Tuesday, 6 December 2016

ഒമേഗ ത്രീ ഇറച്ചിക്കോഴി


abdul-nazar-with-omega-3-chicken
ഒമേഗ ഇറച്ചിക്കോഴികളുമായി അബ്ദുൾ നാസർ...

ഇറച്ചിക്കോഴിയില്ലാതെ എന്താഘോഷം എന്ന നിലയ്ക്കാണ് കാര്യങ്ങൾ. അത്രയ്ക്കുണ്ട് കോഴിയിറച്ചി വിഭവങ്ങളും അവയുടെ വിൽപനയും കേരളത്തിൽ. ഈ സാഹചര്യത്തിൽ കോഴിയിറച്ചിയുടെ ഗുണനിലവാരം വർധിപ്പിക്കാനുതകുന്ന കണ്ടെത്തലാണ് ഒമേഗ ത്രീ കോഴികൾ. കേന്ദ്ര മൽസ്യ സാങ്കേതിക ഗവേഷണ സ്ഥാപന (CIFT- സിഫ്റ്റ്)ത്തിന്റെ ഈ പരീക്ഷണം വിജയകരമായി നടന്നത് പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് ഓങ്ങനല്ലൂർപറമ്പിൽ വീട്ടിൽ അബ്ദുൾ നാസറിന്റെ ‘കൊക്കരക്കോ’ പൗൾട്രി ഫാമിൽ.

‘‘മനുഷ്യശരീരത്തിന് അത്യാവശ്യമുള്ളതും എന്നാൽ ശരീരത്തിന് സ്വയം നിർമിക്കാൻ കഴിയാത്തതുമാണ് ഒമേഗ– 3 കൊഴുപ്പ്. മത്തി, അയല തുടങ്ങിയ കടൽമൽസ്യങ്ങളിൽ ഒമേഗ–3 കൊഴുപ്പ് ധാരാളമുണ്ട്. മത്തിയുടെ എണ്ണയിൽനിന്നു ഒമേഗ–3 വേർതിരിച്ചെടുക്കുന്നതിനും അത് ശരിയായ അനുപാതത്തിൽ കോഴിത്തീറ്റയിൽ കലർത്തി സമ്പുഷ്ടമാക്കുന്നതിനും സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതാണ് പരീക്ഷണത്തിന്റെ ആദ്യഘട്ടം. തുടർന്ന് ഈ തീറ്റ നൽകി ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ വളർത്തി. പൂർണവളർച്ചയെത്തിയവയുടെ മാംസത്തിൽ ഒമേഗ–3 തൃപ്തികരമായ അളവിലുണ്ടെന്നായിരുന്നു കണ്ടെത്തൽ’’, പരീ‌ക്ഷണത്തിനു നേതൃത്വം നൽകിയ സിഫ്റ്റിലെ ഗവേഷകരായ ഡോ:ആർ. അനന്തൻ, ഡോ:എസ്. ആശാലത, ഡോ:കെ.വി. ലളിത, ഡോ:എം. നാസർ എന്നിവർ പറയുന്നു.

വായിക്കാം ഇ - കർഷകശ്രീ

‘ജനങ്ങൾ ഇനിയും തിരിച്ചറിയാത്ത സുപ്രധാന നേട്ട’മെന്നാണ് തന്റെ ഒമേഗാ കോഴികളെക്കുറിച്ച് അബ്ദുൾ നാസറിന്റെ അഭിപ്രായം. ‘‘വാങ്ങുന്നവർ വീണ്ടും വാങ്ങുന്നു. നല്ല രുചിയുള്ള ഇറച്ചിയെന്ന് തലകുലുക്കി സമ്മതിക്കുന്നു. പക്ഷേ ഒമേഗ ത്രീ കോഴിയെന്താണെന്നൊന്നും ജനത്തിനു മനസ്സിലായിട്ടില്ല. അതുകൊണ്ടു സാധാരണ ഇറച്ചിക്കോഴിയുടെ വിലയ്ക്കു തന്നെ വിൽക്കേണ്ടി വരുന്നു.’’

