പാനമ വാട്ടത്തിനു സംയോജിത
നിയന്ത്രണം
വാഴക്കൃഷിയിൽ വിശേഷിച്ച് പൂവൻവാഴയുടെ കൃഷിയിൽ ഏറെ നാശനഷ്ടം വരുത്തുന്ന രോഗമാണ് ഫ്യൂസേറിയം വാട്ടം അല്ലെങ്കിൽ പാനമ വാട്ടം. ലോകത്തു വാഴക്കൃഷിയുള്ള എല്ലാ രാജ്യങ്ങളിലും ഈ രോഗം കാണുന്നുണ്ട്. ലോകമെമ്പാടുമുള്ള വിളകളുടെ രോഗങ്ങൾ പരിഗണിച്ചാൽ നാശനഷ്ടത്തിന്റെ തോത് ഏറ്റവും കൂടിയ ആറ് രോഗങ്ങളിൽ ഒന്നാണ് ഇത്. 1874ൽ ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിൽ പൂവൻ ഇനം വാഴയിലാണ് ഈ രോഗം ആദ്യമായി കണ്ടത്. 1890കളിൽ മധ്യ അമേരിക്കൻ രാജ്യമായ പാനമയിൽ ഗ്രോമിഷൽ എന്ന വാഴയിനത്തിനു ഫ്യൂസേറിയം വാട്ടം ഉണ്ടാക്കിയ കനത്ത നാശനഷ്ടമാണ് ഇതിനു പാനമ വാട്ടം എന്നു പേരു ലഭിക്കാൻ കാരണമായത്.
ഇന്ത്യയിൽ ഇത് ആദ്യം കണ്ടത് 1911ൽ ബംഗാളിൽ. ഇന്നു ബംഗാളിനു പുറമേ ബിഹാർ, തമിഴ്നാട്, പോണ്ടിച്ചേരി, കേരളം, കർണാടക, ആന്ധ്രപ്രദേശ്, ഒറീസ, അസം, മേഘാലയ, അരുണാചൽപ്രദേശ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലും ഈ രോഗം കാണുന്നു.
തുടക്കം ഇലമഞ്ഞളിപ്പ്
ഇലകൾക്കുണ്ടാകുന്ന മഞ്ഞളിപ്പും വാട്ടവുമാണ് രോഗത്തിന്റെ ആദ്യ ലക്ഷണം. ഇത് ആദ്യം കാണുന്നതു പുറമേയുള്ള ഇലകളിലാണ്. വാടിയ ഇലകൾ തണ്ടൊടിഞ്ഞ് പിണ്ടിക്കു ചുറ്റുമായി തൂങ്ങിക്കിടക്കും. പിന്നീട് ഉണ്ടാകുന്ന ഇലകൾ വലുപ്പം കുറഞ്ഞതും മഞ്ഞളിച്ചതുമായിരിക്കും. ക്രമേണ വാഴയുടെ വളർച്ച മുരടിക്കുകയും പുതിയ ഇലകൾ ഉണ്ടാകാതിരിക്കുകയും ചെയ്യും. സാധാരണയായി ഈ ലക്ഷണങ്ങൾ കാണുന്നതു വാഴ നട്ട് 4–5 മാസമാകുമ്പോഴാണ്. പക്ഷേ, രോഗം ബാധിച്ച കന്നാണ് നടാൻ ഉപയോഗിച്ചതെങ്കിൽ രണ്ടാം മാസം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പിണ്ടിയിൽ അവിടവിടെ വിള്ളലുകളാണ് മറ്റൊരു ലക്ഷണം. പിണ്ടി മണ്ണിനോടു ചേരുന്ന ഭാഗത്തുനിന്നാണ് വിള്ളൽ ആരംഭിക്കുന്നത്. പിണ്ടിയുടെ പുറത്തുള്ള പോള വീണ്ടുകീറുമ്പോൾ, അതിനകത്തുള്ള പോളകൾ പുറത്തേക്കു തള്ളിവരുന്നതായി കാണാം. രോഗം മൂർച്ഛിക്കുമ്പോൾ വാഴ കടയോടെ ചരിഞ്ഞുവീഴുന്നു. രോഗം ബാധിച്ച വാഴ സാധാരണ ഗതിയിൽ കുലയ്ക്കാറില്ല. കുലച്ചാൽതന്നെ ചെറുതും തൂക്കം കുറഞ്ഞതും പഴം സ്വാദില്ലാത്തതുമായിരിക്കും. പലപ്പോഴും മാണം അഴുകൽ എന്ന ബാക്ടീരിയൽ രോഗത്തിന്റെ ലക്ഷണം ഫ്യൂസേറിയം വാട്ടമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
പിണ്ടി, മാണം എന്നിവയ്ക്കകത്തും രോഗലക്ഷണം കാണാം. മാണം കുറുകെ മുറിച്ചുനോക്കിയാൽ, തവിട്ട് അല്ലെങ്കിൽ കറുപ്പു നിറത്തിലുള്ള വളയം പൂർണമായോ ഭാഗികമായോ കാണാവുന്നതാണ്. പിണ്ടി നെടുകെ പിളർന്നു നോക്കിയാൽ കറുത്ത നിറത്തിലുള്ള വരകളും പാടുകളും കാണാം. വേരുപടലം അഴുകി നശിക്കുന്നതും രോഗലക്ഷണമാണ്.
