Tuesday, 6 December 2016

നിധീഷ് മട്ടുപ്പാവിൽ കയറി: മുട്ടില്ലാതെ അരിയാക്കി

paddy-cultivation-in-terrace
ടെറസിൽ നെൽകൃഷി ചെയ്ത് ഊണിനുള്ള അരിയുണ്ടാക്കി സ്വയം പര്യാപ്തത തെളിയിക്കുകയാണ് എറണാകുളം മരട് കേട്ടേഴത്തുംകടവ് പനച്ചിക്കൽപാടം നിധീഷ്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റാണു നിധീഷ്. ജോലി കഴിഞ്ഞെത്തുന്ന സമയം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയാണു ജൈവ കൃഷിക്കു വിത്തിട്ടത്.

പച്ചക്കറി കൃഷിയിലായിരുന്നു തുടക്കം. പിന്നീടു നെല്ലിലേക്കു ചുവടുമാറ്റി; അതും വീടിൻെറ ടെറസിൽ നെൽകൃഷി ചെയ്തുകൊണ്ട്. ടെറസിൽ എഴുപതു ഗ്രോബാഗുകളിൽ അടിവളമായി ചാണകമിട്ടു സ്വയം തയാർ ചെയ്ത മിശ്രിതങ്ങൾ ഇടവളമായി പകർന്നാണു കൃഷി പരിപോഷിപ്പിച്ചത്. ചാഴി ആക്രമണം നേരിടാൻ പഴകിയ മത്സ്യത്തിന്റെ വെള്ളം തളിച്ചു. തണ്ടുതുരപ്പനെ തുരത്താൻ വേപ്പെണ്ണ മിശ്രിതമാണ് ഉപയോഗിച്ചത്. ടെറസിൽ കേടുപാടുകളുണ്ടാകാതിരിക്കാൻ ചിരട്ടകൾ കമഴ്ത്തി നിരത്തി അതിനു മുകളിലാണു ഗ്രോബാഗ് വച്ചത്. ഇതോടെ വീട്ടിനുള്ളിലെ ചൂടു കുറഞ്ഞു. 120 ദിവസം കൊണ്ടു വിളവെടുക്കാവുന്ന ‘ഉമ’ വിത്താണു വിതച്ചത്. മരട് കൃഷിഭവനിൽനിന്നു സൗജന്യമായി കിട്ടിയതാണിത്. ഒരു ബാഗിൽ പത്തു വിത്തുകൾ വീതമാണു നട്ടത്. ഒന്നും പാഴായില്ല. ടെറസിലേക്കു പൈപ്പ് കണക്‌ഷൻ എടുത്താണു നനച്ചത്.

കൃഷിഭവനിൽ നിന്നുള്ള ഉപദേശങ്ങൾ കൂടാതെ ഫെയ്സ്ബുക് സുഹൃത്തായ മുളവുകാട് കൃഷി അസിസ്റ്റന്റ് കെ.എം. സുധീറിന്റെ സഹായവും കിട്ടി. അച്ഛൻ അംബുജാക്ഷൻ, അമ്മ വിജയകുമാരി, സഹോദരൻ അജീഷ് എന്നിവരുടെ പൂർണ പിന്തുണ ഉണ്ടായിരുന്നു. വിളവെടുത്ത നെല്ല് വീട്ടാവശ്യത്തിന് ഉപയോഗിക്കാനാണു തീരുമാനം. നെൽകൃഷി കൂടാതെ പപ്പായ, നിത്യ വഴുതന, കോവൽ, കുമ്പളം തുടങ്ങിയവയും ഇടവിളയായുണ്ട്. കർഷകസംഘം ജില്ല സെക്രട്ടറി എം.സി. സുരേന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment