പൈനാപ്പിൾ അസാധു; ചക്കക്കുരുവിന് ക്യൂ

പറമ്പിൽ വീണ് പക്ഷികൾക്കും പ്രാണികൾക്കും ഭക്ഷണമായി മാറിയിരുന്ന ചക്കക്കുരുവിനു വില കിലോഗ്രാമിന് 80 രൂപ. മാസങ്ങളോളം കഠിനാധ്വാനം ചെയ്ത് വിളവെടുത്തു കേടുകൂടാതെ വിപണിയിലെത്തിക്കുന്ന പൈനാപ്പിളിനു വില 15 രൂപ. പൈനാപ്പിൾ വിലയിടിവിനെ തുടർന്നു വൻ നഷ്ടം നേരിട്ട പൈനാപ്പിൾ കർഷകർ തലയിൽ കൈവച്ചു കേഴുമ്പോൾ പറമ്പിൽ വെറുതെ കളഞ്ഞിരുന്ന ചക്കക്കുരു വലിയ വില കൊടുത്തായാലും വാങ്ങാൻ സൂപ്പർ മാർക്കറ്റുകളിൽ പോലും തിരക്കാണ്.പൈനാപ്പിൾ വിലയിടിവിനു വിവിധ കാരണങ്ങളാണു കർഷകർ ചൂണ്ടിക്കാണിക്കുന്നത്.

നോട്ട് അസാധുവാക്കലിനെത്തുടർന്ന് വാങ്ങാനെത്തുന്നവരുടെ എണ്ണം കുറഞ്ഞത്, ജയലളിതയുടെ മരണത്തെത്തുടർന്നു തമിഴ്‌നാട്ടിലേക്കുള്ള പൈനാപ്പിൾ കയറ്റുമതി ഇടിഞ്ഞത്, വിവിധ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലുകൾ എന്നിവയൊക്കെ പൈനാപ്പിൾ വിലയിടിവിനു കാരണമായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കിലോഗ്രാമിനു 30 രൂപ വില ലഭിച്ചിരുന്ന പൈനാപ്പിളിനാണു വില 17ലേക്കും 15ലേക്കും താഴ്ന്നത്. ഉൽപാദനം കുറവായിട്ടും പൈനാപ്പിൾ വില ഉയരാത്തതു കർഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പൈനാപ്പിൾ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ കെട്ടിക്കിടക്കുന്ന അവസ്ഥയും ഉണ്ട്. 30% വരെ പൈനാപ്പിൾ കയറ്റുമതിയിൽ കുറവുണ്ടായതായി കർഷകരും വ്യാപാരികളും പറയുന്നു. ചക്കക്കുരുവിന്റെ സ്ഥിതി ഇതല്ല. നാട്ടിലെങ്ങും ചക്കക്കുരു കിട്ടാനില്ല. പച്ചക്കറി മാർക്കറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും വിലപിടിപ്പുള്ളതും അപൂർവവുമായ വിഭവങ്ങളിലൊന്നാണു ചക്കക്കുരുവിപ്പോൾ. ജാക്ക് സീഡ് മസാല, പോട്ട് റോസ്റ്റഡ് ജാക്ക് സീഡ്, സ്വീറ്റി ജാക് സീഡ് തുടങ്ങി വായിൽകൊള്ളാത്ത ഇംഗ്ലിഷ് പേരുകൾ ചേർത്തു ചക്കക്കുരു വിഭവങ്ങൾ സ്റ്റാർ ഹോട്ടലിലെ മെനുവിൽ പോലും നിരന്നതോടെയാണു വില കയറിക്കയറി കിലോഗ്രാമിന് 80 രൂപ വരെ എത്തിയത്. കഴിഞ്ഞ വർഷം ഈ സമയം 40 രൂപയായിരുന്നു വില. കപ്പ– ചക്കക്കുരു മിക്‌സ്, ചക്കക്കുരു ഉപ്പേരി, അവിയൽ തുടങ്ങി രുചിയേറുന്ന ചക്കക്കുരുവിഭവങ്ങളുമേറെയാണ്. ചക്കക്കുരുവിൽ വൈറ്റമിൻ ബി1, ബി2, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നുവെന്നാണു പഠനങ്ങൾ വ്യക്തമാക്കുന്നത്. ചക്കച്ചുളയും ചക്കക്കുരുവും കാൻസറിനെ തടഞ്ഞു നിർത്താൻ കഴിയുന്നവയാണെന്നു രാജീവ്ഗാന്ധി ബയോടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നടന്ന പരീക്ഷണങ്ങൾ വിശദമാക്കിയിരുന്നു. ചക്കക്കുരു പ്രതിരോധ ശക്തിയും വർധിപ്പിക്കുന്നുണ്ട്. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുഘടകം ഭക്ഷണത്തിലെ പഞ്ചസാര തന്മാത്രകളുടെയും, കൊഴുപ്പു ഘടകങ്ങളുടെയും ആഗിരണം കുറയ്ക്കുന്നുവെന്നുമൊക്കെ പഠന റിപ്പോർട്ടുകൾ വന്നതോടെ പണ്ട് പുച്ഛത്തോടെ പറമ്പിലേക്ക് എറിഞ്ഞു കളഞ്ഞ ചക്കക്കുരുവിനെത്തേടി അലഞ്ഞു നടക്കുകയാണു മലയാളികൾ
.
.
No comments:
Post a Comment