ബാക്ടീരിയ, കുമിൾ, നിമാവിര തുടങ്ങിയവയെയെല്ലാം സംശയിച്ചിരുന്നു. സസ്യപോഷകങ്ങളുടെ ആധിക്യവും അഭാവവും വിശദമായി പഠിച്ച് മണ്ണു പരിശോധന നടത്തിനോക്കി. പക്ഷേ, കൃത്യമായ കണ്ടെത്തൽ ഉണ്ടായില്ല. ഏറ്റവും ഒടുവിൽ കായംകുളം ഗവേഷണ കേന്ദ്രത്തിൽ നടന്ന ഗവേഷണങ്ങളിൽ മൈക്കോപ്ലാസ്മ, ഫൈറ്റോപ്ലാസ്മ എന്നും മറ്റും അറിയപ്പെടുന്ന സൂക്ഷ്മജീവിയാണ് രോഗകാരിയെന്ന കണ്ടെത്തലുണ്ടായി. വ്യക്തമായ കോശഭിത്തിയില്ലെന്നതാണ് മൈക്കോപ്ലാസ്മയുടെ സവിശേഷത (ബാക്ടീരിയയ്ക്ക് അതുണ്ട്). മറ്റു ചില വിളകളിലും ഈ സൂക്ഷ്മജീവി രോഗമുണ്ടാക്കുന്നു. വെക്ടർ എന്നു വിളിക്കുന്ന, പറക്കുന്ന ചില ഷഡ്പദങ്ങളാണ് ഇവയെ ഒരു തെങ്ങിൽനിന്നു മറ്റൊന്നിലേക്കു പടർത്തുന്നത്. ഓലകളുടെ നീരൂറ്റിക്കുടിച്ചാണ് ഈ കീടങ്ങൾ ജീവിക്കുന്നത്.

പ്രതിരോധശേഷിയുള്ള ഇനങ്ങള്‍

കാറ്റുവീഴ്ച രോഗത്തിന്റെ ഈറ്റില്ലമെന്നു വിശേഷിപ്പിക്കാവുന്ന ഓണാട്ടുകര പ്രദേശത്തുപോലും രോഗലക്ഷണം തൊട്ടുതീണ്ടാത്ത ഒറ്റപ്പെട്ട ചില തെങ്ങുകൾ നമുക്കു കാണാനാവും. അതിൽ ഓച്ചിറഭാഗത്തു പണ്ടു കണ്ടെത്തിയ ഒരു തെങ്ങിൽ വാർഷിക ഉൽപാദനം നാനൂറിലേറെയായിരുന്നു. (കേരളത്തിൽ 30 തേങ്ങ, കർണാടകത്തിൽ 150, തമിഴ്നാട്ടിൽ 120 എന്നിങ്ങനെയാണ് ശരാശരി വിളവ്). ഒറ്റപ്പെട്ട ഇത്തരം നല്ല തെങ്ങുകളെ ‘സൂപ്പര്‍ പാം’ എന്നു വിശേഷിപ്പിക്കുന്നു. തൊണ്ണൂറുകളിൽ ഈ ലേഖകൻ കൊല്ലം– തിരുവനന്തപുരം ജില്ലകളിലെ പത്തോളം സൂപ്പർ പാമുകളിൽനിന്നു വിത്തുതേങ്ങ ശേഖരിച്ച് തൈകളാക്കി അവയിൽനിന്ന് ഏറ്റവും മുന്തിയ 50 ശതമാനം തൈകൾ വച്ചുപിടിപ്പിച്ച് പരിശോധിച്ചതിൽ മാതൃവൃക്ഷത്തിന്റെ സ്വഭാവമുള്ള ചില തെങ്ങുകളെ കാണാൻ കഴിഞ്ഞെങ്കിലും മിക്കതും അങ്ങനെയല്ലെന്നാണ് കണ്ടത്. പക്ഷേ, ഏറ്റവും ഒടുവിൽ കായംകുളത്തെ തോട്ടവിള ഗവേഷണകേന്ദ്രത്തിന്റെ മുൻവശത്തുള്ള വിശാലമായ സ്ഥലത്തു രോഗം ബാധിച്ച തെങ്ങുകളെല്ലാം വെട്ടിമാറ്റിയശേഷം കാസർകോടുനിന്നു കൊണ്ടുവന്ന സങ്കരയിനം തൈകൾ വച്ചുപിടിപ്പിച്ചത് ഇപ്പോൾ കായ്ഫലം നൽകിത്തുടങ്ങിയിട്ടുണ്ട്. നാഷനൽ ഹൈവേ വഴി പോകുമ്പോൾ ഓണാട്ടുകരയിൽ ഒരു ഹരിതദ്വീപ് പോലെ തോന്നിക്കുന്ന ആരോഗ്യമുള്ള തെങ്ങിൻതോട്ടം ഇവിടെ കാണാൻ കഴിയും. ഈ ലേഖകൻ അവിടത്തെ മേധാവിയായ ഡോ. കൃഷ്ണകുമാറുമായി ഫോണിൽ സംസാരിച്ചതിൽനിന്നു ലഭിച്ച വിവരങ്ങൾ ഇവയാണ്.

ഡി x ടി സങ്കരയിനങ്ങളാണ് അവിടെ വളർന്നു നിൽക്കുന്നത്. കാറ്റുവീഴ്ച ലക്ഷണങ്ങൾ ഇതുവരെ കണ്ടിട്ടില്ല. പക്ഷേ, കൊമ്പൻചെല്ലി, ചെമ്പൻചെല്ലി, ഓലരോഗം തുടങ്ങിയവ ബാധിക്കുന്നുണ്ട്. യഥാകാലം പ്രതിരോധ നടപടി എടുക്കുന്നതുകൊണ്ടാണ് തെങ്ങുകൾ ആരോഗ്യത്തോടെ നിൽക്കുന്നത്.

വിലാസം: റിട്ട. പ്രഫസർ, കേരള കാർഷിക സർവകലാശാല, തിരുവനന്തപുരം. ഫോൺ: 0471 2443394

നല്ല പരിപാലനത്തിലൂടെ വിളവു കൂട്ടാം

കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളെ ക്രമമായി പരിചരിച്ചാൽ ആണ്ടിൽ എൺപതോ അതിലധികമോ തേങ്ങകൾ ലഭിക്കുമെന്നാണ് ഗവേഷണങ്ങൾ തെളിയിച്ചിട്ടുള്ളത്.

എണ്ണക്കുരു വിളയായതിനാൽ നൈട്രജനും ഫോസ്ഫറസും പൊട്ടാഷും (NPK) യഥാക്രമം 1:1:2 എന്ന അനുപാതത്തിൽ ലഭിക്കത്തക്ക വിധം വളപ്രയോഗം ക്രമീകരിക്കുക. ജൈവവളമായാലും മതി. പക്ഷേ, പൊട്ടാഷ് ലഭിക്കണമെങ്കിൽ ചാരം വേണ്ടത്ര അളവിൽ കൊടുക്കണം. കേരളത്തിലെ ഗ്രാമങ്ങളിൽനിന്നു കിട്ടുന്ന ചാരത്തിൽ പൊട്ടാഷ് പരമാവധി നാലു ശതമാനമേ ഉള്ളൂ. അതായത്, ധാരാളം ജൈവവളങ്ങളും (പച്ചില, ചാണകം, എല്ലുപൊടി, പിണ്ണാക്കുവളം തുടങ്ങിയവ) ജൈവാവശിഷ്ടങ്ങളും 1.8 മീറ്റർ വ്യാസാർധമുള്ള തെങ്ങിൻതടത്തിൽ കാലവർഷാരംഭത്തിൽ ചേർക്കുമ്പോൾ അതിനൊപ്പം 50 കിലോ ചാരം കൂടി ചേർത്താലേ രണ്ടു കിലോ പൊട്ടാഷ് എങ്കിലും ഒരു തെങ്ങിനു കിട്ടുകയുള്ളൂ. നൈട്രജനും ഫോസ്ഫറസും ജൈവവള രൂപത്തിൽ ചേർക്കാൻ ബുദ്ധിമുട്ടില്ല. പക്ഷേ, ചാരം വേണ്ടത്ര ലഭ്യമല്ലെങ്കില്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന രാസവളം തെങ്ങൊന്നിന് നാല് കിലോയെങ്കിലും നൽകണം.

കേരളത്തിലെ മണ്ണ് (പാലക്കാട് ഒഴിച്ച്) അമ്ലമയമായതിനാൽ ആണ്ടുതോറും വേനൽക്കാലത്ത് ഓരോ തെങ്ങിനും ഒരു കിലോ കുമ്മായം ചേർക്കണം. മഗ്നീഷ്യത്തിന്റെ കുറവു നികത്തിയാൽ കാറ്റുവീഴ്ചയുടെ കാഠിന്യം കുറയ്ക്കാം. അതുകൊണ്ട് ഓരോ തെങ്ങിനും 500 ഗ്രാം മഗ്നീഷ്യം ഓക്സൈഡ് കൂടി ചേർക്കണം (ഇതിനായി മാഗ്നസൈറ്റ് ഉപയോഗപ്പെടുത്താം.)

കാലവർഷ സമയത്ത് തെങ്ങിൻതോട്ടങ്ങളിൽ പയറുചെടി വളർത്തി പൂക്കുമ്പോൾ പിഴുത് വളമാക്കുന്നതു കാറ്റുവീഴ്ചയെ ചെറുക്കാൻ സഹായിക്കും. തായ്ത്തടിയിൽനിന്ന് 1.8 മീറ്റർ അകലത്തിൽ 25 സെ.മീ ആഴത്തിലുള്ള വൃത്താകാരമായ ചാലുകളിൽ വളം ചേർക്കുന്നതാണ് ഏറ്റവും നല്ലത്. കൊമ്പൻചെല്ലി, ചെമ്പൻചെല്ലി, ഓലചീയൽ, മണ്ടചീയൽ എന്നിവയെ കാര്യക്ഷമമായി പ്രതിരോധിച്ചാലേ കാറ്റുവീഴ്ച കുറയൂ എന്നും കണ്ടിട്ടുണ്ട്.

Wednesday, 28 December 2016

പോളിഹൗസിൽ ഔഷധസസ്യങ്ങൾ


medicinal-plants-in-polyhouse
ഗവേഷകസംഘം പോളിഹൗസിൽ...

കോട്ടയ്ക്കലിലെ ഈ കൊച്ചു പോളിഹൗസിനുള്ളിൽ വളരുന്നത് തക്കാളിയും കാബേജും കോളിഫ്ളവറുമൊന്നുമല്ല, കീഴാർനെല്ലിയും നിലപ്പാലയും പർപ്പടകപ്പുല്ലുമാണ്. മലപ്പുറം കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഔഷധ നിർമാണപ്പുരയിലേക്ക് പ്രതിവർഷം ആയിരക്കണക്കിനു കിലോ ആവശ്യമുള്ള ഔഷധസസ്യങ്ങളാണിവ. വർഷകാലത്തു മാത്രം സുലഭമായ ഈയിനങ്ങൾ വേനലിലും ലഭിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പോളിഹൗസ് കൃഷി.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ക്രോപ് ഇംപ്രൂവ്മെന്റ് ആൻഡ് ബയോടെക്നോളജി, എക്സ്റ്റൻഷൻ വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള പരീക്ഷണത്തിനു പക്ഷേ ആര്യവൈദ്യശാലയ്ക്കുമപ്പുറം ചില സാധ്യതകളുണ്ടെന്ന് പ്രോജക്ട് ഡയറക്ടർ ഡോ: ഇന്ദിരാ ബാലചന്ദ്രനും ഡപ്യൂ‌ട്ടി പ്രോജക്ട് ഡയറക്ടർ ഡോ: ഗീതാ എസ്. പിള്ളയും പറയുന്നു.

വൻ മുതൽമുടക്കോടെ ഹെക്ടർ കണക്കിനു സ്ഥലത്ത് ഔഷധസസ്യക്കൃഷി ചെയ്തശേഷം പിൻവാങ്ങിയ പലരും കേരളത്തിലുണ്ട്. വിപണനമായിരുന്നു വില്ലൻ. എന്നാൽ നിലവിലുള്ള സൗകര്യങ്ങളിൽ കുറഞ്ഞ മുതൽമുടക്കിൽ പരിമിത സ്ഥലത്തുള്ള കൃഷിയാണ് ആര്യവൈദ്യശാല പോളിഹൗസ് പദ്ധതിയിൽ അവതരിപ്പിക്കുന്നത്.

വായിക്കാം ഇ - കർഷകശ്രീ

നിരന്തര കീടബാധ, വിപണനപ്രശ്നങ്ങൾ, പരിപാലനത്തിലെ ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങളാൽ പച്ചക്കറിക്കൃഷി മുടങ്ങിയ ഒട്ടേറെ പോളിഹൗസുകൾ കേരളത്തിലുണ്ട്. ഇത്തരം പോളിഹൗസുകളിൽ ഉൽപാദനച്ചെലവു കുറഞ്ഞതും ഏറെ പരിപാലനം ആവശ്യമില്ലാത്തതും വിപ‍ണന സാധ്യതയുള്ളതുമായ ഹ്രസ്വകാല ഔഷധവിളകൾ കൃഷി ചെയ്യാമെന്ന് കോട്ടയ്ക്കലിലെ ഗവേഷകസംഘം ചൂണ്ടിക്ക‍ാട്ടുന്നു.

സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ ധനസഹായത്തോടെ 100 ചതുരശ്രമീറ്ററിൽ ആര്യവൈദ്യശാല കാമ്പസിനുള്ളിൽ നിർമിച്ചിരിക്കുന്ന പോളിഹൗസിലാണ് ഔഷധസസ്യക്കൃഷി. നിലത്തും ലംബമായി നിർമിച്ച തട്ടുകളിലുമായി (വെർട്ടിക്കൽ ഫാമിങ്) ഇപ്പോൾ വളരുന്നത് കീഴാർനെല്ലിച്ചെടികൾ.

ഒട്ട‍േറെ ഇനങ്ങൾ പരീക്ഷിച്ചശേഷം പോളിഹൗസ് കൃഷിക്കു യോജ്യമായതും ആദായകരവുമായ കീഴാർനെല്ലി, നിലപ്പാല, പർപ്പടകപ്പുല്ല് എന്നിവ ഗവേഷകസംഘം തിരഞ്ഞെടുക്കുകയായിരുന്നു. മഞ്ഞപ്പിത്തം, ഹെപ്പറ്റൈറ്റിസ് ബി, ആസ്മ, പ്രമേഹം, മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്കുള്ള ചികിത്സയിൽ ആവശ്യമുള്ളതാണ് കീഴാർനെല്ലി (ഫില്ലാന്തസ് അമരാസ്). ചെമ്പരത്യാദി കേരതൈലം, മധൂയഷ്ട്യാദി തൈലം, പിപ്പല്യാദിഘൃതം, അമൃതപ്രാശ ഘൃതം, ച്യവനപ്രാശം എന്നിവയിൽ ചേരുവയാണിത്.

നിലപ്പാല (യൂഫോർബിയ തൈമിഫോളിയ)യ്ക്ക് ചുമ, ആസ്മ, ചർമരോഗങ്ങൾ, കൃമിശല്യം എന്നിവയുടെ ചികിത്സയിൽ മുഖ്യസ്ഥാനമുണ്ട്.

അമൃതാരിഷ്ടം, ഉശീരാസവം, ചന്ദനാസവം, നാല്പാമരാദി കേരതൈലം എ‍ന്നിവയുടെ നിർമാണത്തിലും പനി, തലകറക്കം, അതിസാരം, ചർമരോഗങ്ങൾ എന്നിവയ്ക്കുള്ള പ്രതിവിധിക്കും പർപ്പടകപ്പുല്ല് (ഓൾഡൻ ലാൻഡിയ കോറിംബോസ) പ്രധാനം.

കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ മാത്രം കീഴാർനെല്ലിയുടെ വാർഷിക ആവശ്യം 4200 കിലോ വരും. നിലപ്പാലയുടെയും പ‍ർപ്പടകപ്പുല്ലിന്റേയും യഥാക്രമം 7000 കിലോ, 8000 കിലോ. ഇവ മൂന്നും ചികിത്സയ്ക്കും ഔഷധനിർമാണത്തിനുമായി നിത്യേന ആവശ്യമുണ്ട്.

പോളിഹൗസിനുള്ളിൽ നിലത്തു വച്ച ഗ്രോബാഗുകളിലും പിവിസി പൈപ്പുകൾകൊണ്ടു നിർമിച്ച്, നടീൽമിശ്രിതം നിറച്ച തട്ടുകളിലുമായാണ് കീഴാർനെല്ലി കൃഷി ചെയ്തത്. മണ്ണും ചാണകപ്പൊടിയും മണ്ണിരക്കമ്പോസ്റ്റും ചകിരിച്ചോറും പെർലൈറ്റും, വെർമിക്കുലേറ്റും ചേർന്നതാണ് നടീൽമിശ്രിതം. ഒരേസമയം വളമായും കീടനാശിനിയായും പ്രയോജനപ്പെടുന്ന ഗോമൂത്രവും ഫിഷ് അമിനോ ആസിഡും നിശ്ചിത ഇടവേളകളിൽ നൽകി. സമ്പൂർണമായും ജൈവകൃഷി.

സാധാരണഗതിയിൽ മൂന്നു മാസംകൊണ്ട് വളർച്ചയെത്തുന്ന കീഴാർനെല്ലി പോളിഹൗസിനുള്ളിൽ ഒന്നരമാസത്തിനുള്ളിൽ വിളവെടുപ്പിനു പാകമാകും. പുറത്ത്, സ്വാഭാവിക ചുറ്റുപാടിൽ വളരുന്നവയിൽനിന്നു വ്യത്യസ്തമായി ഓരോ ചെ‌ടിയും 5 മുതൽ 10 ഇരട്ടിവരെ വളർച്ചയും നേ‌ടുന്നു. നൂറ് ചതുരശ്രമീറ്റർ പോളിഹൗസിൽനിന്ന് ഒന്നരമാസംകൊണ്ട് ലഭിക്കുന്നത് ശരാശരി 60 കിലോ കീഴാർനെല്ലി. ഇന്ന് വിപണിയിൽ കിലോയ്ക്കു ശരാശരി 40 രൂപയാണ് വില.

