Thursday, 8 December 2016

ലോകമാകെ നിരോധിച്ച 51 കീടനാശിനികൾ ഇവിടെ പ്രയോഗത്തിൽ


Endosulfan

ലോകമാകെ നിരോധിച്ച 67 കീടനാശിനികളിൽ 51 എണ്ണം ഇന്ത്യയിൽ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നും വിദഗ്ധ പാനലിന്റെ ശുപാർശപ്രകാരമാണ് ഇതിന് അനുമതി നൽകിയതെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ എൻഡോസൾഫാൻ നിരോധനം തുടരും.

27 കീടനാശിനികൾക്കു നൽകിയ അനുമതി 2018ൽ പുനരവലോകനം ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് ജി.രോഹിണി, ജസ്റ്റിസ് സംഗീത ധിൻഗ്ര എന്നിവരുൾപ്പെട്ട ബെഞ്ചിനു മുൻപാകെ നൽകിയ സത്യവാങ്മൂലത്തിൽ കൃഷി മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഉപയോഗിക്കുന്ന 51 കീടനാശിനികളിൽ ആറെണ്ണം 2020ൽ നിരോധിക്കണമെന്നു വിദഗ്ധർ ശുപാർശ ചെയ്തിട്ടുണ്ട്.

പൊതുജനങ്ങളിൽ നിന്നുൾപ്പെടെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം. 13 കീടനാശിനികൾക്കു സമ്പൂർണ നിരോധനമേർപ്പെടുത്തുന്നതിനെക്കുറിച്ചു ജനങ്ങളിൽ നിന്ന് അഭിപ്രായം സ്വരൂപിച്ചു വരികയാണ്.

അതേസമയം, ഫെനിത്രോതിയോൻ എന്ന കീടനാശിനി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നു മന്ത്രാലയം അറിയിച്ചു. ചില കീടനാശിനികൾക്ക് ഉടൻ നിരോധനമേർപ്പെടുത്തണമെന്നാവശ്യപ്പെട്ടു കെ.വി. ബിജുവാണു ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്.

സർക്കാരിന്റെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഹർജി പിൻവലിച്ചു. വിദഗ്ധ പാനൽ പിരിച്ചുവിട്ട് പുതിയ പാനൽ രൂപീകരിക്കണമെന്നാവശ്യപ്പെട്ടു പുതിയ ഹർജി നൽകി. വിദഗ്ധ പാനലിൽ കീടനാശിനി കമ്പനികളുടെ പ്രതിനിധികളുണ്ടെന്നും അവർക്കു വ്യവസായ താൽപര്യങ്ങളുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.

ഡിഡിടി കീടനാശിനി പരിമിതമായ അളവിൽ ആരോഗ്യ മേഖലയിലും കൊതുകു നശീകരണത്തിനും ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഇതിനു പൂർണ നിരോധനമേർപ്പെടുത്തുന്ന കാര്യത്തിൽ പ്ലാന്റ് പ്രൊട്ടക്​ഷൻ ഗ്യാരന്റൈയിൻ ആൻഡ് സ്റ്റോറേജ് ഡയറക്ടറേറ്റിന്റെ അഭിപ്രായമാരാഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കും
.

No comments:

Post a Comment