Thursday, 22 December 2016

കുരുമുളകിന് അന്തകരായി മഴക്കുറവും കൊടുംചൂടും


Pepper

മഴയെ ആശ്രയിച്ചുള്ള കൃഷിയായതിനാൽ ഈ വർഷത്തെ മഴക്കുറവും വർധിച്ചു വരുന്ന താപനിലയുമൊക്കെ കുരുമുളകിനെ സാരമായി ബാധിക്കാൻ സാധ്യതയേറെയാണെന്നു കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം. കേരളം, കർണാടക, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിൽ പലയിടത്തും ഇപ്പോൾ കൊടികൾക്കു മഞ്ഞളിപ്പും വാട്ടവും കണ്ടുവരുന്നു. ഇതു ദ്രുതവാട്ടമോ സാവധാനവാട്ടമോ അല്ല, മണ്ണിലെ ഈർപ്പത്തിന്റെ അഭാവം മൂലമാണ്.

ഒരു ദീർഘകാല വിളയായ കുരുമുളകിന്റെ വേരുപടലം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നതു മണ്ണിന്റെ മേൽത്തട്ടിലാണ് (60 സെമീ ചുറ്റളവിൽ). അതുകൊണ്ടുതന്നെ മണ്ണിലെ ജലനിരപ്പ് അതിവേഗം താഴ്ന്നതിനാൽ കൊടികൾക്കു ലഭ്യമാകുന്ന ജലാംശത്തിൽ ഈ വർഷം ഗണ്യമായ കുറവു വന്നിട്ടുണ്ട്. മണ്ണിന്റെ ഘടന, തോട്ടത്തിലെ തണൽ എന്നിങ്ങനെ അതതു സ്ഥലത്തിന്റെ പ്രത്യേകതകൾ ജലലഭ്യതയിൽ സാരമായ വ്യതിയാനങ്ങൾ സൃഷ്ടിക്കാം.

ഈ വർഷം പൊതുവെ നല്ല വിളവുള്ളതിനാൽ കൊടികൾക്കുണ്ടാകുന്ന ജലദൗർലഭ്യത്തിന്റെ ആഘാതം കൂടുതലായിരിക്കും. വരും മാസങ്ങളിൽ അന്തരീക്ഷത്തിലെ താപനില ഏറുന്നതോടെ പ്രശ്നം ഗുരുതരമാകാം. ഏകദേശം 34% കുറവാണ് ഈ വർഷം കേരളത്തിൽ മൺസൂൺ ലഭ്യതയിലുണ്ടായിരിക്കുന്നത്. തുലാവർഷത്തിൽ 62 ശതമാനവും. കാലാവസ്ഥാ വ്യതിയാനങ്ങളോട് അതിവേഗം പ്രതികരിക്കുന്ന കുരുമുളക് പോലെയുള്ള വിളകളിൽ ജലദൗർലഭ്യത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണു മഞ്ഞളിപ്പും വാട്ടവും.

ഇത്തരം ലക്ഷണങ്ങൾ തോട്ടങ്ങളിൽ കാണുന്നുണ്ടെങ്കിൽ കർഷകർ അടുത്തുള്ള കൃഷിവിജ്ഞാന കേന്ദ്രങ്ങളെയോ ഗവേഷണശാലകളെയോ കൃഷിഭവനുകളെയോ അടിയന്തരമായി ബന്ധപ്പെടുകയും ആവശ്യമായ ജലസംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യണം. മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ കൊടികളുടെ ചുവട്ടിൽ പുതയിടുക, ഓലയോ ഷെഡ്‌നെറ്റോ ഉപയോഗിച്ചു കൊടികൾക്കു സംരക്ഷണമൊരുക്കുക, കൊടികളിൽ രണ്ടു ശതമാനം ചുണ്ണാമ്പു ലായനി തളിക്കുക തുടങ്ങിയവ ചെയ്യാം.

ജലലഭ്യതയുള്ളയിടങ്ങളിൽ പത്തോ പതിനഞ്ചോ ദിവസങ്ങൾ കൂടുമ്പോൾ കൊടിയൊന്നിനു 10 മുതൽ 15 ലീറ്റർ എന്ന തോതിൽ ജലസേചനം നടത്തുക. ജലദൗർലഭ്യമുള്ള സ്ഥലങ്ങളിൽ കൊടിയുടെ ചുവട്ടിൽ മൺകലങ്ങളോ കുപ്പികളോ സ്ഥാപിച്ചു ജലസേചനമൊരുക്കാം.

കൊടുംവരൾച്ച അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ വിളവെടുപ്പ് അൽപം നേരത്തേയാക്കിയാൽ കൊടികളുടെ നാശം തടയാൻ കഴിയും. എന്തായാലും മഞ്ഞളിപ്പും വാട്ടവും പരിഹരിക്കാൻ കീടനാശിനികൾ പ്രയോഗിക്കുന്നതിനു മുൻപു വിദഗ്ധോപദേശം തേടണമെന്നും ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു
.

No comments:

Post a Comment