രോഗ, കീടബാധകൾ പോളിഹൗസ് കൃഷിയിലും ഇല്ലാതില്ല. എന്നാൽ പച്ചക്കറിക്കൃഷിക്കുള്ളത്ര ഗുരുതരമല്ലാത്തതിനാൽ വെളുത്തുള്ളിക്കഷായവും ഗോമൂത്രവുമെല്ലാം ഫലിക്കും. ഒറ്റത്തവണ വിളവെടുപ്പ്. വിളവെടുക്കാറായ ചെടികളിൽനിന്നുതന്നെ തുടർകൃഷിക്കുള്ള വിത്തുകളും തൈകളും ശേഖരിക്കാം.

''ഓരോ ഔഷധനിർമാണശാലയ്ക്കും ഓരോ സമയത്തുവേണ്ട ഔഷധച്ചെ‌ടികൾ ഏതൊക്കെയെന്ന് മനസ്സിലാക്കാതെയുള്ള കൃഷിയാണ് വിപണനപ്രശ്നത്തിനു മുഖ്യകാരണം. പരിപാലനച്ചെലവുകളേറിയ ദീർഘകാല വിളകളാണ് പലരും മുൻകാലങ്ങളിൽ തിരഞ്ഞെടുത്തതെന്ന പോരായ്മയുമുണ്ട്'', പോളിഹൗസ് കൃഷി ഗവേഷകസംഘത്തിലെ ഡോ: ഗീത, ഡോ: സതീഷ്ണ, ഡോ: രാഹുൽ, മഹേഷ്കുമാർ, രേഷ്മ എന്നിവർ അഭിപ്രായപ്പെട‌ുന്നു.

കീഴാർനെല്ലിയും നിലപ്പാലയുംപോലുള്ള ഔഷധച്ചെ‌ടികൾ പക്ഷേ എല്ലാക്കാലത്തും കൂടിയ അളവിൽ എല്ലാ ഔഷധനിർമാണ സ്ഥാപനങ്ങൾക്കും ആവശ്യമുണ്ട്. ഒന്നര മാസംകൊണ്ട് ഒരു വട്ടം കൃഷി ചെയ‍്തെടുക്കുകയും ചെയ്യാം. താൽപര്യമുള്ള കർഷകരുമായി ചർച്ച ചെയ്ത് കരാർകൃഷിക്കുള്ള സാധ്യതയും ആര്യവൈദ്യശാല തേടുന്നുണ്ട്.

ഫോൺ: 0483–2806211, 9744414954 Email: cmpravs@gmail.com

കൃഷിവിജ്ഞാനം ലഭിക്കാതെ മുതലമടയിലെ മാവുകർഷകർ


mango-flower

മാങ്ങ സീസണിൽ പാലക്കാട് മുതലമടയിലേക്കു കൃഷി വിദഗ്ധനെ നിയോഗിക്കുമെന്ന സർക്കാർ ഉറപ്പു പ്രഖ്യാപനത്തിലൊതുങ്ങി.

കാലാവസ്ഥ വ്യതിയാനത്തെ തുടർന്നു ഉൽപാദനക്കുറവു നേരിടുന്ന സാഹചര്യത്തിൽ മരുന്നുപ്രയോഗം, പൂ പരി‌പാലനം എന്നിവയെക്കുറിച്ചു കർഷകർക്കു നിർദേശങ്ങൾ നൽകാൻ കൃഷി ശാസ്ത്രജ്ഞരെ നിയോഗിക്കണമെന്നു കർഷകരും വ്യാപാരികളും ആവശ്യപ്പെട്ടിരുന്നു.

കൃഷി മന്ത്രിയായ ശേഷം ജില്ലയിലെത്തിയ വി.എസ്. സുനിൽകുമാർ വിദഗ്ധനെ നിയോഗിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല. മുൻ മന്ത്രി കെ.പി. മോഹനനും ഇതേ ഉറപ്പു നൽകിയിരുന്നു.

ഒക്ടോബർ–നവംബർ മാസങ്ങളിൽ പൂവിടുന്ന സമയത്തും തുടർന്നും നടത്തുന്ന കീടനാശിനി പ്രയോഗത്തെക്കുറിച്ചു കർഷകർക്കും വ്യാപാരികൾക്കും വ്യക്തമായ നിർദേശം നൽകാൻ സംവിധാനമില്ല.

ഇൗ വർഷം തെളിഞ്ഞ കാലാവസ്ഥയെ തുടർന്ന് ഒക്ടോബർ ആദ്യം പൂവിട്ടതു കർഷകർക്കും വ്യാപാരികൾക്കും പ്രതീക്ഷ നൽകിയിരുന്നെങ്കിലും ഇടയ്ക്കു മഞ്ഞു പടർന്നു പൂവ് കൊഴിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കി. കൃഷിഭവനെ ആശ്രയിച്ചാണു മുന്നോട്ടു പോകുന്നത്.

മൂവായിരത്തിലധികം ഹെക്ടർ സ്ഥലത്തു കൃഷി ചെയ്തു കോടികൾ വിറ്റുവരവുണ്ടാക്കുന്ന മാമ്പഴത്തിന്റെ സാധ്യതകൾ സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്.

കൃഷി മന്ത്രിയായിരുന്ന കെ.പി. മോഹനൻ മുതലമട സീഡ് ഫാമിൽ മാങ്ങ കർഷകർക്കു പ്രയോജനം ചെയ്യും വിധം കൃഷി വിജ്ഞാന കേന്ദ്രം ആരംഭിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.

നൂറു കണക്കിനു കുടുംബങ്ങളെ ബാധിക്കുന്ന മാവ് കൃഷി സംരക്ഷിക്കുന്നതിനു കൃഷി വകുപ്പ് ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാവും.

മാവ് കൃഷി വളർത്തുന്നതു കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഉപ കേന്ദ്രമെങ്കിലും മുതലമടയിൽ ആരംഭിക്കാൻ അധികാരികൾ ഉണർന്നു പ്രവർത്തിക്കണമെന്നതു കാലത്തിന്റെ ആവശ്യമാണ്.

Tuesday, 27 December 2016

അതിജീവനത്തിന് അരിയൽ യന്ത്രം


appachans-cassava-tapioca-slicer
കപ്പയരിയൽ യന്ത്രവുമായി അപ്പച്ചൻ...

കപ്പയരിഞ്ഞ് കൈ വേദനിച്ച നാളുകളാണ് തന്നെയൊരു കണ്ടുപിടിത്തക്കാരനാക്കിയതെന്ന് അപ്പച്ചൻ. ‘‘പത്തിരുപതു കൊല്ലം മുമ്പാണ്, അക്കാണുന്ന കൊല്ലംകുന്നിന്റെ ഉച്ചിയിലായിരുന്നു അന്നു വീടും കൃഷിയിടവും. ആകെയുള്ള മുക്കാലേക്കറോളം മുഴുവൻ അന്ന് കപ്പക്കൃഷിയാണ്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് കപ്പ പറിക്കലും അരിയലും വാട്ടലും പാറപ്പുറത്തു വിരിച്ചിട്ടുള്ള ഉണക്കലുമെല്ലാം. ഒറ്റയിരിപ്പ് ഇരുന്നരിയണം. കത്തിപിടിച്ച് കൈ വേദനിക്കും. കപ്പക്കൃഷിക്കാർക്കെല്ലാമുണ്ട് ഈ ബദ്ധപ്പാട്’’, അപ്പച്ചൻ എന്ന വിളിപ്പേരിൽ പരിചിതനായ പൂവത്തോട്ടത്തിൽ മാത്യു ഏബ്രഹാം അക്കാലം ഓർമിക്കുന്നു.

കഷ്ടപ്പാടില്ലാതെ കപ്പയരിയാൻ എന്തു മാർഗം എന്ന ചിന്ത ഇടുക്കി ജില്ലയിലെ മുട്ടം സ്വദേശിയായ ഈ മലയോര കർഷകനെ കർഷകശാസ്ത്രജ്ഞനാക്കി. കൈകൊണ്ട് പ്രവർത്തിപ്പിച്ച് അനായാസം അതിവേഗത്തിൽ നല്ല രൂപഭംഗിയിൽ, കനം ക്രമീകരിച്ച് കപ്പയരിയാവുന്ന യന്ത്രം ആദ്യം തീർത്തത് തടിയിൽ. യന്ത്രത്തിന്റെ ബ്ലെയ്ഡിനരികിലേക്ക് കപ്പ വച്ചു കൊടുക്കുമ്പോൾ അപകടമുണ്ടാവാൻ ഇ‍‍ടയുണ്ടെന്നു തോന്നിയപ്പോൾ യന്ത്രം പരിഷ്കരിച്ചു. കപ്പ സുരക്ഷിതമായി വച്ചു കൊടുക്കാൻ പിവിസി പൈപ്പുകൊണ്ട് പാത്തി ഘടിപ്പിച്ചു. യന്ത്രഭാഗങ്ങൾ ഗുണമേന്മയുള്ള ഇരുമ്പുതകിടിൽ തീർത്തു. അതോടെ യന്ത്രം കുട്ടികൾക്കുപോലും ഉപയോഗിക്കാവുന്നത്ര ലളിതം, സുരക്ഷിതം.

വായിക്കാം ഇ - കർഷകശ്രീ

പതിനഞ്ചു വർഷം മുമ്പു യന്ത്രവിൽപനയും തുടങ്ങി. ഇന്നു വില 3500 രൂപ. ഒരു യന്ത്രം നിർമിക്കാൻ മൂന്നു ദിവസം വേണം. ഇരുമ്പുതകിട് വെട്ടി രൂപപ്പെടുത്തുന്നത് ഉൾപ്പെടെയെല്ലാം കൈവേല തന്നെ. 1800 രൂപയോളം ചെലവു വരും. മൂന്നു ദിവസത്തെ പണിക്കൂലിയാണ് അപ്പച്ചനുള്ള ലാഭം. വർഷം അമ്പതിലേറെ യന്ത്രങ്ങള്‍ നിർമിച്ചു വിൽക്കുന്നു. വിറ്റതൊന്നും പരാതി പറഞ്ഞ് ആരും മടക്കിക്കൊണ്ടുവന്നിട്ടില്ല.

ചെറിയ സഞ്ചിയിലൊതുങ്ങും അപ്പച്ചന്റെ യന്ത്രം. ഇരുമ്പു തകിടിൽ തീർത്ത ഡിസ്ക്കാണ് മുഖ്യഭാഗം. തുല്യ അകലത്തിലായി മൂന്ന് ബ്ലെയ്ഡുകൾ. കറക്കാനായി ഡിസ്കിനൊരു കൈപ്പിടിയുമുണ്ട്. ഡിസ്കിനോടു ചേർന്ന് കപ്പ വച്ചു കൊടുക്കുന്ന പാത്തി. ചിരവപോലെ യന്ത്രം സൗകര്യപ്രദമായ സ്ഥലത്ത് ഘടിപ്പിച്ച ശേഷം അരികിലിരുന്നു കറക്കി കപ്പ അരിയാം.

കപ്പ കയ്യിലെടുത്ത് കത്തികൊണ്ട് ഒരു കഷണം അരിഞ്ഞു വീഴ്ത്തുന്ന നേരംകൊണ്ട് ഡിസ്ക് ഒരു വട്ടം കറങ്ങും. അരിഞ്ഞു വീഴുന്നത് മൂന്നു കഷണം. ഒരു സമയം മൂന്നുപേർ അരിയുന്ന വേഗം. കറക്കൽ വേഗം കൂട്ടിയാൽ ഒരു സമയം ഒമ്പതു പേര്‍ അരിയുന്ന പണി ലാഭം.

സീസണിൽ യന്ത്രവുമായി ആവശ്യക്കാരുടെ വീട്ടിലെത്തി ദിവസക്കൂലിക്ക് കപ്പയരിഞ്ഞു നൽകും. ദിവസം 32 ചെമ്പ് കപ്പയെങ്കിലും അരിയും. അതായത്, 3200 കിലോ. കൂലി 1000 രൂപ. മനുഷ്യപ്രയത്നമാണെങ്കിൽ പത്തുപേരുടെ പണിയാണ്.

ഫോൺ: 9961769860

കൊക്കോയ്ക്കു രോഗ, കീട നിയന്ത്രണം


diseases-of-cocoa
കറുത്ത കായ് രോഗം ബാധിച്ച കൊക്കോക്കായ്കൾ...

അണ്ണാൻ, വവ്വാൽ, എലി, മരപ്പട്ടി എന്നിവയാണ് കൊക്കോയ്ക്കു ശല്യക്കാർ. ഇവയുടെ ശല്യം തുടങ്ങുന്നതു കായ്കൾ വിളയുന്നതോടെയാണ്. വിളഞ്ഞ കായ്കൾക്കുള്ളിലെ കുരുക്കളെ പൊതിഞ്ഞുള്ള മാംസളഭാഗം തിന്നാനാണ് ഇവയെത്തുന്നത്. ഇവ കായ തുരക്കുന്നതും മാംസളഭാഗം തിന്നുന്നതും തടയാൻ ദ്വാരങ്ങളിട്ട പോളിത്തീൻ കൂടുകൾകൊണ്ടു കായ്കളെ പൊതിഞ്ഞു നിർത്തുന്നതു നന്ന്. ചിലർ ഈ കവറിനു പുറത്ത് ബിറ്റുമിൻ– മണ്ണെണ്ണ മിശ്രിതം പുരട്ടാറുണ്ട്. എലി, അണ്ണാൻ, മരപ്പട്ടി എന്നിവയെ എലിവില്ല്, എലിവിഷം തുടങ്ങിയവകൊണ്ടു നിയന്ത്രിക്കാം.

തടിതുരപ്പനാണ് ശല്യം ചെയ്യുന്ന പ്രധാന കീടം. ഇവ തടി തുരന്നു കയറുന്നതുമൂലം ചെടി ഉണങ്ങുന്നു. ഇങ്ങനെ ഉണങ്ങിയ ഭാഗങ്ങൾ മുറിച്ചെടുത്തു ചുട്ടുകളയണം. കായ്കൾ, ഇളം ശിഖരങ്ങൾ എന്നിവിടങ്ങളിൽ മീലിമൂട്ട ആക്രമണം ഉണ്ടാകും. ഇതിനെ നിയന്ത്രിക്കാൻ 0.05 ശതമാനം വീര്യത്തിൽ തയാറാക്ക‍ിയ ക്വിനാൽഫോസ് തളിച്ചാൽ മതി.

രോഗങ്ങൾ

ചെറുതൈവാട്ടം, ഇലപ്പുള്ളി, കറുത്തകായ്, കായ്ചീയൽ, ഫൈറ്റോഫ്തീറ വാട്ടം, പിങ്കുരോഗം, വാസ്കുലാർ സ്ട്രീക് ഡൈബാക് എന്നിവയാണ് പ്രധാന രോഗങ്ങൾ.

ചെറുതൈവാട്ടം (ബ്ളൈറ്റ്‍രോഗം): ചെറുതൈകൾ, ബഡ് ചെയ്ത ചെടികൾ എന്നിവയുടെ ഇലകളിൽ രോഗം പ്രത്യക്ഷപ്പെടുന്നത് തവിട്ടുനിറത്തിലുള്ള പാടുകളായാണ്. ക്രമേണ ഈ പാടുകൾ എല്ലാം കൂടിച്ചേർന്ന് ഇല മൊത്തം പൊള്ളലേറ്റു കരിയുന്നു. ഇവ കൊഴിഞ്ഞു വീഴാതെ ചെടിയിൽ നിൽക്കും.

വായിക്കാം ഇ - കർഷകശ്രീ

വാ‌ടിയ തൈകൾ അപ്പപ്പോൾ നശിപ്പിക്കുക. നഴ്സറിയിൽ കൂടുതൽ തണലോ, വെള്ളക്കെട്ടോ പാടില്ല. ബോർ‍ഡോ മിശ്രിതം ഒരു ശതമാനം അല്ലെങ്കിൽ ചെമ്പു കലർന്ന കുമിൾനാശിനി തളിച്ചു രോഗം നിയന്ത്രിക്കാം.

ഇലപ്പുള്ളി: മഴക്കാലത്താണ് കാണുക. ഇതൊഴിവാക്കാൻ കമ്പുകോതൽ ശരിയാംവിധം നടത്തി മരത്തിന്മേൽ വായുസഞ്ചാരം ഉറപ്പാക്കുക. എന്നിട്ടും രോഗം കണ്ടാൽ ബോർഡോ മിശ്രിതം ഒരു ശതമാനം അല്ലെങ്കിൽ ഫൈറ്റൊലാൻ എന്ന കുമിൾനാശിനി 6 മി.ലീ. ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കണം.

കറുത്ത കായ് രോഗം: ഫൈറ്റോഫ്തോറ പാമിവോറ എന്ന കുമിളാണ് രോഗഹേതു. രോഗംമൂലം കനത്ത വിളവുനഷ്ടം ഉണ്ടാകാം. ഇതു ചെടിയുടെ എല്ലാ ഭാഗങ്ങളെയും ബാധിക്കും. രോഗം ബാധിച്ച കായ്കൾ പൂർണമായും നശിക്കാം.

രോഗബാധ കുറയ്ക്കാൻ തോട്ടം വൃത്തിയായി നിലനിർത്തണം. നീർവാർച്ചാസൗകര്യം ഉണ്ടാകണം. കൃത്യതയോടെ ശിഖരം കോതി വെളിച്ചവും വായുവും ലഭ്യമാക്കണം. രോഗബാധിതഭാഗങ്ങൾ നീക്കി നശിപ്പിക്കണം. എലി, അണ്ണാൻ തുടങ്ങിയ ജീവികൾ കടിച്ച കായ്കൾ പെറുക്കിമാറ്റണം. ബോർഡോ മിശ്രിതം ഒരു ശതമാനം വീര്യത്തിൽ തയാറാക്കി തടിയിലും കായ്കളിലും മൂന്നാഴ്ച ഇടവിട്ടു തളിക്കണം.