രോഗകാരണം കുമിൾ
രോഗകാരണം കുമിൾ
രോഗം ഉണ്ടാക്കുന്നതു മണ്ണിൽ ജീവിക്കുന്ന ഫ്യൂസേറിയം കുമിളാണ്. ഫ്യൂസേറിയം ഓക്സിസ്പോറം ഫോം സ്പീഷീസ് കുബെൻസി എന്നതാണ് ഈ കുമിളിന്റെ മുഴുവൻ പേര്. വേരിലെ മുറിവുകളും നിമാവിരയുടെ ആക്രമണവും മാണത്തിൽ കുമിളിന്റെ സ്പോറങ്ങളുടെ പ്രവേശനം എളുപ്പമാക്കുന്നു. വാഴയ്ക്കകത്ത്, കുമിൾതന്തുകളും സ്പോറങ്ങൾ ഉൽപാദിപ്പിക്കും. വാഴയിലെ ജലവാഹക കുഴലിലുണ്ടാകുന്ന കുമിളിന്റെ വളർച്ച ജലത്തിന്റെ നീക്കത്തെ തടസ്സപ്പെടുത്തുകയും തന്മൂലം വെള്ളം എത്താതെ ഇലകൾ മഞ്ഞളിക്കുകയും വാടുകയും ചെയ്യുന്നു. രോഗം മൂർച്ഛിച്ച് വാഴ നശിക്കുമെന്ന ഘട്ടമെത്തുമ്പോൾ, കുമിൾ അതിന്റെ നിലനിൽപ്പിനാവശ്യമായ, സുഷുപ്താവസ്ഥയിലുള്ള സ്പോറങ്ങൾ ധാരാളമായി ഉൽപാദിപ്പിക്കും. ഇതു മണ്ണിൽ പ്രവേശിക്കുകയും പ്രതികൂല കാലത്തു മണ്ണിൽ ജീവിക്കുകയും ചെയ്യും.
രോഗം ബാധിച്ച വാഴയിൽനിന്ന് ചുറ്റുമുള്ള വാഴകളിലേക്കു രോഗം വ്യാപിക്കുന്നതു വേരിലൂടെയും മണ്ണ്, വെള്ളം എന്നിവ വഴിയുമാണ്. എന്നാൽ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു രോഗം വ്യാപിക്കുന്നത് രോഗാണു ബാധിച്ച കന്നിലൂടെയും മണ്ണിലൂടെയുമാണ്.
പാനമവാട്ടത്തിന് ഇരയാകുന്നതും ഇതിനെ പ്രതിരോധിക്കുന്നതുമായ വാഴയിനങ്ങളുണ്ട്. രോഗസാധ്യത ഏറ്റവും കൂടിയ ഇനമാണ് പൂവൻ (രസതാളി). മറ്റ് ഇനങ്ങൾ ഞാലിപ്പൂവൻ, മൊന്തൻ, കർപ്പൂരവള്ളി എന്നിവയാണ്. ഏതിനത്തെയാണ് ബാധിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ, ഫ്യൂസേറിയം കുമിളിനെ നാലു വർഗങ്ങളായി തിരിച്ചിട്ടുണ്ട്. അതിൽ ഒരിനം പൂവൻവാഴയെയും രണ്ടാമത്തെയിനം മൊന്തൻവാഴയെയും മൂന്നാമത്തേതു ഹെലികോണിയയെ (അലങ്കാരച്ചെടി) യുമാണ് ബാധിക്കുന്നത്. നാലാമത്തെയിനം കാവൻഡിഷ് (ഉദാ: ഗ്രാൻഡ്നെയിൻ), പ്ലാന്റയിൻ (ഉദാ: നേന്ത്രൻ) പൂവൻ, മൊന്തൻ ഇനങ്ങളെയും ബാധിക്കുന്നു. അതായത് നാലാമത്തേത് പ്രധാനപ്പെട്ട എല്ലാ ഇനങ്ങളെയും ബാധിക്കുന്നു. ഇതു കണ്ടുവരുന്ന രാജ്യങ്ങളിലെ കാലാവസ്ഥയെ അടിസ്ഥാനപ്പെടുത്തി നാലാമതിനത്തെ ഉഷ്ണമേഖല, മിതോഷ്ണമേഖല ഇനങ്ങളായി തിരിച്ചിട്ടുണ്ട്. വാഴക്കൃഷിക്കു കനത്ത നാശനഷ്ടം വരുത്തുന്ന ഈയിനം കേരളത്തിൽ എത്തിയാൽ അത് ഇവിടുത്തെ നേന്ത്രവാഴക്കൃഷിക്കു കനത്ത പ്രഹരമാകും.
