Sunday, 11 December 2016

കൊക്കോയ്ക്ക് കൊമ്പു കോതൽ


cocoa-tree
കൊക്കോ...

കൊക്കോ കായ്കൾ ഉണ്ടാകുന്നതു ചെടിയുടെ തടികളിന്മേലാണ്. ഇതിനു സൂര്യപ്രകാശം ആവശ്യത്തിനു ലഭിക്കേണ്ടതുണ്ട്. തടികളിൽ സൂര്യപ്രകാശം വീഴുന്നതിന് തടസ്സമാകുന്നത് തിങ്ങിവളരുന്ന ചെറുശിഖരങ്ങളാണ്. അങ്ങനെയുള്ളവ മുറിച്ചുനീക്കി ചെടിയുടെ വലുപ്പവും ആകൃതിയും ക്രമീകരിക്കണം. കമ്പുകൾ മുറിച്ചുനീക്കിയശേഷം മുറിവുകളിൽ ബോർഡോ കുഴമ്പ് തേയ്ക്കുന്നതു കുമിൾരോഗബാധ ചെറുക്കും.

ശിഖരം കോതലിനു പറ്റിയ കാലം ജൂലൈ–ഓഗസ്റ്റ് മാസങ്ങളാണ്. തെങ്ങിൻതോപ്പുകളിലാണ് കൃഷിയെങ്കിൽ കൊക്കോയുടെ ഉയരം നിയന്ത്രിക്കാൻ രണ്ടു തട്ടുകളായി നിര്‍ത്തണം. തലപ്പിന്റെ വിസ്തൃതിയാകട്ടെ, 15–20 സെ.മീറ്ററായി നിലനിർത്തുകയും വേണം.

വായിക്കാം ഇ - കർഷകശ്രീ

കൊക്കോ തൈകൾ നട്ടശേഷം ഒരു കൊല്ലം ആകുന്നതിനു മുമ്പു ശിഖരങ്ങൾ‌ ഉണ്ടായിത്തുടങ്ങും. എന്നാലിത് ചുവട്ടിൽനിന്ന് ഒന്നൊന്നര മീറ്റർ ഉയരം വരെ ഉണ്ടാകാൻ അനുവദിക്കരുത്. ചെടിയുടെ ഉയരം അഞ്ചു മീറ്ററിൽ കൂടാതിരിക്കാനും വേണ്ടതു ചെയ്യണം. രണ്ടു തട്ടുകൾ പൂർണമായും വളർന്നുകഴിഞ്ഞാൽ ചെടിയുടെ അഗ്രമുകുളങ്ങൾ നുള്ളിക്കളയുന്നതു വഴി ഉയരം നിയന്ത്രിക്കാം.

സങ്കരയിനം കൊക്കോ തൈകൾ വളരുന്ന തോട്ടങ്ങളിൽ രണ്ടു വർഷത്തെ വളർച്ചയായാൽ പിന്നെ ചെടി കുത്തനെ വളരാൻ വിടരുത്. ചെടിത്തലപ്പിന് കുടയുടെ ആകൃതിയാകുംവിധം കൊമ്പുകൾ കോതണം. മുകുളനം (ബഡ്ഡിങ്) നടത്തിയ മരങ്ങൾക്ക് ആദ്യത്തെ നാലഞ്ചു വർഷം ശിഖരം കോതൽ വളരെ പ്രധാനമാണ്. പത്തു പന്ത്രണ്ടു കൊല്ലം കൊണ്ട് സങ്കരയിനം തൈകൾക്കും ബഡ്തൈകൾക്കും തുല്യം വിളവു നൽകാനാവും.

എല്ലാ മരത്തിന്റെയും വളർച്ച ഒന്നു പോലെയല്ലാത്തതിനാൽ ശിഖരം കോതൽ എല്ലാ ചെടികൾക്കും ഒരേ രീതിയിലാകണമെന്നില്ല. തണലിന്റെ ഏറ്റക്കുറവ്, സഹവിളകളുടെ വളർച്ച എന്നിവ കണക്കിലെടുത്താകണം ശിഖരം മുറിക്കൽ. ആദ്യകാലത്ത് ഇതു നടത്തേണ്ടത് ചെടിക്കുവേണ്ട ആകൃതി ലക്ഷ്യമിട്ടാകണം. തോട്ടത്തിൽ ചെടി ചുവട് ഉറപ്പിച്ചു കഴിഞ്ഞാൽ ആവശ്യമായ അളവിൽ സൂര്യപ്രകാശം തായ്ത്തടിയിൽ വീഴത്തക്കവിധം ഇലത്തഴപ്പ് കോതിനീക്കണം.

വിളവുശേഷി കൂട്ടാൻ നന

വർഷം മുഴുവൻ നിശ്ചിത കാലയളവിൽ മഴ ലഭിക്കുന്നിടങ്ങളിൽ മഴയെ ആശ്രയിച്ചു കൊക്കോ കൃഷി ചെയ്യാം. ഇതിനു സാധ്യതയില്ലാത്തിടങ്ങളിലും വരൾച്ചക്കാലത്തും നന നിർബന്ധം. അഞ്ചു ദിവസത്തിലൊരു നന എന്നാണ് ശുപാർശ. നനച്ചാൽ വളർച്ചയും വിളവും മെച്ചപ്പെടും.

ഫാൻ, ചുപ്പോൺ ശാഖകൾ

കൊക്കോച്ചെടി ഒന്നര മീറ്ററോളം ഉയരത്തിൽ വളർന്നാൽ വശങ്ങളിലേക്കു ഫാൻ ശാഖകളും മുകളിലേക്കു ചുപ്പോൺ ശാഖകളും വളരുന്നു. ചുപ്പോൺ ശാഖകൾ ചെത്തിക്കളയണം. വശങ്ങളിലേക്കു വളരുന്നവയിലാണു കായ് പിടിക്കുക. ഇതിന്റെ വളർച്ചയും കമ്പുകൾ കോതി നിയന്ത്രിക്കണം
.

No comments:

Post a Comment