വാസ്കുലാർ സ്ട്രീക് ഡൈബാക്: ഈ രോഗത്തിന്റെ ആദ്യലക്ഷണം ശാഖാഗ്രങ്ങൾക്കു താഴെയുള്ള ഒന്നോ രണ്ടോ ഇലകൾ മഞ്ഞളിക്കുന്നതാണ്. ഈ ലക്ഷണം ചെറിയ തൈകളിലോ വളർച്ച മന്ദഗതിയിലോ ആയ ചെ‌ടികളിലാണ് ആദ്യം കാണുക. അങ്ങിങ്ങായി കാണുന്ന പൊട്ടുകളായുള്ള രോഗലക്ഷണം ഇല മുഴുവൻ വ്യാപിച്ച് അതിനെ മഞ്ഞനിറത്തിലാക്കുന്നു. രോഗം ബാധിച്ച ഇലകൾ പിന്നീടു കൊഴിഞ്ഞു വീഴുന്നു. ഇതേ സ്ഥിതി രോഗബാധിതമാകുന്ന ഇലകൾക്കു തൊട്ടുതാഴെയും മുകളിലുമുള്ള ഇലകൾക്കും സംഭവിക്കുന്നു. ചില്ല മുഴുവൻ തന്നെ രോഗബാധയാൽ നശിക്കുന്നു.

ഇല കൊഴിഞ്ഞ ശേഷമുള്ള ഞെട്ടുഭാഗത്തു വെള്ളനിറത്തിൽ കുമിളുകൾ പറ്റിപ്പിടിച്ചിരിക്കുന്നതായും കാണാം. രോഗബാധയേറ്റ കമ്പുകൾ നെടുകെ ഛേദിച്ചാൽ തവിട്ടുനിറത്തിലുള്ള നീണ്ടു നേർത്ത വരകൾ കാണാം. ഇതു മതി രോഗ സ്ഥിരീകരണത്തിന്.

രോഗം ബാധിച്ച എല്ലാ ശിഖരങ്ങളും വെട്ടി നീക്കുക. രോഗലക്ഷണം താഴേക്ക് എവിടെ വരെ കാണുന്നുവോ അതിനു 30 സെ.മീ. താഴെവച്ചു വേണം മുറിക്കാൻ. ഇതു രോഗവ്യാപനം തടയും. രോഗത്തെ ചെറുക്കുന്ന ഇനങ്ങൾ തിരഞ്ഞെടുത്തു കൃഷി ചെയ്യുക.

പിങ്കുരോഗം: പിങ്കുനിറത്തിലുള്ള രോഗഹേതുക്കൾ കൊക്കോയുടെ കമ്പുകളിന്മേൽ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണുന്നതാണ് ലക്ഷണം. രോഗ‍ഹേതു കുമിൾ. ഈ കുമിളിന്റെ ശേഖരമാണു പി‍ങ്കു നിറത്തിൽ കാണപ്പെട്ടത്. ഇതിന്റെ ത്വരിതഗതിയിലുള്ള വളർച്ചയോടെ പച്ചയായിരുന്ന ശിഖരം കരിയുന്നു, ഇലകൾ കൊഴിഞ്ഞുപോകുന്നു. രോഗം സാധാരണയായി ചെടിയുടെ കവരം തിരിയുന്നിടത്തു മാത്രമായിരിക്കും. പുറംതൊലി പൊരിഞ്ഞിളകുകയും ചെയ്യുന്നു.

രോഗം ബാധിച്ചതും കരിഞ്ഞതുമായ എല്ലാ ഭാഗങ്ങളും മുറിച്ചുമാറ്റി, മുറിപ്പാടിൽ ബോർഡോ പേസ്റ്റ് പുരട്ടുക. ഈ പേസ്റ്റ് ചെടിയുടെ കവരങ്ങളിൽ പുരട്ടുക. പുറമേ കാലവർഷാരംഭത്തോടെ ബോർഡോ മിശ്രിതം തയാറാക്കി തളിക്കണം. തുടർന്നു രോഗാധിക്യത്തെ വിലയിരുത്തി രണ്ടു തവണകൂടി മരുന്നടിക്കേണ്ടിവരും.

 

തക്കാളിക്കു വിലയിടിഞ്ഞു; കർഷകർ പ്രതിസന്ധിയിൽ


palakkad-tomato
വേലന്താവളം മൊത്തവിപണിയിലെത്തിച്ച തക്കാളി വിൽപനയ്ക്കായി പെട്ടികളിൽ നിറയ്ക്കുന്നു....

തക്കാളിക്കു വിലയിടിഞ്ഞതോടെ വിളവെടുപ്പ് നടത്താതെ പാലക്കാട്ടെ കർഷകർ. മുടക്കുമുതൽ പോലും ലഭിക്കാതായതോടെ അടുത്ത കൃഷിയിറക്കൽ പ്രതിസന്ധിയിലാണ്.30 ടണ്ണിലധികം തക്കാളി എത്തിയിരുന്ന വേലന്താവളം മൊത്ത വിപണന കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം 20 ടണ്ണിൽ താഴെ മാത്രമാണ് എത്തിയത്. 15 കിലോ തൂക്കം വരുന്ന ഒരുപെട്ടി തക്കാളിക്കു കർഷകനു ലഭിച്ച വില 60 രൂപയാണ്. അതായത് ഒരു കിലോ തക്കാളിക്കു വെറും നാലു രൂപ മാത്രം. വിലയിടിഞ്ഞതുകൊണ്ടുതന്നെ ചെറുകിട കർഷകർ ചെടിയിൽ നിന്നും തക്കാളി പറിച്ചെടുക്കുന്നു പോലുമില്ല.

100 കിലോ തക്കാളി വിപണിയിലെത്തിച്ചാൽ കർഷകനു ലഭിക്കുന്നത് വെറും 400 രൂപയാണ്. ഈ തുക തക്കാളി പറിക്കുന്ന തൊഴിലാളികൾക്കുപോലും കൊടുക്കാൻ തികയുന്നില്ല.ഇതിനു പുറമെ വിപണിയിലെത്തിക്കാനുള്ള ചരക്കുകൂലി വേറെയും കാണണം. വിപണിയിലെത്തിക്കുന്ന പച്ചക്കറികൾ ലേലം വിളിച്ചെടുക്കാൻ കർഷകർക്കും കച്ചവടക്കാർക്കും ഇടയിൽ പ്രവർത്തിക്കുന്ന ഇടനിലക്കാർക്കും ഒരു വിഹിതം കൊടുക്കേണ്ടതുണ്ട്.കിഴക്കൻ പ്രദേശങ്ങളിൽ ഇത്തവണ മഴയും കുറവായതോടെ പച്ചക്കറിക്കൃഷി ഗണ്യമായി കുറഞ്ഞതായാണു കൃഷിഭവനുകളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

വരും വർഷങ്ങളിലും മഴയും കനാൽവെള്ളവും ലഭിക്കാത്ത അവസ്ഥ തുടർന്നാൽ കൃഷിഭൂമി തരിശിടേണ്ടിവരുമെന്നാണു കർഷകർ പറയുന്നത്. ഡ്രിപ്പിങ് സിസ്റ്റം പോലുള്ള നൂതന സംവിധാനത്തിലൂടെ വെള്ളവും വളവും പാഴാക്കാതെ കൃഷിചെയ്യുന്നതിനാലാണ് ഇപ്പോഴും കിഴക്കൻ പ്രദേശത്ത് പച്ചക്കറിക്കൃഷി തുടർന്നുകൊണ്ടുപോകാൻ സാധിക്കുന്നത്.

Thursday, 22 December 2016

നാടൻ പശുവും നാൽപത് ഉല്‍പന്നങ്ങളും


products-made-from-cow-urine-or-dung
നാടൻ പശുവിൽനിന്നുള്ള ഉൽപന്നങ്ങളുമായി ശിവപ്രസാദും ഗണപതിയും പ്രവീണും....

ഒന്നു കണക്കു കൂട്ടിക്കോളൂ. 60 ബോക്സുകൾ, ഓരോ ബോക്സിലും 24 കുപ്പികൾ, ഓരോ കുപ്പിയിലും 450 മി.ലീറ്റർ. ആകെ കുപ്പിയെത്ര, ആകെ ലീറ്ററെത്ര. ഉത്തരം നിസ്സാരം. 1440 കുപ്പികൾ, 648 ലീറ്റർ.

നിലവിൽ ഒരു മാസം മാ ഗോ പ്രോഡക്ട്സ് കമ്പനി (എംജിപി) യിൽനിന്നു കേരളം വാങ്ങിക്കുടിക്കുന്ന അർക്കിന്റെ അളവാണിത്. കുപ്പിവെള്ളത്തിന്റെയോ ശീതളപാനീയത്തിന്റെയോ അളവാണ് ഇതെങ്കിൽ തീർത്തും നിസ്സാരം തന്നെ. എന്നാലിത് സമീപകാലത്തു പ്രചാരം നേടിയ ഒരു പുത്തൻ ഔഷധത്തിന്റെ കണക്കാണ്. കച്ചവടം പച്ചപിടിച്ചു വരുന്നതേയുള്ളൂ. വരുംവർഷങ്ങളിൽ വിപണനം ഇതിന്റെ പലമടങ്ങായി വളരുമെന്നാണ് കമ്പനിയുടെ കേരളത്തിലെ മാർക്കറ്റിങ് മാനേജർ ഗണപതി പറയുന്നത്.

കേരളത്തിലെ ചില പ്രമുഖ സിനിമാതാരങ്ങളും ഗായകരുമൊക്കെ എംജിപിയിൽനിന്നു വാങ്ങി പതിവായി സേവിക്കുന്ന അർക്ക് എന്താണെന്നു പിടികിട്ടിയില്ല അല്ലേ? മറ്റൊന്നുമല്ല, സാക്ഷാൽ ഗോമൂത്രം തന്നെ.

വായിക്കാം ഇ - കർഷകശ്രീ

നാടൻ പശു അതികാലത്ത് എഴുന്നേറ്റ് ആദ്യമൊഴിക്കുന്ന മൂത്രം തൊഴുത്തിൽ വീഴാതെ പിന്നിൽ പാത്രം പിടിച്ച് ശേഖരിച്ച് പിന്നീടു വാറ്റിയെടുക്കുമ്പോൾ ലഭിക്കുന്ന ഔഷധപാനീയമാണ് അർക്ക്. വില 450 മി.ലീറ്ററിന് 90 രൂപ. രണ്ടു വട്ടം വാറ്റിയതിനാണ് ഈ വില. മൂന്നു വട്ടം വാറ്റി കൂടുതൽ ശുദ്ധി ചെയ്തതിനു വില ഇനിയും കൂടും.

‘‘അൽപം മണമൊക്കെ കാണും. എന്നാലും ആരോഗ്യത്തെ പ്രതി ദിവസവും രാവിലെ വെറുംവയറ്റിൽ അർക്കു കുടിക്കുന്നവരുടെ എണ്ണം കേരളത്തിലും വർധിക്കുകയാണെന്ന്’’ എംജിപി കേരള മേഖലയുടെ ചുമതലക്കാരിലൊരാളായ ശിവപ്രസാദ്.

പ്രമുഖ ഓൺലൈൻ‌ വ്യാപാരസ്ഥാപനമായ ബിഗ് ബാസ്കറ്റിൽ അർക്ക് മികച്ച പ്രതികരണം നേടുന്നത് നാഗരികർക്കും ഈ ആരോഗ്യപാനീയം രുചിക്കുന്നു എന്നതിന്റെ തെളിവു തന്നെ. അർക്ക് മാത്രമല്ല, പഞ്ചഗവ്യത്തിൽ പെടുന്ന പാല്, ചാണകം, മൂത്രം, നെയ്യ്, തൈര് എന്നിവകൊണ്ടുള്ള നാൽപതിലേറെ ഉൽപന്നങ്ങൾ എംജിപി കമ്പനി കേരളമടക്കം എട്ടു സംസ്ഥാനങ്ങളിലെ വിപണിയിലിറക്കുന്നുണ്ട്.

ഭാവിയിൽ പശുവിനെക്കുറിച്ച് പത്തു വാചകമെഴുതാൻ ക്ലാസിൽ കുട്ടികളോട് ആവശ്യപ്പെട്ടാൽ ‘പശു നമുക്ക് പാൽ, ചാണകം, മൂത്രം എന്നിവ തരുമെന്നു മാത്രമാവില്ല കുട്ടികളെഴുതുക. പശു നമുക്ക് കുളിക്കാൻ സോപ്പു തരും, പല്ലു തേയ്ക്കാൻ പൽപ്പൊടി തരും, പുകയ്ക്കാൻ ചന്ദനത്തിരിയും കൊതുകുതിരിയും തരും, മുട്ടുവേദനയ്ക്കു തടവാൻ തൈലം തരും, തലവേദനയ്ക്കു പുരട്ടാൻ ബാം തരും, തറ വൃത്തിയാക്കാനുള്ള ലായനി തരും’ എന്നെല്ലാം എഴുതിക്കൂട്ടുമെന്നു തീർച്ച.

ഇന്ത്യയിൽ ഒട്ടേറെ സംരംഭകരും സാമൂഹിക പ്രസ്ഥാനങ്ങളും ഇന്ന് നാടൻ പശുവിൽനിന്നുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്. നാടൻ പശുക്കളെ, കാർഷികാവശ്യങ്ങൾക്കപ്പുറം പ്രയോജനപ്പെടുത്താൻ പക്ഷേ കേരളം ഇനിയും ശ്രമിച്ചിട്ടില്ല. എന്നാൽ ആരോഗ്യ, സൗന്ദര്യ സംരക്ഷണത്തിൽ ജൈവോൽപന്നങ്ങളുടെ സാധ്യതകൾ കണ്ടെത്തി പ്രയോജനപ്പെടുത്തുകയാണ് എംജിപി ഉൾപ്പെടെയുള്ള ഒട്ടേറെ കമ്പനികൾ.

സൗന്ദര്യവർധക ഉൽപന്നങ്ങളിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ ഇന്ത്യൻ കമ്പനി ഇമാമി ഇന്ത്യാ ലിമിറ്റഡിന്റെ സ്ഥാപകരിലൊരാളായ രാധെ ശ്യാം ഗോയങ്ക ഉൾപ്പെടെയുള്ള പ്രമുഖരാണ് എംജിപിയുടെ നേതൃനിരയിലുള്ളതെന്ന് അറിയുക. നാടൻ പശുവിനെ ചുറ്റിപ്പറ്റിയുള്ള കമ്പനിയുടെ കണക്കുകൂട്ടലുകൾ ചെറുതല്ല എന്നു സാരം. ചന്ദനത്തിരിപോലുള്ള എംജിപി ഉൽപന്നങ്ങളുടെ പായ്ക്കിങ് ഡിസൈന്‍ ചെയ്യുന്നതും കൂടുതൽ ഉൽപന്നങ്ങൾക്കായി ഗവേഷണങ്ങൾ നടക്കുന്നതും ഇമാമിയുടെ ലബോറട്ടറിയിലാണ്.

നാടൻ പശുവിൽനിന്നുള്ള ഉൽപന്നങ്ങളുമായി വിപണിയിൽ മൽസരിക്കാൻ സംരംഭകര്‍ പലരുണ്ടെങ്കിലും എംജിപിയെ വ്യത്യസ്തമാക്കുന്നത് അന്യം നിൽക്കുന്ന നാടൻ പശു ജനുസുകളെ സംരക്ഷിക്കുകയെന്ന ദൗത്യമാണ്.

കർണാടകയിലെ ഷിമോഗ ജില്ലയിൽ ഹൊസനഗരത്തിലുള്ള രാമചന്ദ്രാപുരമഠത്തിൽ മഠാധിപതിയായ ശ്രീ ശ്രീ രാഘവേശ്വരഭാരതി മഹാസ്വാമികളുടെ നേതൃത്വത്തിൽ നാടൻ പശുക്കളുടെ സംരക്ഷണവും പാലിനും ചാണകത്തിനും മൂത്രത്തിനുമെല്ലാമുള്ള ഔഷധഗുണങ്ങൾ പ്രയോജനപ്പെടുത്തി ഗവ്യോൽപന്ന നിർമാണവും വർഷങ്ങളായി നടക്കുന്നുണ്ട്. മഠത്തിന്റെ ഭാഗമായുള്ള അമൃതധാരാ ഗോശാലയിൽ ഇന്ത്യയിൽ ശേഷിക്കുന്ന മുപ്പത്തിമൂന്ന് നാടൻ പശു ഇനങ്ങളെല്ലാം തന്നെ സംരക്ഷിക്കപ്പെടുന്നു. ഉൽപന്നങ്ങൾ കൂടുതൽ ജനകീയമാക്കാനും വിപണി നേടാനുമായാണ് സ്വാമികളുടെ ശിഷ്യർ ചേർന്ന് മാ ഗോ ഫൗണ്ടേഷനു കീഴിൽ 2011 ൽ മാ ഗോ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കു തുടക്കമിട്ടത്. ബെംഗളൂരുവിലെ യശ്വന്ത്പുരയിലാണ് കമ്പനിയുടെ ആസ്ഥാനം.

മാ ഗോ ഫൗണ്ടേഷനു കേരളത്തിലുൾപ്പെടെ പല സംസ്ഥാനങ്ങളിലായി ഒട്ടേറെ ഗോശാലകളുണ്ട്. ഓരോ ഗോശാലയിലും അതത് പ്രദേശത്തെ നാടൻ ഇനങ്ങളെയാണ് സംരക്ഷിക്കുന്നത്. കാസർകോട് പെർളയ്ക്കടുത്ത് ബജകൂഡ്‌ലുവിലെ ഗോശാലയിലുള്ളത് എഴുപതിലേറെ കാസർകോട് കുള്ളൻ പശുക്കൾ. ചാണകം, ഗോമൂത്രം എന്നിവയിൽനിന്നുള്ള ഉൽപന്നങ്ങളാണ് ഇവിടെ മുഖ്യമായും നിർമിക്കുന്നത്. കാസർ‌കോട് പെരിയയിലാണ് കമ്പനിയുടെ കേരളത്തിലെ സോണൽ ഓഫിസ്. നാടൻ പശുവില്‍നിന്നുള്ള ഔഷധോൽപന്നങ്ങൾ ഉപയോഗിച്ചുള്ള ആയുർവേദ പഞ്ചഗവ്യ ചികിൽസയും ഇവിടെ നടക്കുന്നു. ബെംഗളൂരു നഗരത്തിൽ മാത്രം നൂറ്റിമൂന്ന് വിതരണക്കാരാണ് കമ്പനിക്കുള്ളത്. കേരളത്തിലും വിതരണക്കാരുടെയും ഉപഭോക്താക്കളുടെയും എണ്ണം വർധിച്ചുവരുന്നതിനാൽ വിപണിയിൽ വന്‍ പ്രതീക്ഷകളുണ്ടെന്ന് ശിവപ്രസാദ്.