വിൽപനശാലകളിൽ നിന്നു ദിവസവും ശേഖരിക്കുന്ന മൽസ്യാവശിഷ്ടങ്ങൾ യന്ത്രസഹായത്താൽ അരച്ചെടുത്ത് അതിൽ തവിട്, ചോളം തുടങ്ങിയവ ചേർത്ത് ഒമേഗ–3 സാന്നിധ്യമുള്ള കോഴിത്തീറ്റ തയാറാക്കൽ ശ്രമകരവും ചെലവേറിയതുമാണ്. പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ, ആവശ്യമായ പോഷകങ്ങൾ വേണ്ടത്ര അളവിൽ തീറ്റയിൽനിന്നു ലഭിക്കാത്തത് കോഴിക്കുഞ്ഞുങ്ങളുടെ വളർച്ചയെ ബാധിച്ചു. തീറ്റയിലുൾപ്പെടുത്തിയ ഓരോ ഘടകത്തിന്റെയും അനുപാതം പടിപടിയായി ക്രമീകരിച്ച് ഈ പോരായ്മ പരിഹരിച്ചു. വളർച്ചയുടെ ഓരോ ഘട്ടത്തിലും കോഴിയിറച്ചിയിലെ ഒമേഗ ത്രീ സാന്നിധ്യം പഠിക്കുകയും ചെയ്തു.

silage-for-hen
ഇറച്ചിയിൽ ഒമേഗ-3 ലഭിക്കുന്നതിനായി പ്രത്യേകം തയാറാക്കുന്ന കോഴിത്തീറ്റ...

നിലവിൽ 45 ദിവസംകൊണ്ട് അബ്ദുൾ നാസറിന്റെ ഒമേഗ ഇറച്ചിക്കോഴികൾ രണ്ട് കിലോ വളർച്ച നേടുന്നു. കോഴിയൊന്നിന് 140 രൂപയോളം മുടക്കു വരും. 2500 ചതുരശ്രയടി വീതം വിസ്തൃതിയുള്ള മൂന്ന് ഷെഡ്ഡുകളിലായി ആറായിരം കോഴികളെ ഒരു ബാച്ചിൽ പരിപാലിക്കുന്നു. വെൻകോബാണ് ഇനം. ഏതിനമായാലും പ്രശ്നമല്ല, തീറ്റയിലാണ് കാര്യമെന്നു നാസർ. നാൽപതു ദിവസം വളർച്ചയെത്തുന്നതോടെ പട്ടാമ്പിയിലും ഓങ്ങല്ലൂരുമുള്ള സ്വന്തം ചിക്കൻ സ്റ്റാളിലൂടെ അബ്ദുൾ നാസർ ഒമേഗക്കോഴികളെ ഇറച്ചിക്കോഴിപ്രിയരിലെത്തിക്കുന്നു.

ഒമേഗക്കോഴിയിറച്ചിയുടെ മേന്മകളെക്കുറിച്ച് ആളുകൾ അറിയണമെന്നും കൂടുതൽ സംരംഭകർ ഈ വഴിക്ക് വരണമെന്നുമാണ് അബ്ദുൾ നാസറിന്റെ അഭിപ്രായം. അതുവഴി മറ്റ് ബ്രോയിലർ ഇനങ്ങളെക്കാൾ കൂടുതൽ വിലയും പരിഗണനയും ഇതിനു ലഭിക്കുമെന്നും ഈ സംരംഭകൻ പ്രതീക്ഷിക്കുന്നു.

ഫോൺ സിഫ്റ്റ്: 0484 2412300 (ഡോ:എസ്. ആശാലത): 9446333224 അബ്ദുൾ നാസർ: 974600711
9

No comments:

Post a Comment