കോൺക്രീറ്റ് കാടുകൾക്കുള്ളിൽ കള്ളിച്ചെടിക്കൂട്ടം

ഒരു വരൾച്ചയ്ക്കും കീഴടങ്ങാതെ പച്ചയുടെ അരികു ചേർന്നു ഞാൻ മറ്റൊരു സൗന്ദര്യമൊരുക്കുന്നു എന്നു കള്ളിച്ചെടിയെക്കുറിച്ചു കവി പാടി. അതു വെറുതെയല്ലെന്നറിയാൻ കോഴിക്കോട് തിരുത്തിയാട് അഴകൊടി ക്ഷേത്രത്തിനു സമീപം ‘അശ്വതി’യിൽ ബാലകൃഷ്ണന്റെ മട്ടുപ്പാവിലേക്കു കയറിയാൽ മതി. അപൂർവമായി ലഭിക്കുന്ന ജലകണികകളെ കൂർത്ത മുള്ളുകളായി വിരിയിച്ച് സൗന്ദര്യം തീർക്കുന്നു എന്നാണ് കവി സച്ചിദാനന്ദൻ കള്ളിച്ചെടിയെക്കുറിച്ചു പാടിയത്. എന്നാൽ, ബാലകൃഷ്ണന്റെ കള്ളിച്ചെടികളിൽ ചിലത് അത്യുഷ്ണത്തെ ആവാഹിച്ചു പൂവിരിയിച്ച് സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ അഞ്ഞൂറിലേറെ ഇനത്തിൽപ്പെട്ട ആയിരത്തിലേറെ കള്ളിച്ചെടികളാണ് മട്ടുപ്പാവിൽ വളരുന്നത്. മുൻകാലത്തു കുട്ടികൾ ഭയന്ന മുള്ളു നിറഞ്ഞ നാടൻ കള്ളിച്ചെടികൾ മുതൽ തായ്‌ലാൻഡ്, പോളണ്ട്, ഇന്തോനേഷ്യ, ചൈന തുടങ്ങി വിവിധ ദേശങ്ങളിൽ നിന്നുള്ളവ വരെ ബാലകൃഷ്ണന്റെ മട്ടുപ്പാവിലുണ്ട്. പച്ച നിറത്തിൽ മുള്ളു നിറഞ്ഞ കള്ളിച്ചെടികളെയാണ് ഏറെ പേരും കണ്ടിരിക്കുക.
എന്നാൽ, വിവിധ വർണങ്ങളിൽ അത്ര തന്നെ മൃദുവായ മുള്ളുകളുള്ള കള്ളിച്ചെടികൾ ശേഖരത്തെ മനോഹരമാക്കുന്നു.ശങ്കർ ഓഫ്സെറ്റ് പ്രിന്റേഴ്സ് നടത്തുന്ന ബാലകൃഷ്ണനു ചെടി വളർത്തൽ ചെറുപ്പം മുതലെ ശീലമാണ്. വ്യത്യസ്തമായ കള്ളിച്ചെടികളെ ചില പ്രദർശനങ്ങളിൽ കണ്ടപ്പോൾ കമ്പം കയറി. ലോകത്തിന്റെ പല ഭാഗത്തുമുള്ള കള്ളിച്ചെടി നഴ്സറികളുടെ വിലാസങ്ങൾ കണ്ടെത്തി, അവ വരുത്തി. അതിനെ പരിപാലിക്കാൻ ഭാര്യ ബേബി, മക്കളായ രാഹുൽ, ഗോകുൽ മരുമക്കളായ ദീപിക, സൗമ്യ എന്നിവരുമുണ്ട്.
കള്ളിച്ചെടികൾക്കു വെള്ളം നന്നെ കുറവു മതിയെങ്കിലും പലതിനും കൂടിയ പരിചരണം ആവശ്യമാണ്. വിദേശത്തു നിന്നു വരുത്തുന്ന ചെടികളെ അതേ പടി വളർത്തുകയല്ല ബാലകൃഷ്ണൻ ചെയ്യുന്നത്. അതിൽ നിന്നും കൂടുതൽ ഉൽപ്പാദിപ്പിക്കാനായി പല വിദ്യകളും ചെയ്യുന്നു. അതിനായി പ്രത്യേക ഗ്ലാസ് ചേംബറും ഒട്ടിപ്പു നടത്താനായി കാട്ടു കള്ളിയും ഒരുക്കുന്നുണ്ട്.
കള്ളിച്ചെടികൾ മാത്രമല്ല ഓർക്കിഡുകളുടെ വലിയൊരു ശേഖരവും ആന്തൂറിയം, ചെമ്പരത്തി തുടങ്ങി പൂച്ചെടികളും പച്ചമുളക് മുതൽ പപ്പായ വരെയും ബാലകൃഷ്ണനും കുടുംബവും വളർത്തുന്നുണ്ട്. കാഴ്ചക്കാരിൽ അത്ഭുതം വിരിയിക്കുന്ന സ്പാനിഷ് മോസ് എന്ന പ്രത്യേക തരം സസ്യവും ഉണ്ട്. നാരുപോലെയുള്ള ഈ സസ്യം വെറുതെ കെട്ടിത്തൂക്കിയാൽ മതി മാസങ്ങൾ കൊണ്ടു വലിയ ജഡയായി വളരും
.
No comments:
Post a Comment