ഫോണ്‍ (ശിവപ്രസാദ്): 9745866130

അടുക്കളത്തോട്ടം: ചെറിയ ഉള്ളി ഇനി വീട്ടുമുറ്റത്ത്


shallot-small-onion

ചെറിയ ഉള്ളി അടുക്കളത്തോട്ടത്തിൽ വളരും. നാം വാങ്ങുന്ന ചെറിയ ഉള്ളിയുടെ പുറംതൊലി കളഞ്ഞ് ചാണകപ്പൊടി നന്നായി ചേർത്ത മണ്ണിൽ കുഴിച്ചിട്ടാൽ, രണ്ടുമാസം കഴിയുമ്പോൾ നമ്മുടെ വീട്ടാവശ്യത്തിനുള്ള ചെറിയ ഉള്ളി നമുക്ക‍ുകിട്ടും. മാത്രമല്ല, ഉള്ളിത്തണ്ട് തോരനായി കറിവയ്ക്കുകയുമാവാം.

കാബേജ്, കോളിഫ്ളവർ, തക്കാളി, വഴുതനങ്ങ, മുളക് എന്നിവയുടെ ഒരു മാസം പ്രായമായ തൈകൾ കാർഷിക സർവകലാശാലാ ഫാമുകൾ, പിഎഫ്പിസികെ കേന്ദ്രങ്ങൾ, കൃഷിഭവനുകൾ എന്നിവിടങ്ങളിൽനിന്നു കിട്ടും. ആ തൈകൾ 45 സെ.മീ അകലത്തിൽ പാകണം. കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, പാലക്, മല്ലി എന്നിവയുടെ വിത്തുകളാണു നടേണ്ടത്. മല്ലിവിത്തുകൾ പൊട്ടിച്ചശേഷം വേണം പാകാൻ. വെണ്ട, പയർ, വെള്ളരി, മഞ്ഞൾ, കുമ്പളം എന്നിവയുടെ വിത്തുകൾ നാലുമണിക്കൂർ വെള്ളത്തിലിട്ടശേഷമേ നടാവൂ.

കഞ്ഞിവെള്ളം ചെടിക്ക് വേണം

അടുക്കളയിലെ കഞ്ഞിവെള്ളം പാഴാക്കി കളയാതെ എടുത്തുവയ്ക്കുകയും രണ്ടുദിവസം കൂടുമ്പോൾ തോട്ടത്തിലെ ചെടികളിൽ തളിക്കുകയും വേണം. വരൾച്ച മൂലമുള്ള ജലദൗർലഭ്യം പരിഹരിക്കാൻ ഇതു സഹായകമാകും. അതിൽ ഒരുപിടി ചാരംകൂടി ചേർത്തു തളിച്ചാൽ കീടബാധയും തടയാം.

ശീതകാല വിള കൃഷിയിറക്കാം

മഞ്ഞുതുള്ളികൾ തളിരിടുന്ന പ്രഭാതം. താരതമ്യേന ചൂടുകുറഞ്ഞ പകലുകൾ. ശീതകാല വിളകൾ കൃഷിയിറക്കാൻ ഏറ്റവും അനുയോജ്യമായ കാലമാണിത്. കാബേജ്, കോളിഫ്ളവർ, കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, പാലക്, മല്ലിയില, ചെറിയ ഉള്ളി തുടങ്ങിയ ശീതകാല വിളകൾക്കുകൂടി വീട്ടുമുറ്റത്ത് ഇടം നൽകാം. ഇവയോടൊപ്പം തന്നെ നമ്മുടെ തനതു ചീരയിനങ്ങൾ, വെണ്ട, പയർ, തക്കാളി, മുളക്, വഴുതന, വെള്ളരി, മഞ്ഞൾ, കുമ്പളം തുടങ്ങിയ നാടൻ ഇനങ്ങൾ കൂടി വീട്ടുമുറ്റത്തു ന
ടാം

കൃഷിപാഠം: വെണ്ട കൃഷി എങ്ങനെ?


vegetable-okra-ladies-finger

നാലില പ്രായത്തിൽ വെണ്ടച്ചെടികൾ പറിച്ചുനടണം. വീട്ടുവളപ്പിലോ, ഗ്രോബാഗുകളിലോ, ടെറസിലെ ചെടിച്ചട്ടികളിലോ വിത്തു മുളപ്പിക്കാം. പറിച്ചുനടുമ്പോൾ നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കണം. നീർവാർച്ചയുള്ള മണ്ണും നനസൗകര്യവും പ്രധാനമാണ്.

നിലത്തു നടുകയാണെങ്കിൽ ചെടികൾ തമ്മിൽ 40–45 സെ മീറ്ററും വരികൾ തമ്മിൽ 60 സെ മീറ്ററും അകലം നൽകി നടണം. കേരളത്തിലെ മണ്ണിൽ അമ്ലതയേറിയതിനാൽ നടുന്ന സ്ഥലത്തെ മണ്ണിൽ 10 ദിവസത്തിനുമുൻപ് സെന്റ് ഒന്നിന് രണ്ടു കിലോഗ്രാം കുമ്മായം / ഡോളോമൈറ്റ് ചേർക്കണം. ഗ്രോബാഗുകളിലോ ചെടിച്ചട്ടിയിലോ കൃഷി ചെയ്യുകയാണെങ്കിൽ 10 ഗ്രാം കുമ്മായം വെള്ളത്തിൽ കലക്കി മണ്ണിൽ ഒഴിച്ചുകൊടുക്കുന്നതു നല്ലതാണ്.

വെണ്ടച്ചെടിക്ക് എല്ലുപൊടിയാകാം

വിത്തു മുളച്ച് നാലാഴ്ചയ്ക്കുശേഷം 5–10 ഗ്രാം എല്ലുപൊടി തടത്തിൽ ചേർത്താൽ വെണ്ടച്ചെടികൾ കരുത്തോടെ വളരും. ജൈവവളങ്ങൾ 10 ദിവസം കൂടുമ്പോൾ മാറി മാറി ഇടന്നതു നല്ലതാണ്. വിത്തു നട്ട് 50 ദിവസമാകുന്നതോടെ വെണ്ടച്ചെടി പൂവിട്ട് കായ്ച്ചു തുടങ്ങും.

വാഴ നടാൻ നല്ലത് തൊഴുത്തിനു പിന്നിൽ

കാലിത്തൊഴുത്തിനു പിന്നിൽ വാഴ നട്ടു നോക്കൂ. ഏതിനം വാഴയും സമൃദ്ധമായി വളരും. തൊഴുത്തിൽ നിന്നൊഴുകുന്ന ചാണകവും മറ്റും കലർന്ന വെള്ളത്തേക്കാൾ മുന്തിയ വെള്ളം വാഴയ്ക്കു വേറെയില്ലല്ലോ.

കൃഷിയിലെ പൈതൃകം


tribal-farming
നെൽകൃഷിയുടെ വിളവെടുപ്പ്...

കൃഷിയുമായി ബന്ധപ്പെട്ട പൈതൃക വിജ്ഞാനത്തിന്റെ കാവൽക്കാരാണ് പല ആദിവാസി വിഭാഗങ്ങളും. വയനാട്ടിലെ കുറിച്യ, കുറുമ സമുദായങ്ങൾ ഒട്ടേറെ നാടൻ നെല്ലുകൾ കൃഷിചെയ്തു സംരക്ഷിക്കുന്നുണ്ട്. രുചിയിലും മൂപ്പിലും ഉപയോഗത്തിലുമൊക്കെ വ്യത്യസ്തത പുലർത്തുന്നവയാണ് ഈയിനങ്ങൾ. ചെന്നെല്ലു പോലുള്ള ഔഷധ നെല്ലിനങ്ങളും ഗന്ധകശാലപോലുള്ള സുഗന്ധ നെല്ലുകളും ഇവർ കൃഷി ചെയ്യുന്നു. വിത്തു സംഭരിക്കും മുമ്പു മഞ്ഞും വെയിലും കൊള്ളിച്ചശേഷം വൈക്കോലും ഈറ നെടുകെ കീറിയതും ഉപയോഗിച്ചുണ്ടാക്കുന്ന ‘മൂട’യ്ക്കുള്ളിൽ ഇട്ടുവയ്ക്കും.

വിത്തിന്മേൽ കീടങ്ങളുടെ ആക്രണം തടയാനും അതിലെ ഈർപ്പാംശം നിലനിർത്താനും ‘മൂടകെട്ടൽ’ എന്ന ഈ പ്രയോഗം ഉത്തമമാണ്. കീടങ്ങളെ അകറ്റാൻ ഇരുള, കുറുമ്പ, മുള്ള കുറുമ തുടങ്ങിയ ആദിവാസികൾ ചാരം, മണൽ, ചാണകത്തിൽനിന്നുണ്ടാക്കുന്ന ഭസ്മം, ആട്ടിൻമൂത്രം, ആട്ടിൻകാഷ്ഠം, ചാണകം, കൂവരകിന്റെ ഉമി, മൽസ്യം, കുമ്മായം എന്നിവ പ്രയോഗിക്കുന്നുണ്ട്. ഇവർ ഉപയോഗിക്കുന്ന സസ്യജന്യ കീടനാശിനികളിൽ മുളക്, വേപ്പിൻകുരു എന്നിവയുടെ പൊടി, ഉലട്ടിപ്പന, തൊണ്ടി, പൊങ്ങ്, എരുക്ക് എന്നിവയുടെ ഇല, കരുവേലം, പനിവരക് എന്നിവ സമൂലം പൊടിച്ചത്, വയമ്പിന്റെ കിഴങ്ങ് പൊടിച്ചത്, ഈന്തിന്റെ പൂവ് തുടങ്ങിയവ ഉൾപ്പെടുന്നു. കുറിച്യർ പുഴുക്കളെ അകറ്റാൻ വയലിൽ കർപ്പൂരതുളസിയുടെ ശിഖരം നാട്ടിവയ്ക്കുന്നു. ഇരുളർ പലയിനം ചെറുധാന്യങ്ങൾ (millets) ഒരുമിച്ചു വിതയ്ക്കുന്ന സമ്മിശ്ര കൃഷിമുറ അനുവർത്തിക്കുന്നുണ്ട്.

കുരുമുളകിന് അന്തകരായി മഴക്കുറവും കൊടുംചൂടും


Pepper

മഴയെ ആശ്രയിച്ചുള്ള കൃഷിയായതിനാൽ ഈ വർഷത്തെ മഴക്കുറവും വർധിച്ചു വരുന്ന താപനിലയുമൊക്കെ കുരുമുളകിനെ സാരമായി ബാധിക്കാൻ സാധ്യതയേറെയാണെന്നു കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം. കേരളം, കർണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിൽ പലയിടത്തും ഇപ്പോൾ കൊടികൾക്കു മഞ്ഞളിപ്പും വാട്ടവും കണ്ടുവരുന്നു. ഇതു ദ്രുതവാട്ടമോ സാവധാനവാട്ടമോ അല്ല, മണ്ണിലെ ഈർപ്പത്തിന്റെ അഭാവം മൂലമാണ്.

ഒരു ദീർഘകാല വിളയായ കുരുമുളകിന്റെ വേരുപടലം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നതു മണ്ണിന്റെ മേൽത്തട്ടിലാണ് (60 സെമീ ചുറ്റളവിൽ). അതുകൊണ്ടുതന്നെ മണ്ണിലെ ജലനിരപ്പ് അതിവേഗം താഴ്ന്നതിനാൽ കൊടികൾക്കു ലഭ്യമാകുന്ന ജലാംശത്തിൽ ഈ വർഷം ഗണ്യമായ കുറവു വന്നിട്ടുണ്ട്. മണ്ണിന്റെ ഘടന, തോട്ടത്തിലെ തണൽ എന്നിങ്ങനെ അതതു സ്ഥലത്തിന്റെ പ്രത്യേകതകൾ ജലലഭ്യതയിൽ സാരമായ വ്യതിയാനങ്ങൾ സൃഷ്ടിക്കാം.

ഈ വർഷം പൊതുവെ നല്ല വിളവുള്ളതിനാൽ കൊടികൾക്കുണ്ടാകുന്ന ജലദൗർലഭ്യത്തിന്റെ ആഘാതം കൂടുതലായിരിക്കും. വരും മാസങ്ങളിൽ അന്തരീക്ഷത്തിലെ താപനില ഏറുന്നതോടെ പ്രശ്നം ഗുരുതരമാകാം. ഏകദേശം 34% കുറവാണ് ഈ വർഷം കേരളത്തിൽ മൺസൂൺ ലഭ്യതയിലുണ്ടായിരിക്കുന്നത്. തുലാവർഷത്തിൽ 62 ശതമാനവും. കാലാവസ്ഥാ വ്യതിയാനങ്ങളോട് അതിവേഗം പ്രതികരിക്കുന്ന കുരുമുളക് പോലെയുള്ള വിളകളിൽ ജലദൗർലഭ്യത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണു മഞ്ഞളിപ്പും വാട്ടവും.

ഇത്തരം ലക്ഷണങ്ങൾ തോട്ടങ്ങളിൽ കാണുന്നുണ്ടെങ്കിൽ കർഷകർ അടുത്തുള്ള കൃഷിവിജ്ഞാന കേന്ദ്രങ്ങളെയോ ഗവേഷണശാലകളെയോ കൃഷിഭവനുകളെയോ അടിയന്തരമായി ബന്ധപ്പെടുകയും ആവശ്യമായ ജലസംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യണം. മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ കൊടികളുടെ ചുവട്ടിൽ പുതയിടുക, ഓലയോ ഷെഡ്‌നെറ്റോ ഉപയോഗിച്ചു കൊടികൾക്കു സംരക്ഷണമൊരുക്കുക, കൊടികളിൽ രണ്ടു ശതമാനം ചുണ്ണാമ്പു ലായനി തളിക്കുക തുടങ്ങിയവ ചെയ്യാം.

ജലലഭ്യതയുള്ളയിടങ്ങളിൽ പത്തോ പതിനഞ്ചോ ദിവസങ്ങൾ കൂടുമ്പോൾ കൊടിയൊന്നിനു 10 മുതൽ 15 ലീറ്റർ എന്ന തോതിൽ ജലസേചനം നടത്തുക. ജലദൗർലഭ്യമുള്ള സ്ഥലങ്ങളിൽ കൊടിയുടെ ചുവട്ടിൽ മൺകലങ്ങളോ കുപ്പികളോ സ്ഥാപിച്ചു ജലസേചനമൊരുക്കാം.

കൊടുംവരൾച്ച അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ വിളവെടുപ്പ് അൽപം നേരത്തേയാക്കിയാൽ കൊടികളുടെ നാശം തടയാൻ കഴിയും. എന്തായാലും മഞ്ഞളിപ്പും വാട്ടവും പരിഹരിക്കാൻ കീടനാശിനികൾ പ്രയോഗിക്കുന്നതിനു മുൻപു വിദഗ്ധോപദേശം തേടണമെന്നും ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു
.

Wednesday, 21 December 2016

ആഹ്ലാദം ആരോഗ്യം


ഷൈജു ജോസഫ് കാനാട്ട്...

ലാൻഡ്സ്കേപ്പിങ്ങിൽ ഒട്ടേറെ പുതുമകൾ ഉണ്ടാകുന്നുവെങ്കിലും പുൽത്തകിടി എന്നും മലയാളിക്ക് ഏറെ പ്രിയമെന്ന് മലബാറിൽ ഒട്ടേറെ ഗൃഹോദ്യാനങ്ങൾ രൂപകൽപന ചെയ്യുകയും നിർമിക്കുകയും ചെയ്തിട്ടുള്ള കണ്ണൂർ തളിപ്പറമ്പ് കരിമ്പം സ്വദേശി ഷൈജു ജോസഫ് കാനാട്ട്.

‘‘കണ്ണിനു കുളിർമ നൽകുന്ന പച്ചപ്പും നല്ല വായുലഭ്യതയുമുള്ള തുറസ്സായ സ്ഥലത്തു ചെല്ലുമ്പോള്‍ മനസ്സിന് ഉന്മേഷം തോന്നുക സ്വാഭാവികം. രക്തസമ്മർദവും മാനസിക പിരിമുറുക്കവും കുറയ്ക്കാൻ പുൽത്തകിടി ഉപകരിക്കും. ചെലവ് അൽപം കൂടുമെങ്കിലും ബെംഗളൂരു പുൽത്തകിടിക്കാണ് ആവശ്യക്കാർ കൂടുതൽ. എന്നാൽ ശ്രദ്ധയോടെ ലാൻഡ്സ്കേപ് ചെയ്തുവേണം ഇതു വിരിക്കാൻ. വെള്ളം കെട്ടിക്കിടക്കുന്നതോ കുത്തിയൊലിച്ചു പോകുന്നതോ ആയ സാഹചര്യം അരുത്. പുൽത്തകിടിയെ തഴുകി ജലം മണ്ണിലേക്കു സാവധാനം വാർന്നിറങ്ങുന്ന നിർമാണശൈലിയാണ് നമ്മുടെ കാലാവസ്ഥയ്ക്കു നല്ലത്.’’

വായിക്കാം ഇ - കർഷകശ്രീ

കൂടുതൽ പരിപാലനം ആവശ്യമുള്ള ഒന്നാണ് പുൽത്തകിടി. കളയും കുമിളുമെല്ലാം ശല്യമാകും. എന്നാൽ പച്ചക്കറിക്കൃഷിയിലെ ജൈവ പ്രതിരോധങ്ങൾ പലതും ഇവിടെയും ഫലിക്കുമെന്നു ഷൈജു പറയുന്നു.