ഫ്യൂസേറിയം കുമിളിനു മണ്ണിൽ സുഷുപ്താവസ്ഥയിൽ ദീർകാലം (30 വർഷം) ജീവിക്കാൻ സാധിക്കുന്നതുകൊണ്ട്, ഇതിന്റെ നിയന്ത്രണം ദുഷ്കരമാണ്. അതിനാൽ രോഗം വരാതെ നോക്കുക വളരെ പ്രധാനമാണ്. ഫ്യൂസേറിയം കുമിളിന്റെ നാലാമിനം മറ്റു രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് എത്തിപ്പെടാതിരിക്കുന്നതിനുവേണ്ട നിയമ, നിയന്ത്രണ നടപടികളും ബോധവൽക്കരണവും സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ ഫ്യൂസേറിയം വാട്ടം ഇല്ലാത്ത സംസ്ഥാന (ഉദാ: മഹാരാഷ്ട്ര) ങ്ങളിലേക്ക് രോഗബാധയുള്ള സംസ്ഥാനങ്ങളിൽനിന്ന് വാഴക്കന്നുകൾ കൊണ്ടുപോകുന്നതു തടയുകയും വേണം.
നിയന്ത്രണമാർഗങ്ങൾ
പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിച്ചുകൊണ്ട് കൃഷിമുറകളിൽ മാറ്റംവരുത്തിയും ജൈവ, രാസ മാർഗങ്ങൾ സ്വീകരിച്ചുമുള്ള സംയോജിത രോഗനിയന്ത്രണ മാർഗങ്ങളാണ് ഫ്യൂസേറിയം വാട്ടത്തിനെതിരെ ഫലപ്രദമായിട്ടുള്ളത്.
രോഗവിമുക്തമായ കന്ന് ഉപയോഗിക്കുക എന്നതാണ് നിയന്ത്രണ മാർഗങ്ങളിൽ ഏറ്റവും പ്രധാനം. ടിഷ്യുകൾച്ചർ തൈകൾ ഉപയോഗിക്കുന്നതു നടീൽവസ്തുക്കളിലൂടെയുള്ള രോഗബാധ തടയാൻ ഫലപ്രദമാണ്. കൃഷിഭൂമി തരിശിടുന്നതും കപ്പ, ചേന, പച്ചക്കറി എന്നിവ ഉൾപ്പെടുത്തി വിളപരിവർത്തനം നടത്തുന്നതും മണ്ണിലുള്ള ഫ്യൂസേറിയം അണുക്കളെ നശിപ്പിക്കും. വാഴത്തോട്ടത്തിൽ വെള്ളം കെട്ടിനിർത്തുന്നത് (4–6 മാസം) രോഗാണുവിനെ നശിപ്പിക്കുന്നതിന് ഒരു മാർഗമാണ്. മണ്ണിൽ കുമ്മായം ചേർക്കുന്നതും പച്ചിലവളം, ചാണകം, കംപോസ്റ്റ്, വേപ്പിൻപിണ്ണാക്ക് എന്നിവ ചേർക്കുന്നതും പ്രത്യക്ഷമായും പരോക്ഷമായും രോഗനിയന്ത്രണത്തിനു സഹായകമാണ്.
ജൈവരീതിയിലുള്ള രോഗനിയന്ത്രണത്തിന് ട്രൈക്കോഡെർമ വിരിഡെ, സ്യൂഡോമോണാസ് ഫ്ളൂറസൻസ് എന്നിവയുടെ ഉപയോഗം ഫലപ്രദമാണ്. നടുന്ന സമയത്തും 2, 4 മാസങ്ങളിലും 50 ഗ്രാം വീതം ട്രൈക്കോഡെർമയും സ്യൂഡോമോണാസും മണ്ണിൽ ചേർത്താൽ രോഗത്തെ നിയന്ത്രിക്കാം. മണ്ണിൽ വസിക്കുന്ന വിവിധതരം സൂക്ഷ്മാണുക്കൾക്കും ഫ്യൂസേറിയം കുമിളിനെ നശിപ്പിക്കാൻ കഴിവുണ്ട്. അതിനാൽ ജൈവവസ്തുക്കൾ മണ്ണിൽ ചേർക്കുന്നതു പരോക്ഷമായി രോഗബാധ കുറയ്ക്കുന്നതാണ്.
കാർബെൻഡാസിം എന്ന കുമിൾനാശിനി ഉപയോഗിച്ചും രോഗത്തെ നിയന്ത്രിക്കാം. ചെത്തി വൃത്തിയാക്കിയ കന്നുകൾ 0.2% വീര്യമുള്ള കാർബെൻഡാസിം ലായനിയിൽ 30 മിനിറ്റ് മുക്കിവച്ചശേഷം നടുക. മാസത്തിൽ ഒരു തവണവീതം 0.2% കാർബെൻഡാസിം ലായനി മണ്ണിൽ ഒഴിച്ചുകൊടുക്കുന്നത് (ആറുമാസം വരെ) രോഗനിയന്ത്രണത്തിനു ഫലപ്രദമാണ്.
വിലാസം: വാഴ ഗവേഷണകേന്ദ്രം, കണ്ണാറ. ഫോൺ: 9447619019
No comments:
Post a Comment