‘‘റോക്ക് ഗാർഡനും റൂഫ് ഗാർഡനും ജലധാരയ്ക്കുമെല്ലാം ഇപ്പോഴും ആരാധകരുണ്ടെങ്കിലും ആഹ്ലാദത്തിനൊപ്പം ആരോഗ്യം കൂടി ലക്ഷ്യമിട്ടുള്ള പൂന്തോട്ടത്തോടാണ് ഇന്നു പൊതുവേ താൽപര്യം. അതിനാൽ പച്ചക്കറികൾക്കും ഫലവൃക്ഷങ്ങൾക്കും ഉദ്യാനത്തിൽ മുന്തിയ പരിഗണനയുണ്ട്. അന്തരീക്ഷം ശുദ്ധമാക്കുന്ന സാൻസിവേരിയ, ഫൈക്കസ്, ചിലയിനം ഫേണുകൾ, യെല്ലോ പാം തുടങ്ങിയ അകത്തള സസ്യങ്ങളെക്കുറിച്ചും ക്ഷുദ്രജീവികളെ അകറ്റാൻ കഴിവുള്ള ഗോൾഡൻ ബോട്ടിൽ ബ്രഷ്, ലെമൺ ഗ്രാസ് എന്നിവയെക്കുറിച്ചും ഇന്നു പലർക്കും അറിയാം. ഉദ്യാനനിർമാണത്തിനുമുമ്പ് വീട്ടുകാരുമായി ചർച്ച ചെയ്ത് ഡിസൈനും ചെടികളുമെല്ലാം നിർണയിക്കുന്നത് ഉടമയ്ക്ക് ഉദ്യാനത്തോടുള്ള താൽപര്യം നിലനിർത്താൻ സഹായിക്കും.’’

ഫോൺ: 9847834588, facebook: shyjugreenland landscap
e

പുരയിടക്കൃഷിയുടെ മാതൃകാത്തോട്ടങ്ങൾ


vegetable-harvest-by-indira
ഇന്ദിര പച്ചക്കറി വിളവെടുക്കുന്നു...

വീട്ട‍ുവളപ്പിലും മ‌ട്ടുപ്പാവിലും പച്ചക്കറിത്തോട്ടമടക്കമുള്ള പുരയിടക്കൃഷിക്കു കൊല്ലം ജില്ലയിൽ ഉണർവ്. കൊട്ടാരക്കര സദാനന്ദപുരത്തെ കൃഷിസമ്പ്രദായ ഗവേഷണകേന്ദ്രം നടപ്പാക്കിയ 'പുരയിടക്കൃഷിയുടെ മാതൃകാത്തോട്ടങ്ങൾ' എന്ന പദ്ധതിയാണ് സുരക്ഷിതവും സുസ്ഥിരവുമായ ഭക്ഷ്യോൽപാദനത്തിനു വഴിതെളിക്കുന്നത്. വിളകളും കന്നുകാലിവളർത്തലും പരസ്പരം താങ്ങാകുന്ന ബഹുവിള, സമ്മിശ്രക്കൃഷിയാണ് ഈ മാതൃകാത്തോട്ടങ്ങളുടെ മുഖമുദ്ര. കേന്ദ്രം മേധാവി പ്രഫ:എസ്. റജീനയാണ് പദ്ധതി ആസൂത്രണം ചെയ്തതും നേതൃത്വം നൽകിയതും.

വായിക്കാം ഇ - കർഷകശ്രീ

കൃഷിയിൽ സാങ്കേതിക പിന്തുണയ്ക്കൊപ്പം ചെലവു കുറഞ്ഞ തുള്ളിനന സംവിധാനം, മഴമറ, ജൈവ, ജീവാണുവളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവയും ലഭ്യമാക്കിക്കൊണ്ടാണ് സദാനന്ദപുരത്തെ കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രം കർഷകരെ ഈ പദ്ധതിയിലേക്ക് ആകർഷിച്ചത്. പെരിനാട് പഞ്ചായത്തിൽ നെല്ലും കിഴങ്ങുവർഗങ്ങളും മാത്രം പതിവായി കൃഷി ചെയ്തുവന്നിരുന്ന ചന്ദ്രശേഖരപിള്ള പച്ചക്കറിക്കൃഷി കൂടി ആരംഭിച്ചത് ചെലവു കുറഞ്ഞ തുള്ളിനന സംവിധാനമൊരുക്കിയതിനെത്തുടർന്നാണ്. മഴവെള്ള സംഭരണിയിൽ നിന്നു ഡ്രിപ്ടേപ്പുകളിലേക്ക് ഒഴുകുന്ന ഈ സംവിധാനത്തിൽ മോട്ടോർ പമ്പിന്റെ ആവശ്യമില്ല. 100 ചതുരശ്രമീറ്റർ സ്ഥലത്തു നനസൗകര്യമൊരുക്കാനുള്ള കിറ്റിന് ചെലവായത് 840 രൂപ മാത്രം. ടെറസിൽ 120 ഗ്രോ ബാഗുകളിലായാണ് പച്ചക്കറിക്കൃഷി. പാവൽ, വെണ്ട, പടവലം, പയർ, മുളക് എന്നിവയാണ് പ്രധാന വിളകൾ. മിനിസെറ്റ് രീതിയിൽ ചേനയും ഗ്രോബാഗിൽ വളർത്തുന്നു. (ചേനയുടെ ചെറിയ കഷണങ്ങൾ വിത്തായി ഉപയോഗിക്കുന്ന രീതിയാണ് മിനിസെറ്റ്). തമിഴ്നാട് കാർഷിക സർവകലാശാലയിൽനിന്നുള്ള നുട്രിയന്റ് പെല്ലറ്റുകൾ ഗ്രോബാഗുകളിൽ വളമായി പരീക്ഷിച്ചുവരുന്നു.

chacko-lukose-and-family-in-kitchen-garden
ചാക്കോ ലൂക്കോസും കുടുംബവും കൃഷിയിടത്തിൽ...

വീട്ടാവശ്യത്തിനുള്ള ഭക്ഷ്യവിളകളെല്ലാംതന്നെ നിലവും പറമ്പും ഉൾപ്പെടെ രണ്ടേക്കറോളം വരുന്ന കൃഷിയിടത്തിലുണ്ട്. ഇവയിൽ നെല്ലും വാഴയും കിഴങ്ങുവർഗങ്ങളും വാണിജ്യാടിസ്ഥാനത്തിലും കൃഷി ചെയ്യുന്നുണ്ട്. പശുവളർത്തലുള്ളതിനാൽ പാൽ വാങ്ങേണ്ടതില്ല. ചാണകം കൃഷിക്കു വളമായും ബയോഗ്യാസ് ഉൽപാദനത്തിനും പ്രയോജനപ്പെടുത്തുന്നു. രോഗ, കീട ബാധകൾക്കെതിരെ മുമ്പ് രാസ ഉപാധികൾ പ്രയോഗിച്ചിരുന്നുവെന്നു ചന്ദ്രശേഖരൻ നായർ. ഇപ്പോൾ സദാനന്ദപുരം കേന്ദ്രത്തിൽനിന്നു ലഭിക്കുന്ന സ്യൂഡോമോണാസ്, പിജിപിആർ, വേപ്പു–സോപ്പു ലായനി, മത്തി–ശർക്കര മിശ്രിതം, കെണികൾ എന്നിവയാണ് ഉപയോഗിക്കുന്നത്.

terrace-growbag-farming
മട്ടുപ്പാവിൽ ഗ്രോബാഗ് കൃഷി...

മഴമറക്കൃഷിയും വെർട്ടിക്കൽ ഫാമിങ്ങും വഴി പ്രതികൂല കാലാവസ്ഥയെയും സ്ഥലപരിമിതിയെയും അതിജീവിക്കുകയാണ് എഴുകോൺ പഞ്ചായത്തിലെ ഇന്ദിരയെന്ന വീട്ടമ്മ. കരനെൽക്കൃഷിക്കു പുറമേ ചോളം, കപ്പലണ്ടി, കൂർക്ക, ശീതകാല പച്ചക്കറികൾ, മിനിസെറ്റ് രീതിയിൽ ചേന എന്നിവയും കൃഷി ചെയ്യുന്ന ഇന്ദ‍ിരയ്ക്ക് ആ‌ട്, കോഴി, മുയൽവളർത്തലുമുണ്ട്. പക്ഷിമൃഗാദികൾക്കു തീറ്റയ്ക്കായി പുല്ലും അസോളയും വളർത്തുന്നു. ഇലവർഗങ്ങളാണ് വെർട്ടിക്കൽ ഫാമിങ്ങ് രീതിയിൽ കൃഷി ചെയ്യുന്നത്.

dr-radhabhai-on-terrace-kitchen-garden
ഡോ: രാധാഭായി മട്ടുപ്പാവിലെ അടുക്കളത്തോട്ടത്തിൽ...

വെ‌ട്ടിക്കവല പഞ്ചായത്തിലെ ഷൈജുവിന്റെ തെങ്ങിൻതോപ്പിൽ ഇടവിളകളും ഗ്രോബാഗുകളിൽ പച്ചക്കറികളും, പദ്ധതിയിൽ പങ്കാളിയായപ്പോൾ അദ്ദേഹത്തിന്റെ കൃഷിരീതിയിലുണ്ടായ മാറ്റമാണ്. മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ തുടങ്ങി വാഴ വരെയുണ്ട് ഇടവിളകൾ. ഗ്രോബാഗുകളിൽ വെണ്ട, വഴുതന, പയർ, ചീര, മുളക്, തക്കാളി, പൈനാപ്പിൾ എന്നിവയും വളർത്തുന്നു.

തെങ്ങുകൾക്കു മതിയായ പരിചരണം മുമ്പു നൽകിയിരുന്നില്ലെന്നു ഷൈജു. എന്നാൽ ഇടവിളക്കൃഷി തുടങ്ങിയപ്പോൾ തെങ്ങിൻതടങ്ങളിൽ പുതയിട്ടു ശരിയായ വളപ്രയോഗം കൂടിയായപ്പോൾ വിളവ് 30–40 ശതമാനം കണ്ടു വർധിച്ചതായി ഷൈജു പറയുന്നു.

പറമ്പിൽ വാഴയും വയലിൽ നെല്ലും ഇതായിരുന്നു തലവൂർ പഞ്ചായത്തിലെ ഡാനിയേൽ വർഗീസ് വർഷങ്ങളായി അനുവർത്തിച്ചുവന്ന രീതി. എന്നാൽ പദ്ധതിയിൽ ഭാഗഭാക്കായതോടെ കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ, ഇഞ്ചി, മഞ്ഞൾ എന്നിവ വാഴയ്ക്ക് ഇടവിളകളായി. മഴമറയിൽ പയർ, ചീര, പാവൽ, തക്കാളി എന്നിവ കൃഷി ചെയ്യുന്നു. വേനൽക്കാലത്തു പച്ചക്കറികൾക്കായി തുള്ളിനന സംവിധാനമൊരുക്കിയിട്ടുണ്ട്.

kitchen-garden-by-chandrasekhara-pillai
ചന്ദ്രശേഖരപിള്ളയുടെ പുരയിടത്തിലെ പച്ചക്കറിക്കൃഷി...

ചാത്തന്നൂരിലെ ചാക്ക‍ോ ലൂക്കോസ്, മൺറോത്തുരുത്തിലെ ബിജു, കരവാളൂരിലെ അബ്ദുൾ കരീം, പടിഞ്ഞാറേ കല്ലട കരോളിമുക്കിൽ വിജൻപിള്ള, ചാവറ തെക്കുംഭാഗം ബീന എന്നിവരൊക്കെ ഗ്രാമങ്ങളിൽ പരമ്പരാഗതമായി തുടർന്നുവന്ന കൃഷി സദാനന്ദപുരം കേന്ദ്രത്തിന്റെ പിന്തുണയോടെ ബഹുവിള, സമ്മിശ്ര സമ്പ്രദായത്തിലേക്കു വിപുലീകരിക്കുകയാണ് ചെയ്തതെങ്കിൽ നഗരത്തിനു നടുവിലുള്ള വീടിന്റെ മട്ടുപ്പാവിൽ അടുക്കളത്തോട്ടമൊരുക്കുകയാണ് ഡോ: രാധാഭായി. കൊല്ലം താലൂക്കാശുപത്രിക്കു സമീപമുള്ള 'അനുപമ'യുടെ മട്ടുപ്പാവിൽ ചട്ടിയിലും ചാക്കിലും ഗ്രോബാഗുകളിലുമായി സാധാരണ പച്ചക്കറികൾ മുതൽ ബീറ്റ്റൂട്ടും പാലക്കുംവരെ വളരുന്നു. ചെടികൾ നനയ്ക്കാൻ തുള്ളിനന സംവിധാനം ഒരുക്കിയിട്ടുണ്ട്.

ബയോഗ്യാസ് സ്ലറി, കമ്പോസ്റ്റ്, ചാണകപ്പൊടി, പുളിപ്പിച്ച പിണ്ണാക്ക് എന്നിവയാണ് വളമായി ഉപയോഗിക്കുന്നത്. കീട, രോഗങ്ങൾക്കെതിരെ സ്യൂഡോമോണാസ്, പിജിപിആർ, വേപ്പു–സോപ്പു ലായനി, കെണികൾ എന്നിവയും. ഇവയൊക്കെ സദാനന്ദപുരത്തുനിന്നു ലഭ്യമായതുകൊണ്ടാണ് തനിക്കു ജൈവരീതിയിൽ അടുക്കളത്തോട്ടം പരിപാലിക്കാനാകുന്നതെന്ന് ഡോ: രാധാഭായി പറയുന്നു. മയ്യനാട് ഉഷസ്സിലെ ശ്രീധരൻപിള്ളയും കോട്ടത്തലയിലെ സോമനാഥനുമൊക്കെ ഈ പദ്ധതിപ്രകാരം അടുക്കളത്തോട്ടമൊരുക്കിയവരാണ്. ഇവരുടെ മാതൃകാത്തോട്ടങ്ങൾ ഇനി ഒട്ടേറെപ്പേർക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് സദാനന്ദപുരം ഗവേഷണകേന്ദ്രം.

ഡോ. ഷീബ റെബേക്ക ഐസക്, കാർഷിക കോളജ്, വെള്ളായണി ഫോൺ: 9447784771

സംരംഭങ്ങളുടെ പൂന്തോട്ടം


garden2

പണം മാത്രം നേട്ടമായി ലഭിക്കുന്ന ബിസിനസ് രണ്ടാംതരം ബിസിനസാണെന്നു പറഞ്ഞത് ഹെന്‍‌റി ഫോർഡാണ്. കാർ വിപ്ലവത്തിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിലെ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലൊടിച്ച ഫോർഡ് സായിപ്പുതന്നെ ഈ സാരോപദേശം നൽകണോ എന്നു ചോദിക്കുന്ന ദോഷൈകദൃക്കുകളുമുണ്ട്.

‘അമേരിക്കയിൽ സ്വകാര്യ വാഹനങ്ങളുടെ കുത്തൊഴുക്കുണ്ടാവുന്നത് ഇടത്തരക്കാരുടെ പോക്കറ്റിനു താങ്ങാവുന്ന മോഡൽ ടി ഫോർഡ് കാറുകളുടെ വരവോടെയാണ്, വാഹനങ്ങൾ പെരുകിയതോടെ അമേരിക്കയുടെയും പിന്നാലെ ലോകത്തിന്റെയും സുന്ദരമായ ലാൻഡ്സ്കേപ്പിനെ നശിപ്പിച്ചുകൊണ്ട് കൂടുതൽ റോഡുകളും പാലങ്ങളും നിർമിക്കപ്പെട്ടു, പ്രകൃതിയും അന്തരീക്ഷവും മലിനമാവാൻ തുടങ്ങി...’ ഫോർഡിനെതിരെയുള്ള ചില പരിസ്ഥിതിവാദികളുടെ ആരോപണങ്ങൾ ഇങ്ങനെ നീളുന്നു.

വായിക്കാം ഇ - കർഷകശ്രീ

അതെന്തായാലും ഫോർ‌ഡ് സായിപ്പ് മേൽപറഞ്ഞതിൽ കാര്യമുണ്ട്. പണം മാത്രം പോരാ, മനസ്സുഖം കൂടി ബോണസായി ലഭിക്കുന്ന എന്തെങ്കിലും സംരംഭം തുടങ്ങണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കേരളത്തിലും കൂടിവരുന്നു. കൃഷിയോടും ഉദ്യാനനിർമാണംപോലുള്ള അനുബന്ധ സംരംഭങ്ങളോടുമുള്ള മമത വർധിക്കുന്നതിന്റെ ഒരു കാരണം ഇതുതന്നെ. ഉദ്യാനനിർമാണം, പ്രകൃതിയിൽ നാഗരികത ഏൽപിച്ച മുറിവുകൾ ഉണക്കുന്ന സംരംഭമാണ് എന്നുകൂടി വരുമ്പോൾ സായിപ്പു പറയാതെ വിട്ട ഒരു കാര്യം പിൻഗാമികൾക്കു പറയാം; ഒന്നാംതരം ബിസിനസുകളിൽ ഒന്നാമൻ കാർഷിക സംരംഭം തന്നെ.

അവസരങ്ങളുടെ ഉദ്യാനം

‘‘നിർമാണപ്രവർത്തനങ്ങളുടെ (construction) ഭാഗമാണ് നശീകരണം (destruction). ഒരു കെട്ടിടം നിർമിക്കുമ്പോൾ അവിടെ നിലനിന്ന ആവാസവ്യവസ്ഥ തകരുന്നു. പ്രകൃതിയിലുണ്ടാക്കുന്ന ഈ ക്ഷതങ്ങളെ പരിഹരിക്കുകയാണ് ലാൻഡ്സ്കേപ്പിങ്ങിലൂടെ. എന്നാൽ ഈ അർഥത്തിലുള്ള ലാൻഡ്സ്കേപ്പിങ് കേരളത്തിലിന്നും ശൈശവദശയിലാണ്. പലർക്കും ലാൻഡ്സ്കേപ്പിങ് എന്നാൽ ചെടി നടീൽ മാത്രം.

garden3

കെട്ടിടം പൂർത്തിയായ ശേഷം ഏറ്റവും ഒടുവിലാണ് നാം ഉദ്യാനത്തെക്കുറിച്ച് ചിന്തിച്ചിരുന്നത്. പരിഹരിക്കാനാവാത്ത ചില നഷ്ടങ്ങൾ അവിടത്തെ ഭൂപ്രകൃതിയിൽ അപ്പോഴേക്കും സംഭവിച്ചിരിക്കും. അതുകൊണ്ട് ആർക്കിടെക്ചർ പ്ലാനിങ് തുടങ്ങുമ്പോൾതന്നെ ലാൻഡ്സ്കേപ്പ് ആർക്കിടെക്ചറും തുടങ്ങണം. ഇത്തരം കാര്യങ്ങളിൽ ഇന്ന് മിക്കവരും ശ്രദ്ധ വയ്ക്കുന്നുണ്ട്. അതിനനുസരിച്ച് കേരളത്തിലെ ഉദ്യാന നിർമാണരംഗം നൂതന പ്രവണതകളും മികച്ച വളർച്ചയും കാണിക്കുന്നു. ഒട്ടേറെ സംരംഭങ്ങളും തൊഴിലവസരങ്ങളും അതിന്റെ ഭാഗമായി ഉയർന്നുവരുന്നു’’, ലാൻഡ്സ്കേപ്പ് ആർക്കിടെക്ചറിൽ ബിരുദാനന്തരബിരുദമുള്ള കേരളത്തിലെ അപൂർവംപേരിൽ ഒരാളായ പ്രമുഖ ആർക്കിടെക്ട് കൃഷ്ണകുമാർ നായർ പറയുന്നു.

garden-pots

നിർമാണത്തൊഴിലാളി മുതൽ ലാൻഡ്സ്കേപ്പ് ആർക്കിടെക്ട് വരെ നീളുന്ന തൊഴിൽശൃംഖലയും അമ്പതു രൂപയുടെ പൂച്ചട്ടി മുതൽ ലക്ഷങ്ങളുടെ ഉൽപന്നങ്ങൾവരെ നിർമിക്കുന്ന സംരംഭങ്ങളുമായി സാധ്യതകളുടെ പുതുലോകമുണരുകയാണ്. പുതിയ പൂന്തോട്ടശൈലികളും ഒട്ടേറെ സാധ്യതകൾക്കു വഴിയൊരുക്കുന്നുണ്ട്. ചെടികൾ കുത്തനെ ക്രമീകരിക്കുന്ന വെർട്ടിക്കൽ ഗാർഡനു ലഭിക്കുന്ന സ്വീകാര്യത തന്നെ ഉദാഹരണം.

garden1

ഔഷധ ഉദ്യാനങ്ങൾ പോലുള്ള ബദലുകളാണ് മറ്റൊന്ന്. വള്ളിക്കുടിലുകൾ തീർക്കാൻ വള്ളിപ്പാലയും മുല്ലയും ശംഖുപുഷ്പവും ഗരുഡക്കൊടിയും. അതിർവേലിച്ചെടികളായി ആടലോടകവും ചെമ്പരത്തിയും. പുൽത്തകിടിക്കു പകരക്കാരായി കറുകയും മുത്തിളും നിലംപരണ്ടയും. തണൽവിരിക്കാൻ അശോകവും ഇലഞ്ഞിയും കടമ്പും ചെമ്പകവും പവിഴമല്ലിയുംപോലുള്ള മരങ്ങൾ. അമൽപൊരിയും കരിംകുറിഞ്ഞിയും കനകാംബരവും കായാമ്പൂവും ചേർന്ന് കുറ്റിച്ചെടികൾ. കുളത്തിൽ നെയ്യാമ്പലുകൾ. സൂര്യപ്രകാശ ലഭ്യതയുള്ള ഉൾത്തളങ്ങളെ ഹൃദ്യമാക്കാൻ കറ്റാർവാഴയും പനിക്കൂർക്കയും അയ്യമ്പനയും ബ്രഹ്മിയും പോലുള്ളവ. സമ്പൂർണമായിട്ടല്ലെങ്കിലും ഇവയിലേതെങ്കിലുമൊക്കെ ഘടകങ്ങൾ ഇന്നു കേരളീയ ഉദ്യാനങ്ങളുടെ ഭാഗമാകുന്നുണ്ട്. ഇത്തരം മാറ്റങ്ങൾ തൊഴിലവസരങ്ങളുടെ എണ്ണം പിന്നെയും കൂട്ടുന്നു
.

വിള വായ്പകൾക്കു കാലാവധി 60 ദിവസം നീട്ടി


Farmer Paddy Field

കർഷകരെടുത്തിട്ടുള്ള വിള വായ്‌പകൾക്കു പലിശയിളവ് (3%) ആനുകൂല്യത്തോടെ തിരിച്ചടവിനുള്ള സമയപരിധി 60 ദിവസത്തേക്കു നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ മാസം ഒന്നുമുതൽ ഈ മാസം 31 വരെ തിരിച്ചടവുള്ള വായ്‌പകൾക്കാണ് 60 ദിവസംകൂടി ലഭിക്കുന്നത്. വായ്‌പ തിരിച്ചടയ്‌ക്കേണ്ട തീയതി മുതലാണ് 60 ദിവസം കണക്കാക്കുക.

വിള വായ്‌പകൾക്കു സാധാരണഗതിയിൽ ഏഴു ശതമാനമാണു പലിശ. കൃത്യമായി തിരിച്ചടയ്‌ക്കുന്നവരിൽ നിന്നു 4% പലിശയാണ് ഈടാക്കുന്നത്. അതായത്, പലിശയിൽ 3% ഇളവ്. വായ്‌പയെടുത്ത് ഒരു വർഷത്തിനുശേഷം തിരിച്ചടയ്‌ക്കുന്നവർക്ക് ഈ അനുകൂല്യം അനുവദിച്ചിട്ടില്ല
.

Tuesday, 20 December 2016

കപ്പക്കൃഷിയിലെ അരവിന്ദൻ ടച്ച്


aravindan-with-cassava-tapioca
പയമ്പ്ര കാവിനു സമീപത്തെ കൃഷിയിടത്തിൽ നിന്ന് പിലാത്താരിൽ അരവിന്ദൻ കപ്പ വിളവെടുക്കുന്നു....

നൂതന കൃഷിരീതിയിലുള്ള കപ്പക്കൃഷിയിലും നൂറുമേനി വിളവുമായി കോഴിക്കോട് പയമ്പ്ര പിലാത്താരിൽ അരവിന്ദൻ. നീളത്തിലുള്ള തടത്തിൽ കോഴിവളം ചെയ്ത ശേഷം മുകളിൽ പ്രത്യേക തരം പ്ലാസ്റ്റിക് പേപ്പർ വിരിക്കും. തുടർന്നാണ് കപ്പത്തണ്ടുകൾ നടുന്നത്.കൃഷിക്ക് ഈര്‍പ്പം ലഭിക്കുമെന്നതും കള വളരില്ലെന്നതുമാണ് ഈ കൃഷിരീതിയുടെ ഗുണമെന്ന് അരവിന്ദന്‍ പറഞ്ഞു. പയമ്പ്ര കാവിനു സമീപം ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്.

ആദ്യമൊക്കെ പലരും ആശ്ചര്യത്തോടെയാണ് ഈ കൃഷിയെ നോക്കിയത്.ഒരു ചുവടിയിൽ നിന്ന് 25 മുതൽ 30 കിലോവരെ കപ്പയാണ് ലഭിക്കുന്നത്. വളരെ നീളമുള്ള കിഴങ്ങുകൾവരെ ഇതിലുണ്ട്.പറിച്ചു മാറ്റിയ സ്ഥലത്ത് വീണ്ടും കപ്പ കൃഷിചെയ്യാൻ തുടങ്ങിയിട്ടുണ്ട്. തരിശുനില പച്ചക്കറിക്കൃഷിയിൽ ഉൾപ്പെടെ മികവു തെളിയിച്ച ഇദ്ദേഹം കപ്പക്കൃഷിക്കു സമീപം അര ഏക്കറിൽ പയർ, വെണ്ട, വാഴ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.

(അരവിന്ദൻ ഫോൺ. 9846494029)
.

വിലയുണ്ട്; വിളവില്ല


black-pepper

ഹൈറേഞ്ചിലിപ്പോൾ കരുമുളകു വിളവെടുപ്പിന്റെ സീസണാണ്. ഇത്തവണ മുൻ വർഷങ്ങളെ അപേക്ഷിച്ചു സാമാന്യം ഭേദപ്പെട്ട വിലയുണ്ട്. ഇടുക്കിയിലെ പ്രധാന കുരുമുളക് ഉൽപാദന കേന്ദ്രമായ മാങ്കുളത്തു പുതിയ കുരുമുളകു കിലോഗ്രാമിന് 670 രൂപയും പഴയ കരുമുളകു കിലോഗ്രാമിന് 690 രൂപയുമാണ് ഇപ്പോഴത്തെ വില. കുരുമുളകു വിളയേണ്ടുന്ന സമയത്തു മഴ ലഭിക്കാത്തതിനാൽ മൂപ്പെത്തിയ കരുമുളകിൽ ചീരിന്റെ (പൊടി) അളവു കൂടുതലാണ്.

ഇക്കാരണത്താൽ പെടി അരിച്ചാണു സഹകരണ സംഘങ്ങളുടെ സംഭരണ കേന്ദ്രങ്ങളിൽപോലും ഇപ്പോൾ വാങ്ങുന്നത്. ഇക്കാരണത്താൽ യാർഥ വില കർഷകർക്കു ലഭിക്കുന്നില്ല. 20 വർഷങ്ങൾക്കു മുൻപു ഹൈറേഞ്ചിലുണ്ടായിരുന്ന കുരുമുളകു സീസൺ ഇന്നില്ല. അക്കാലത്തു രണ്ടു മാസക്കാലത്തോളം തുടർച്ചയായി രാത്രികാലത്തു ലോറിയിൽ കരുമുളകു കയറ്റി കൊച്ചിയിലേയ്ക്ക് അയച്ചിരുന്നുവെന്നു മുതിർന്ന കച്ചവടക്കാർ ഓർക്കുന്നു.

മുൻകാലങ്ങളെ അപേക്ഷിച്ചു കുരുമുളകു കൃഷിക്ക് ഇപ്പോൾ കീടരോഗങ്ങൾ കുറവായതിനാലും കഴിഞ്ഞ മൂന്നു വർഷങ്ങളായി മെച്ചപ്പെട്ട വിലയുള്ളതിനാലും നിരവധി കർഷകരിപ്പോൾ കുരുമുളകു കൃഷിയിലേയ്ക്കു തിരിഞ്ഞിട്ടുണ്ട്. എന്നാൽ, ഉദ്ദേശിച്ച വിളവു ലഭിക്കാത്ത സാഹചര്യത്തിൽ നിരാശയിലാണു കരുമുളക് കർഷരിപ്പോൾ.

പാനമ വാട്ടത്തിനു സംയോജിത

നിയന്ത്രണം


banana-plantain-disease

ഇല മഞ്ഞളിച്ച്‌ ഒടിഞ്ഞുതൂങ്ങുന്നു, പിണ്ടിയിൽ വിള്ളൽ, മാണത്തിലെ കറുത്ത വലയം...

വാഴക്കൃഷിയിൽ വിശേഷിച്ച് പൂവൻവാഴയുടെ കൃഷിയിൽ ഏറെ നാശനഷ്ടം വരുത്തുന്ന രോഗമാണ് ഫ്യൂസേറിയം വാട്ടം അല്ലെങ്കിൽ പാനമ വാട്ടം. ലോകത്തു വാഴക്കൃഷിയുള്ള എല്ലാ രാജ്യങ്ങളിലും ഈ രോഗം കാണുന്നുണ്ട്. ലോകമെമ്പാടുമുള്ള വിളകളുടെ രോഗങ്ങൾ പരിഗണിച്ചാൽ നാശനഷ്ടത്തിന്റെ തോത് ഏറ്റവും കൂടിയ ആറ് രോഗങ്ങളിൽ ഒന്നാണ് ഇത്. 1874ൽ ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിൽ പൂവൻ ഇനം വാഴയിലാണ് ഈ രോഗം ആദ്യമായി കണ്ടത്. 1890കളിൽ മധ്യ അമേരിക്കൻ രാജ്യമായ പാനമയിൽ ഗ്രോമിഷൽ എന്ന വാഴയിനത്തിനു ഫ്യൂസേറിയം വാട്ടം ഉണ്ടാക്കിയ കനത്ത നാശനഷ്ടമാണ് ഇതിനു പാനമ വാട്ടം എന്നു പേരു ലഭിക്കാൻ കാരണമായത്.
ഇന്ത്യയിൽ ഇത് ആദ്യം കണ്ടത് 1911ൽ ബംഗാളിൽ. ഇന്നു ബംഗാളിനു പുറമേ ബിഹാർ, തമിഴ്നാട്, പോണ്ടിച്ചേരി, കേരളം, കർണാടക, ആന്ധ്രപ്രദേശ്, ഒറീസ, അസം, മേഘാലയ, അരുണാചൽപ്രദേശ്, നാഗാലാൻഡ് എന്ന‍ീ സംസ്ഥാനങ്ങളിലും ഈ രോഗം കാണുന്നു.
തുടക്കം ഇലമഞ്ഞളിപ്പ്
ഇലകൾക്കുണ്ടാകുന്ന മഞ്ഞളിപ്പും വാട്ടവുമാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. ഇത് ആദ്യം കാണുന്നതു പുറമേയുള്ള ഇലകളിലാണ്. വാടിയ ഇലകൾ തണ്ടൊടിഞ്ഞ് പിണ്ടിക്കു ചുറ്റുമായി തൂങ്ങിക്കിടക്കും. പിന്നീട് ഉണ്ടാകുന്ന ഇലകൾ വലുപ്പം കുറഞ്ഞതും മഞ്ഞളിച്ചതുമായിരിക്കും. ക്രമേണ വാഴയുടെ വളർച്ച മുരടിക്കുകയും പുതിയ ഇലകൾ ഉണ്ടാകാതിരിക്കുകയും ചെയ്യും. സാധാരണയായി ഈ ലക്ഷണങ്ങൾ കാണുന്നതു വാഴ നട്ട് 4–5 മാസമാകുമ്പോഴാണ്. പക്ഷേ, രോഗം ബാധിച്ച കന്നാണ് നടാൻ ഉപയ‌ോഗിച്ചതെങ്കിൽ രണ്ടാം മാസം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പിണ്ടിയിൽ അവി‌ടവിടെ വിള്ളലുകളാണ് മറ്റൊരു ലക്ഷണം. പിണ്ടി മണ്ണിനോടു ചേരുന്ന ഭാഗത്ത‍ുനിന്നാണ് വിള്ളൽ ആരംഭിക്കുന്നത്. പിണ്ടിയുടെ പുറത്തുള്ള പോള വീണ്ടുകീറുമ്പോൾ, അതിനകത്തുള്ള പോളകൾ പുറത്തേക്കു തള്ളിവരുന്നതായി കാണാം. രോഗം മൂർച്ഛിക്കുമ്പോൾ വാഴ കടയോടെ ചരിഞ്ഞുവീഴുന്നു. രോഗം ബാധിച്ച വാഴ സാധാരണ ഗതിയിൽ കുലയ്ക്കാറില്ല. കുലച്ചാൽതന്നെ ചെറുതും തൂക്കം കുറഞ്ഞതും പഴം സ്വാദില്ലാത്തതുമായിരിക്കും. പലപ്പോഴും മാണം അഴുകൽ എന്ന ബാക്ടീരിയൽ രോഗത്ത‍ിന്റെ ലക്ഷണം ഫ്യൂസേറിയം വാട്ടമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
പിണ്ടി, മാണം എന്നിവയ്ക്കകത്തും രോഗലക്ഷണം കാണാം. മാണം കുറുകെ മുറിച്ചുനോക്കിയാൽ, തവിട്ട് അല്ലെങ്കിൽ കറുപ്പു നിറത്തിലുള്ള വളയം പൂർണമായോ ഭാഗികമായോ കാണാവുന്നതാണ്. പിണ്ടി നെടുകെ പിളർന്നു നോക്കിയാൽ കറുത്ത നിറത്തിലുള്ള വരകളും പാടുകളും കാണാം. വേരുപടലം അഴുകി നശിക്കുന്നതും രോഗലക്ഷണമാണ്.
രോഗകാരണം കുമിൾ
രോഗം ഉണ്ടാക്കുന്നതു മണ്ണിൽ ജീവിക്കുന്ന ഫ്യൂസേറിയം‌ കുമിളാണ്. ഫ്യൂസേറിയം ഓക്സിസ്പോറം ഫോം സ്പീഷീസ് കുബെൻസി എന്നതാണ് ഈ കുമിളിന്റെ മുഴുവൻ പേര്. വേരിലെ മുറിവുകളും നിമാവിരയുടെ ആക്രമണവും മാണത്തിൽ കുമിളിന്റെ സ്പോറങ്ങളുടെ പ്രവേശനം എളുപ്പമാക്കുന്നു. വാഴയ്ക്കകത്ത്, കുമിൾതന്തുകളും സ്പോറങ്ങൾ ഉൽപാദിപ്പിക്കും. വാഴയിലെ ജലവാഹക കുഴലിലുണ്ടാകുന്ന കുമിളിന്റെ വളർച്ച ജലത്തിന്റെ നീക്കത്തെ തടസ്സപ്പെടുത്തുകയും തന്മൂലം വെള്ളം എത്താതെ ഇലകൾ മഞ്ഞളിക്കുകയും വാടുകയും ചെയ്യുന്നു. രോഗം മൂർച്ഛിച്ച് വാഴ നശിക്കുമെന്ന ഘട്ടമെത്തുമ്പോൾ, കുമിൾ അതിന്റെ നിലനിൽപ്പിനാവശ്യമായ, സുഷുപ്താവസ്ഥയിലുള്ള സ്പോറങ്ങൾ ധാരാളമായി ഉൽപാദിപ്പിക്കും. ഇതു മണ്ണിൽ പ്രവേശിക്കുകയും പ്രതികൂല കാലത്തു മണ്ണിൽ ജീവിക്കുകയും ചെയ്യും.
രോഗം ബാധിച്ച വാഴയിൽനിന്ന് ചുറ്റുമുള്ള വാഴകളിലേക്കു രോഗം വ്യാപിക്കുന്നതു വേരിലൂടെയും മണ്ണ്, വെള്ളം എന്നിവ വഴിയുമാണ്. എന്നാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു രോഗം വ്യാപിക്കുന്നത് രോഗാണു ബാധിച്ച കന്നിലൂടെയും മണ്ണിലൂടെയുമാണ്.
പാനമവാട്ടത്തിന് ഇരയാകുന്നതും ഇതിനെ പ്രതിരോധിക്കുന്നതുമായ വാഴയിനങ്ങളുണ്ട്. രോഗസാധ്യത ഏറ്റവും കൂടിയ ഇനമാണ് പൂവൻ (രസതാളി). മറ്റ് ഇനങ്ങൾ ഞാലിപ്പൂവൻ, മൊന്തൻ, കർപ്പൂരവള്ളി എന്നിവയാണ്. ഏതിനത്തെയാണ് ബാധിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ, ഫ്യൂസേറിയം കുമിളിനെ നാലു വർഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിൽ ഒരിനം പൂവൻവാഴയെയും രണ്ടാമത്തെയിനം മൊന്തൻവാഴയെയും മൂന്നാമത്തേതു ഹെലികോണിയയെ (അലങ്കാരച്ചെ‌ടി) യുമാണ് ബാധിക്കുന്നത്. നാലാമത്തെയിനം കാവൻഡിഷ് (ഉദാ: ഗ്രാൻഡ്നെയിൻ), പ്ലാന്റയിൻ (ഉദാ: നേന്ത്രൻ) പൂവൻ, മൊന്തൻ ഇനങ്ങളെയും ബാധിക്കുന്നു. അതായത് നാലാമത്തേത് പ്രധാനപ്പെട്ട എല്ലാ ഇനങ്ങളെയും ബാധിക്കുന്നു. ഇതു കണ്ടുവരുന്ന രാജ്യങ്ങളിലെ കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തി നാലാമതിനത്തെ ഉഷ്ണമേഖല, മിതോഷ്ണമേഖല ഇനങ്ങളായി തിരിച്ചിട്ടുണ്ട്. വാഴക്കൃഷിക്കു കനത്ത നാശനഷ്ടം വരുത്തുന്ന ഈയിനം കേരളത്തിൽ എത്തിയാൽ അത് ഇവിടുത്തെ നേന്ത്രവാഴക്കൃഷിക്കു കനത്ത പ്രഹരമാകും.
ഫ്യൂസേറിയം കുമിളിനു മണ്ണിൽ സുഷുപ്താവസ്ഥയിൽ ദീർകാലം (30 വർഷം) ജീവിക്കാൻ സാധിക്കുന്നതുകൊണ്ട്, ഇതിന്റെ നിയന്ത്രണം ദുഷ്കരമാണ്. അതിനാൽ രോഗം വരാതെ നോക്കുക വളരെ പ്രധാനമാണ്. ഫ്യൂസേറിയം കുമിളിന്റെ നാലാമിനം മറ്റു രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് എത്തിപ്പെടാതിരിക്കുന്നതിനുവേണ്ട നിയമ, നിയന്ത്രണ നടപടികളും ബോധവൽക്കരണവും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ ഫ്യൂസേറിയം വാട്ടം ഇല്ലാത്ത സംസ്ഥാന (ഉദാ: മഹാരാഷ്ട്ര) ങ്ങളിലേക്ക് രോഗബാധയുള്ള സംസ്ഥാനങ്ങളിൽനിന്ന് വാഴക്കന്നുകൾ കൊണ്ടുപോകുന്നതു തടയുകയും വേണം.
നിയന്ത്രണമാർഗങ്ങൾ
പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിച്ചുകൊണ്ട് കൃഷിമുറകളിൽ മാറ്റംവരുത്തിയും ജൈവ, രാസ മാർഗങ്ങൾ സ്വീകരിച്ചുമുള്ള സംയോജിത രോഗനിയന്ത്രണ മാർഗങ്ങളാണ് ഫ്യൂസേറിയം വാട്ടത്തിനെതിരെ ഫലപ്രദമായിട്ടുള്ളത്.
രോഗവിമുക്തമായ കന്ന് ഉപയോഗിക്കുക എന്നതാണ് നിയന്ത്രണ മാർഗങ്ങളിൽ ഏറ്റവും പ്രധാനം. ടിഷ്യുകൾച്ചർ തൈകൾ ഉപയോഗിക്കുന്നതു നടീൽവസ്തുക്കളിലൂടെയുള്ള രോഗബാധ തടയാൻ ഫലപ്രദമാണ്. കൃഷിഭൂമി തരിശിടുന്നതും കപ്പ, ചേന, പച്ചക്കറി എന്നിവ ഉൾപ്പെടുത്തി വിളപരിവർത്തനം നടത്തുന്നതും മണ്ണിലുള്ള ഫ്യൂസേറിയം അണുക്കളെ നശിപ്പിക്കും. വാഴത്തോട്ടത്തിൽ വെള്ളം കെട്ടിനിർത്തുന്നത് (4–6 മാസം) രോഗാണുവിനെ നശിപ്പിക്കുന്നതിന് ഒരു മാർഗമാണ്. മണ്ണിൽ കുമ്മായം ചേർക്കുന്നതും പച്ചിലവളം, ചാണകം, കംപോസ്റ്റ്, വേപ്പിൻപിണ്ണാക്ക് എന്നിവ ചേർക്ക‍ുന്നതും പ്രത്യക്ഷമായും പരോക്ഷമായും രോഗനിയന്ത്രണത്തിനു സഹായകമാണ്.
ജൈവരീതിയിലുള്ള രോഗനിയന്ത്രണത്തിന് ട്രൈക്കോഡെർമ വിരിഡെ, സ്യൂഡോമോണാസ് ഫ്ളൂറസൻസ് എന്നിവയുടെ ഉപയോഗം ഫലപ്രദമാണ്. നടുന്ന സമയത്തും 2, 4 മാസങ്ങളിലും 50 ഗ്രാം വീതം ട്രൈക്കോഡെർമയും സ്യൂഡോമോണാസും മണ്ണിൽ ചേർത്താൽ രോഗത്തെ നിയന്ത്രിക്കാം. മണ്ണിൽ വസിക്കുന്ന വിവിധതരം സൂക്ഷ്മാണുക്കൾക്കും ഫ്യൂസേറിയം കുമിളിനെ നശിപ്പിക്കാൻ കഴിവുണ്ട്. അതിനാൽ ജൈവവസ്തുക്കൾ മണ്ണിൽ ചേർക്കുന്നതു പരോക്ഷമായി രോഗബാധ കുറയ്ക്കുന്നതാണ്.
കാർബെൻഡാസിം എന്ന കുമിൾനാശിനി ഉപയോഗിച്ചും രോഗത്തെ നിയന്ത്രിക്കാം. ചെത്തി വൃത്തിയാക്കിയ കന്നുകൾ 0.2% വീര്യമുള്ള കാർബെൻഡാസിം ലായനിയിൽ 30 മിനിറ്റ് മുക്കിവച്ചശേഷം നടുക. മാസത്തിൽ ഒരു തവണവീതം 0.2% കാർബെൻഡാസിം ലായനി മണ്ണിൽ ഒഴിച്ചുകൊടുക്കുന്നത് (ആറുമാസം വരെ) രോഗനിയന്ത്രണത്തിനു ഫലപ്രദമാണ്.
വിലാസം: വാഴ ഗവേഷണകേന്ദ്രം, കണ്ണാറ. ഫോൺ: 9447619019

Monday, 19 December 2016

അമ്മച്ചിപ്ലാവിന്റെ തണലിൽ


meera-ancy-eliyamma-with-jackfruit-products
ഏലിയാമ്മയ്ക്കും മീരയ്ക്കുമൊപ്പം ചക്കവിഭവങ്ങളുമായി ആൻസി

അഞ്ചു വർഷം മുമ്പ് മലയാള മനോരമയുടെ പാചകമത്സരത്തിൽ ചക്കക്കുരുകൊണ്ടുള്ള കേക്ക് അവതരിപ്പിച്ചപ്പോൾ പുതിയൊരു സംരംഭത്തിലേക്കുള്ള വഴിതുറക്കുകയാണെന്ന് പാലാ ഞാവള്ളി മംഗലത്തിൽ ആൻസി മാത്യു കരുതിയില്ല. മത്സരത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതിന്റെ ആവേശത്തിൽ വിവിധ ചക്കവിഭവങ്ങൾ പരീക്ഷിച്ച ഈ വീട്ടമ്മ ഇന്ന് 150ലധികം ചക്കവിഭവങ്ങളുടെ പാചകവിധി സ്വന്തമാക്കിക്കഴിഞ്ഞു. ഈ വിഭവങ്ങൾ ആവശ്യക്കാർക്കു തയാറാക്കി നൽകി പ്രതിമാസം അറുപതിനായിരം രൂപയിലേറെ നേടുകയാണിവർ. ആൻസിക്ക് ഒരു ബിസിനസ് പങ്കാളിയുണ്ട്– അറുപത്തഞ്ചുകാരിയായ അമ്മ ഏലിയാമ്മ.

തൊടുപുഴ അരീക്കാട്ട് വീട്ടിൽനിന്നു പാലായുടെ മരുമകളായി വരുമ്പോൾ ആൻസി കൈമുതലായി കൊണ്ടുവന്നത് പാചകത്തിലെ കൈപ്പുണ്യമായിരുന്നു. അമ്മയോടൊപ്പം ചെറുപ്പം മുതൽ പാചകപരീക്ഷണങ്ങൾ നടത്തിവന്നത് ഭർതൃഗൃഹത്തിലും അവർ തുടർന്നു. ജോയൽ ഫുഡ് പ്രോഡക്‌ട്സ് എന്ന പേരിൽ കുടയത്തൂരിലെ വീട്ടിൽ അമ്മ ചക്കസംസ്കരണം സംരംഭമാക്കിയപ്പോൾ സംസ്കരിച്ച ചക്ക ഉപയോഗപ്പെടുത്തി വിഭവങ്ങളുണ്ടാക്കാമെന്നായി ആൻസിയുടെ ചിന്ത. പരാജയപ്പെട്ട പല പരീക്ഷണങ്ങൾക്കും ശേഷമാണ് ഓരോ വിഭവവും രൂപപ്പെടുന്നതെന്ന് ആൻസി ചൂണ്ടിക്കാട്ടി. ചില രീതികളിൽ സംസ്കരിച്ചാൽ വിഭവങ്ങൾക്ക് കയ്പുണ്ടാവും. അതിനെ മറികടക്കാനുള്ള വിദ്യ കണ്ടെത്തുകയാണ് പ്രധാനം.

വായിക്കാം ഇ - കർഷകശ്രീ

കേക്ക്, കുക്കീസ്, പായസം, ചക്കപ്പഴം പാനി, ഹൽവ, തെര, ജാം, സ്ക്വാഷ്, ജെല്ലി, പക്കാവ‌ട, മിക്സ്ചർ, ചിപ്സ് എന്നിങ്ങനെ ആൻസിയുടെ വിഭവപ്പട്ടിക നീളുകയാണ്. കേക്ക്, ബിസ്കറ്റ്, ഹൽവ തുടങ്ങിയവയിൽനിന്ന് ദോഷകരമായ മൈദ പൂർണമായി ഒഴിവാക്കാൻ ചക്കക്കുരുവിന്റെ പൊടി ഉപയോഗിച്ചാൽ മതിയെന്ന് ആൻസി പറഞ്ഞു. കാർഷിക പ്രദർശനങ്ങളാണ് ചക്കയുൽപന്നങ്ങളുടെ വിപണനത്തിന് ഇവർ പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. കൂടാതെ, തൊടുപുഴ കാഡ്സ് കർഷക വിപണി, ഭരണങ്ങാനം ഇൻഫാം വിപണനകേന്ദ്രം എന്നിവിടങ്ങളിലും ഇവർ വിഭവങ്ങൾ എത്തിക്കുന്നുണ്ട്. വിദേശമലയാളികളും മറ്റും നൽകുന്ന ഓർഡറുകളും ധാരാളം. വിഭവങ്ങൾ തയാറാകുന്ന മുറയ്ക്ക് ആവശ‍്യക്കാർ വീട്ടിലെത്തി വാങ്ങിക്കൊള്ള‍ും. ഒരു ചക്കയിൽനിന്നു ശരാശരി മൂവായിരം രൂപയുടെവരെ ഉൽപന്നങ്ങളുണ്ടാക്കാമെന്നാണ് ആൻസിയുടെ കണക്ക്. ഇതിനിടെ ചക്കസംസ്കരണം സംബന്ധിച്ച് ക്ലാസുകളെടുക്കാനും ആൻസി സമയം കണ്ടെത്തുന്നു.

dried-jackfruit
ഉണങ്ങിയ ചക്ക പായ്ക്കറ്റുകളിലാക്കി സൂക്ഷിക്കുന്നു...

‌ചക്കയുടെ സീസണായാൽ ഏലിയാമ്മ കുടയത്തൂരിലെ വീട്ടിൽ എല്ലാം ആഴ്ചയും ആൻസിയുടെ വരവ് കാത്തിരിക്കും. ഉണക്കിയും പൊടിച്ചും താൻ സൂക്ഷിച്ചിരിക്കുന്ന ചക്കയും ചക്കക്കുരുവും മകളെ ഏൽപിച്ചാൽ ആരും കൊതിക്കുന്ന വിഭവങ്ങളായി മാറുമെന്ന് ഏലിയാമ്മയ്ക്കുറപ്പുണ്ട്. പതിവായി പാലായിലെ വീട്ടിൽനിന്ന് അമ്മയെ കാണാനെത്തുന്ന ആൻസി അടുത്തയാഴ്ചയിലുണ്ടാക്കാനുള്ള വിഭവങ്ങൾക്കു വേണ്ട ഉണക്കച്ചക്ക, ചക്കപ്പൊടി, ചക്കക്കുരുപൊടി, ചക്ക വരട്ടിയത് തുടങ്ങിയവയുമായി മടങ്ങും. ചക്കവ്യവസായത്തിന്റെ മുൻപിൻ സംയോജനം ഇത്ര ഭംഗിയായി നടത്തിയ മറ്റൊരു കുടുംബമുണ്ടാവില്ല.

ആകെ 22 പ്ലാവാണ് കുടയത്തൂരിലെ പുരയിടത്തിലുള്ളത്. അറുപത്തഞ്ചുകാരിയായ ഏലിയാമ്മയും എഴുപതുകാരനായ ഭർത്താവ് കുഞ്ഞേപ്പുചേട്ടനും മാത്രമാണ് ഇപ്പോൾ ഇവിടെ താമസം. വിശ്രമമില്ലാത്തവിധം തിരക്കിലാണ് ഈ കർഷക ദമ്പതികൾ. പതിമൂന്ന് ഏക്കറിലെ കൃഷിക്കു പുറമേ പോളിഹൗസ് കൃഷി, ചക്കസംസ്കരണം എന്നിവയൊക്കെ ചെറുപ്പക്കാരെക്കാൾ ഭംഗിയായി ചെയ്യുന്നു ഇവർ. പോളിഹൗസിലെ വിളവെടുപ്പുപോലുള്ള ശ്രമകരമായ ജോലികൾ പോലും ഇരുവരും ചേർന്നു ചെയ്യും. പച്ചക്കറിയായാലും ചക്കവിഭവങ്ങളായാലും കാഡ്സിന്റെ കർഷകവിപണിയിൽ ഈ വീട്ടിലെ ഉൽപന്നങ്ങൾക്ക് പ്രത്യേക ഇടമുണ്ട്. ചക്കസംസ്കരണത്തിനും വിഭവ നിർമാണത്തിനും വേണ്ട ആശയങ്ങൾ നൽകുന്നത് ഭർത്താവ് കുഞ്ഞേപ്പുചേട്ടനാണെന്ന് ഏലിയാമ്മ പറഞ്ഞു. അയൽക്കാരായ കുടുംബശ്ര‍ീ പ്രവർത്തകരും സംസ്കരണത്തിൽ സഹകരിക്കും.

kunjappu-chettan-eliyamma
കുഞ്ഞേപ്പുചേട്ടനും ഭാര്യ ഏലിയാമ്മയും...

ചക്ക വെട്ടിയൊരുക്കി സംസ്കരിക്കുന്നതിനായി ഷെഡ് നിർമിച്ച് ഡ്രയറും സ്ഥാപിച്ചു. പുരയിടത്തിലുണ്ട‍ാവുന്ന ചക്കയ്ക്കു പുറമേ, അയൽക്കാരിൽനിന്നും കച്ചവടക്ക‍ാരിൽനിന്നും വാങ്ങുന്നവയും ഉപയോഗപ്പെടുത്തും. മൂപ്പെത്തിയ ചക്കയുടെ ചുള ഉണങ്ങി സൂക്ഷിക്കുന്നതിനു പുറമേ ചക്ക മുഴുവനായും ഉണങ്ങിപ്പൊടിക്കാറുണ്ട്. സംസ്കരണത്തിനുപയോഗിക്കുന്ന ചക്കയുടെ കരിന്തൊലി ഒഴികെ എല്ലാ ഭാഗങ്ങളും ഉപയോഗപ്പെടുത്താമെന്ന് ഏലിയാമ്മ പറഞ്ഞപ്പോൾ ആൻസി തിരുത്തി– കരിന്തൊലി ഉണക്കിപ്പൊടിച്ച് പൽപ്പൊടിയാക്കാം. മഹാത്മാഗാന്ധി സർവകലാശാലയുടെ ജൈവ കൃഷി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ആൻസിക്ക് അവിടെനിന്നു കി‍ട്ടിയ അറിവാണത്. ചക്കക്കുരുവിന്റെ പാടയും ചകിണിയുമുപയോഗിച്ചുണ്ട‍ാക്കുന്ന ജെല്ലി ഇവരുടെ സവിശേഷ വിഭവമാണ്. ചക്കയുടെ കൂഞ്ഞിലും പ്ലാവിന്റെ തളിരിലയും തോരനുണ്ടാക്കാൻ ഉപയോഗപ്പെടുന്നു.

ചക്ക ഉണക്കുന്ന ഡ്രയറിൽ പുളി, ജാതിക്ക, പഴം തുടങ്ങിയ മറ്റ് കാർഷിക വിഭവങ്ങളും ഉണങ്ങി സൂക്ഷിക്കാം. നന്നായി പഴുത്ത നേന്ത്രപ്പഴം ഡ്രയറിലുണക്കി പാനിയിലിട്ടു കൊടുക്കുന്നതിലൂടെയും ഇവർ അധികവരുമാനം കണ്ടെത്തുന്നു. ചക്ക ആയാസരഹിതമായി വെട്ടുന്നതിനു പ്രത്യേകം രൂപകൽപന ചെയ്ത കത്തിയും ഇവിടെയുണ്ട്. കൊച്ചുകുട്ടികൾക്കും സ്ത്രീകൾക്കും ചക്ക വെട്ടാൻ ഇതു സഹായകമാണ്. ആൻസിയുടെ നാലാം ക്ലാസുകാരിയായ മകൾ മീരയും പാരമ്പര്യം തെറ്റിക്കുന്നില്ല. ഒരു ‌ടിവി ചാനലിൽ കുട്ടികൾക്കായി കുക്കറി ഷോ അവതരിപ്പിക്കുന്ന മീര ഇതിനകം 15 ചക്കവിഭവങ്ങളുണ്ടാക്കാൻ പഠിച്ചു കഴിഞ്ഞു.

ഫോൺ: 9447128480

Thursday, 15 December 2016

കൗതുകമുയർത്തി ഭീമൻകൊഞ്ച്


jumbo-shrimp-prawn-fish

ശുദ്ധജല ജീവിയായ ആറ്റുകൊഞ്ച് വയനാട് കബനിയിലെ കലക്ക വെള്ളത്തിലും വളരുമെന്നതിന് തെളിവ്. വലിയ കൊമ്പും കാലും വാലുമുള്ള ആറ്റുകൊഞ്ച് കബനിയിൽ വലവീശിയ ഗോത്രവർഗക്കാരുടെ വലയിൽ കുരുങ്ങിയപ്പോൾ പൈശാചിക അവതാരമെന്ന് പറഞ്ഞ് ആദ്യം അവർ എറിഞ്ഞു കളയുമായിരുന്നു. എന്നാലിപ്പോൾ ഈ മൽസ്യം മലയാളികൾക്ക് പ്രിയങ്കരമാണെന്ന് അറിഞ്ഞതോടെ വലയിൽ കുരുങ്ങുന്ന ആറ്റുകൊഞ്ച് കേരളത്തിലെ മാർക്കറ്റുകളിലെത്തുന്നു.കഴിഞ്ഞ ദിവസം ഹാൻഡ് പോസ്റ്റിൽ മീൻ വാങ്ങാൻ പോയ സീതാമൗണ്ട് മുട്ടത്തിൽ അപ്പച്ചനാണ് ഭീമൻ കൊഞ്ചിനെയുമായി പുൽപള്ളിയിലെത്തിയത്.

മുക്കാൽ കിലോയോളം തൂക്കമുള്ള ആറ്റുകൊഞ്ചിന്റെ കൊമ്പിനും കാലിനും ഒന്നരയടിയോളം നീളമുണ്ട്. കൂർത്ത കൊമ്പിന് അറക്കവാളിനേക്കാൾ ബലം. കർണാടകയിൽ ഇത്തരം മൽസ്യത്തിന് ആവശ്യക്കാരില്ല. കബനിയിൽ ഇപ്പോൾ പലർക്കും ഇത്തരം കൊഞ്ചിനെ കിട്ടുന്നുണ്ട്. വയനാട്ടിലെ കുളങ്ങളിൽ വളർത്താൻ നിക്ഷേപിച്ച ആറ്റുകൊഞ്ചാണ് മഴക്കാലത്ത് കുളത്തിൽ നിന്ന് പുറത്തു ചാടി പുഴയിലെത്തിയതെന്നു പറയുന്നു. പുഴയോരങ്ങളിലെ മൽസ്യക്കുളങ്ങൾ മഴക്കാലത്ത് നിറഞ്ഞു കവിയും ഈ സമയത്ത് വളർത്തു മൽസ്യം പുഴയിലെത്തും.

പനമരത്ത് ഒരു കർഷകന്റെ കുളത്തിൽ വെള്ളം കയറി ആയിരത്തോളം ആറ്റുകൊഞ്ച് നഷ്ടപ്പെട്ടിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് പലപ്പോഴായി പുഴയിലെത്തിയ മൽസ്യമാണ് അവിടെ വളർന്ന് വലുതാകുന്നത്. ഉപ്പുവെള്ളത്തിലാണ് കൊഞ്ച് മുട്ടയിടുന്നത്. കായലും കടലും ചേരുന്ന ഭാഗത്ത് മാത്രമേ ഇവയെ കാണാറുള്ളു. ഉപ്പ് ജലത്തിൽ മുട്ടയിടുന്ന കൊഞ്ച് കായൽ ജലത്തിലാണ് വളരുക.ഇങ്ങനെ കഴിയുന്ന മൽസ്യമാണ് വഴി തെറ്റി കായലും കടലുമില്ലാതെ കലക്കവെള്ളം നിറഞ്ഞ കബനിയിലെത്തി വളർന്നു വലുതാകുന്നത്.

മാങ്ങയ്ക്ക് പുഴുക്കേട് വരാതിരിക്കാൻ

mango

മാവിൽ‌ കായീച്ചയുടെ ആക്രമണം സാധാരണയാണ്. കായീച്ചയുടെ ശലഭത്തിനു സാധാരണ ഈച്ചയെക്കാൾ അൽപംകൂടി വലിപ്പമുണ്ടാകും. ഇവ വയറിന്റെ അഗ്രഭാഗത്തെ സൂചിപോലെയുള്ള അവയവംകൊണ്ട് മാങ്ങയുടെ തൊലിയിലൊരു സുഷിരം ഉണ്ടാക്കി വേനൽക്കാലത്തു മുട്ടയിടുന്നു. മുട്ടകളെ അകത്തേക്കു തള്ളി മാങ്ങയ്ക്കുള്ളിലാക്കുകയും ചെയ്യും. മുട്ട വിരിഞ്ഞിറങ്ങാൻ രണ്ടോ മൂന്നോ ദിവസം മതി. ഇത് 2-4 ആഴ്ചകൊണ്ട് പൂർണവളർച്ചയായി മാമ്പഴത്തിൽനിന്ന് പുറത്തെത്തി മണ്ണിലേക്കു വീഴുന്നു. പുഴു സമാധിയാകുന്നത് മണ്ണിലാണ്.

മാവിൽ നിന്നും പൊഴിഞ്ഞുവീഴുന്ന മാങ്ങകൾ മണ്ണിൽ കിടന്നു ചീയാനിടയാകാതെ അന്നന്നുതന്നെ പെറുക്കി നശിപ്പിക്കണം.

കെണികൾ തയാറാക്കി ഈച്ചയെ ആകർഷിച്ചു വകവരുത്താം. ഇതിനു മാലത്തയോൺ 20 മി.ലീറ്ററും പഞ്ചസാര 20 ഗ്രാമും 10 ലീറ്റർ വെള്ളത്തിൽ ചേർത്ത് നന്നായി യോജിപ്പിച്ചു മാവിൽ തളിക്കുക. ഈ മരുന്നുലായനി കുടിക്കുന്ന ഈച്ചകൾ ചത്തൊടുങ്ങിക്കൊള്ളും.

കോൺക്രീറ്റ് കാടുകൾക്കുള്ളിൽ കള്ളിച്ചെടിക്കൂട്ടം


cactus-in-roof-garden

അമ്പടി കള്ളീ.... തിരുത്തിയാട് അശ്വതിയിൽ ബാലകൃഷ്ണനും ഭാര്യ ബേബിയും വീടിന്റെ ടെറസ്സിൽ വളർത്തിയ വിവിധയി...
ഒരു വരൾച്ചയ്ക്കും കീഴടങ്ങാതെ പച്ചയുടെ അരികു ചേർന്നു ഞാൻ മറ്റൊരു സൗന്ദര്യമൊരുക്കുന്നു എന്നു കള്ളിച്ചെടിയെക്കുറിച്ചു കവി പാടി. അതു വെറുതെയല്ലെന്നറിയാൻ കോഴിക്കോട് തിരുത്തിയാട് അഴകൊടി ക്ഷേത്രത്തിനു സമീപം ‘അശ്വതി’യിൽ ബാലകൃഷ്ണന്റെ മട്ടുപ്പാവിലേക്കു കയറിയാൽ മതി. അപൂർവമായി ലഭിക്കുന്ന ജലകണികകളെ കൂർത്ത മുള്ളുകളായി വിരിയിച്ച് സൗന്ദര്യം തീർക്കുന്നു എന്നാണ് കവി സച്ചിദാനന്ദൻ കള്ളിച്ചെടിയെക്കുറിച്ചു പാടിയത്. എന്നാൽ, ബാലകൃഷ്ണന്റെ കള്ളിച്ചെടികളിൽ ചിലത് അത്യുഷ്ണത്തെ ആവാഹിച്ചു പൂവിരിയിച്ച് സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ അഞ്ഞൂറിലേറെ ഇനത്തിൽപ്പെട്ട ആയിരത്തിലേറെ കള്ളിച്ചെടികളാണ് മട്ടുപ്പാവിൽ വളരുന്നത്. മുൻകാലത്തു കുട്ടികൾ ഭയന്ന മുള്ളു നിറഞ്ഞ നാടൻ കള്ളിച്ചെടികൾ മുതൽ തായ്‌ലാൻഡ്, പോളണ്ട്, ഇന്തോനേഷ്യ, ചൈന തുടങ്ങി വിവിധ ദേശങ്ങളിൽ നിന്നുള്ളവ വരെ ബാലകൃഷ്ണന്റെ മട്ടുപ്പാവിലുണ്ട്. പച്ച നിറത്തിൽ മുള്ളു നിറഞ്ഞ കള്ളിച്ചെടികളെയാണ് ഏറെ പേരും കണ്ടിരിക്കുക.

എന്നാൽ, വിവിധ വർണങ്ങളിൽ അത്ര തന്നെ മൃദുവായ മുള്ളുകളുള്ള കള്ളിച്ചെടികൾ ശേഖരത്തെ മനോഹരമാക്കുന്നു.ശങ്കർ ഓഫ്സെറ്റ് പ്രിന്റേഴ്സ് നടത്തുന്ന ബാലകൃഷ്ണനു ചെടി വളർത്തൽ ചെറുപ്പം മുതലെ ശീലമാണ്. വ്യത്യസ്തമായ കള്ളിച്ചെടികളെ ചില പ്രദർശനങ്ങളിൽ കണ്ടപ്പോൾ കമ്പം കയറി. ലോകത്തിന്റെ പല ഭാഗത്തുമുള്ള കള്ളിച്ചെടി നഴ്സറികളുടെ വിലാസങ്ങൾ കണ്ടെത്തി, അവ വരുത്തി. അതിനെ പരിപാലിക്കാൻ ഭാര്യ ബേബി, മക്കളായ രാഹുൽ, ഗോകുൽ മരുമക്കളായ ദീപിക, സൗമ്യ എന്നിവരുമുണ്ട്.

കള്ളിച്ചെടികൾക്കു വെള്ളം നന്നെ കുറവു മതിയെങ്കിലും പലതിനും കൂടിയ പരിചരണം ആവശ്യമാണ്. വിദേശത്തു നിന്നു വരുത്തുന്ന ചെടികളെ അതേ പടി വളർത്തുകയല്ല ബാലകൃഷ്ണൻ ചെയ്യുന്നത്. അതിൽ നിന്നും കൂടുതൽ ഉൽപ്പാദിപ്പിക്കാനായി പല വിദ്യകളും ചെയ്യുന്നു. അതിനായി പ്രത്യേക ഗ്ലാസ് ചേംബറും ഒട്ടിപ്പു നടത്താനായി കാട്ടു കള്ളിയും ഒരുക്കുന്നുണ്ട്.

കള്ളിച്ചെടികൾ മാത്രമല്ല ഓർക്കിഡുകളുടെ വലിയൊരു ശേഖരവും ആന്തൂറിയം, ചെമ്പരത്തി തുടങ്ങി പൂച്ചെടികളും പച്ചമുളക് മുതൽ പപ്പായ വരെയും ബാലകൃഷ്ണനും കുടുംബവും വളർത്തുന്നുണ്ട്. കാഴ്ചക്കാരിൽ അത്ഭുതം വിരിയിക്കുന്ന സ്പാനിഷ് മോസ് എന്ന പ്രത്യേക തരം സസ്യവും ഉണ്ട്. നാരുപോലെയുള്ള ഈ സസ്യം വെറുതെ കെട്ടിത്തൂക്കിയാൽ മതി മാസങ്ങൾ കൊണ്ടു വലിയ ജഡയായി വളരും
.

പത്മനാഭൻ നെൽകൃഷിയുടെ തമ്പുരാന്‍


paddy-farmer-padmanabhan

പത്മനാഭൻ നെല്ലിക്കുന്ന് ആരാണെന്ന ചോദ്യത്തിനു കൃഷിവകുപ്പിന് ഉത്തരമുണ്ട്. ജൈവ നെൽകൃഷിയുടെ അപ്രഖ്യാപിത ബ്രാൻഡ് അംബാസഡർ. കാസർകോട് നഗരസഭയിലെ മാതൃകാ നെൽക്കർഷകൻ. നഗരസഭയിൽ മൂന്നു പാടശേഖരങ്ങളാണ് ഇദ്ദേഹത്തിനുള്ളത്. ഇതിൽ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്നത് അടുക്കത്ത്ബയൽ പാടശേഖര സമിതി. അതിന്റെ കൺവീനറാണ് 63 വയസ്സുള്ള പത്മനാഭൻ. ‌തന്റെ മൂന്നേക്കറിലും പാട്ടത്തിനെടുത്ത ആറ് ഏക്കറിലുമായി നെ‍ൽകൃഷിയെടുക്കുന്നത് പത്മനാഭനാണ്. ഭാര്യയും മക്കളുമില്ലാത്ത ഈ മാതൃകാ കർഷകനു രണ്ടു സഹോദരിമാരെപ്പോലെ തന്നെ ജീവനു തുല്യമാണ് നെൽകൃഷി പരിപാലനം.

പാടത്തു ചെളിയിലിറങ്ങി ദിവസവും നെൽച്ചെടികളെ പരിപാലിക്കുന്ന കാസർകോട് നഗരസഭയിലെ ഒരേയൊരു കർഷകനാണെന്നു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുമ്പോഴും അവാർഡുകൾക്കു വേണ്ടി അപേക്ഷ അയയ്ക്കണമെന്ന നിർദേശമെല്ലാം നിരസിക്കുന്നു. കടലിരമ്പവും ട്രെയിനുകളുടെ ചൂളം വിളിയും കേട്ട് പിതാവ് ബട്ട്യന്റെ കീഴിൽ പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയതാണ് ഇതേ നെൽപാടത്ത് കൃഷി പരിപാലന പരിചയം.

സാമ്പത്തിക പ്രയാസം മൂലം നാലാം ക്ലാസിൽ പഠിത്തം നിർത്തി. 20 വർഷമായി സമ്പൂർണ ജൈവ നെൽക്കർഷകനായി തുടരുകയാണ്. വർഷങ്ങളായി കുട്ടിപ്പുഞ്ച നാടൻ നെല്ലിനമാണ് കൃഷി ചെയ്യുന്നത്. സുഭാഷ് പലേക്കറിന്റെ കൃഷിരീതിയിൽ ജീവാമൃതമാണ് പാടത്തു പ്രയോഗിക്കുന്നത്. ഈ വർഷം ഒൻപതേക്കറിലും നെൽപാടത്ത് വളമില്ലാതെയുള്ള കൃഷിയാണ് നടത്തുന്നത്. അടുത്ത മാസം വിളവെടുപ്പു നടക്കും. വിദ്യാർഥികൾക്കുള്ള കൃഷി പരിശീലനത്തിനുള്ള പാടമാണ് ഇത്. പത്മനാഭൻ തന്നെയാണ് പരിശീലകൻ. നെൽകൃഷി വിളവെടുപ്പ് കഴിഞ്ഞാൽ പച്ചക്കറിയും പൂക്കൃഷിയും തുടങ്ങും.

നെല്ല് പെർലയിലെ മില്ലിൽ കൊണ്ടു പോയി അരിയാക്കും. ഇത് കൃഷിവകുപ്പ് മുഖേന വിപണിയിലേക്കു നൽകും. 45 രൂപയാണ് കിലോവിനു വില. പുല്ലും വിൽക്കും. ചെലവു കഴിഞ്ഞ് 20,000 രൂപ വരെ ലാഭം കിട്ടുമ്പോൾ ആരാണ് നെൽകൃഷി നഷ്ടമെന്നു പറയുന്നതെന്ന ചോദ്യമെറിയുകയാണ് പത്മനാഭൻ. തൊഴിലുറപ്പു പദ്ധതിയുടെ കൂടി സേവനം ലഭിച്ചാൽ നെൽകൃഷി കൂടുതൽ ആദായമാക്കാനാകുമെന്ന് ഈ കർഷകൻ തറപ്പിച്ചു പറയുന്നു. പ്രകൃതിയെയും മനുഷ്യനെയും ഇതര ജീവജാലങ്ങളെയും സ്നേഹിക്കുമ്പോൾ കൃഷിയുടെ ഗ്രാഫും മുകളിലോട്ട് ഉയരും. ലാഭം കിട്ടിയില്ലെങ്കിലും ജീവനുള്ളിടത്തോളം നെൽകൃഷി ഉപേക്ഷിക്കില്ലെന്ന പ്രതിജ്ഞയിലാണ് പത്മനാഭൻ.