സംരംഭങ്ങളുടെ പൂന്തോട്ടം

‘അമേരിക്കയിൽ സ്വകാര്യ വാഹനങ്ങളുടെ കുത്തൊഴുക്കുണ്ടാവുന്നത് ഇടത്തരക്കാരുടെ പോക്കറ്റിനു താങ്ങാവുന്ന മോഡൽ ടി ഫോർഡ് കാറുകളുടെ വരവോടെയാണ്, വാഹനങ്ങൾ പെരുകിയതോടെ അമേരിക്കയുടെയും പിന്നാലെ ലോകത്തിന്റെയും സുന്ദരമായ ലാൻഡ്സ്കേപ്പിനെ നശിപ്പിച്ചുകൊണ്ട് കൂടുതൽ റോഡുകളും പാലങ്ങളും നിർമിക്കപ്പെട്ടു, പ്രകൃതിയും അന്തരീക്ഷവും മലിനമാവാൻ തുടങ്ങി...’ ഫോർഡിനെതിരെയുള്ള ചില പരിസ്ഥിതിവാദികളുടെ ആരോപണങ്ങൾ ഇങ്ങനെ നീളുന്നു.
വായിക്കാം ഇ - കർഷകശ്രീ
അതെന്തായാലും ഫോർഡ് സായിപ്പ് മേൽപറഞ്ഞതിൽ കാര്യമുണ്ട്. പണം മാത്രം പോരാ, മനസ്സുഖം കൂടി ബോണസായി ലഭിക്കുന്ന എന്തെങ്കിലും സംരംഭം തുടങ്ങണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം കേരളത്തിലും കൂടിവരുന്നു. കൃഷിയോടും ഉദ്യാനനിർമാണംപോലുള്ള അനുബന്ധ സംരംഭങ്ങളോടുമുള്ള മമത വർധിക്കുന്നതിന്റെ ഒരു കാരണം ഇതുതന്നെ. ഉദ്യാനനിർമാണം, പ്രകൃതിയിൽ നാഗരികത ഏൽപിച്ച മുറിവുകൾ ഉണക്കുന്ന സംരംഭമാണ് എന്നുകൂടി വരുമ്പോൾ സായിപ്പു പറയാതെ വിട്ട ഒരു കാര്യം പിൻഗാമികൾക്കു പറയാം; ഒന്നാംതരം ബിസിനസുകളിൽ ഒന്നാമൻ കാർഷിക സംരംഭം തന്നെ.
അവസരങ്ങളുടെ ഉദ്യാനം
‘‘നിർമാണപ്രവർത്തനങ്ങളുടെ (construction) ഭാഗമാണ് നശീകരണം (destruction). ഒരു കെട്ടിടം നിർമിക്കുമ്പോൾ അവിടെ നിലനിന്ന ആവാസവ്യവസ്ഥ തകരുന്നു. പ്രകൃതിയിലുണ്ടാക്കുന്ന ഈ ക്ഷതങ്ങളെ പരിഹരിക്കുകയാണ് ലാൻഡ്സ്കേപ്പിങ്ങിലൂടെ. എന്നാൽ ഈ അർഥത്തിലുള്ള ലാൻഡ്സ്കേപ്പിങ് കേരളത്തിലിന്നും ശൈശവദശയിലാണ്. പലർക്കും ലാൻഡ്സ്കേപ്പിങ് എന്നാൽ ചെടി നടീൽ മാത്രം.

കെട്ടിടം പൂർത്തിയായ ശേഷം ഏറ്റവും ഒടുവിലാണ് നാം ഉദ്യാനത്തെക്കുറിച്ച് ചിന്തിച്ചിരുന്നത്. പരിഹരിക്കാനാവാത്ത ചില നഷ്ടങ്ങൾ അവിടത്തെ ഭൂപ്രകൃതിയിൽ അപ്പോഴേക്കും സംഭവിച്ചിരിക്കും. അതുകൊണ്ട് ആർക്കിടെക്ചർ പ്ലാനിങ് തുടങ്ങുമ്പോൾതന്നെ ലാൻഡ്സ്കേപ്പ് ആർക്കിടെക്ചറും തുടങ്ങണം. ഇത്തരം കാര്യങ്ങളിൽ ഇന്ന് മിക്കവരും ശ്രദ്ധ വയ്ക്കുന്നുണ്ട്. അതിനനുസരിച്ച് കേരളത്തിലെ ഉദ്യാന നിർമാണരംഗം നൂതന പ്രവണതകളും മികച്ച വളർച്ചയും കാണിക്കുന്നു. ഒട്ടേറെ സംരംഭങ്ങളും തൊഴിലവസരങ്ങളും അതിന്റെ ഭാഗമായി ഉയർന്നുവരുന്നു’’, ലാൻഡ്സ്കേപ്പ് ആർക്കിടെക്ചറിൽ ബിരുദാനന്തരബിരുദമുള്ള കേരളത്തിലെ അപൂർവംപേരിൽ ഒരാളായ പ്രമുഖ ആർക്കിടെക്ട് കൃഷ്ണകുമാർ നായർ പറയുന്നു.

നിർമാണത്തൊഴിലാളി മുതൽ ലാൻഡ്സ്കേപ്പ് ആർക്കിടെക്ട് വരെ നീളുന്ന തൊഴിൽശൃംഖലയും അമ്പതു രൂപയുടെ പൂച്ചട്ടി മുതൽ ലക്ഷങ്ങളുടെ ഉൽപന്നങ്ങൾവരെ നിർമിക്കുന്ന സംരംഭങ്ങളുമായി സാധ്യതകളുടെ പുതുലോകമുണരുകയാണ്. പുതിയ പൂന്തോട്ടശൈലികളും ഒട്ടേറെ സാധ്യതകൾക്കു വഴിയൊരുക്കുന്നുണ്ട്. ചെടികൾ കുത്തനെ ക്രമീകരിക്കുന്ന വെർട്ടിക്കൽ ഗാർഡനു ലഭിക്കുന്ന സ്വീകാര്യത തന്നെ ഉദാഹരണം.

ഔഷധ ഉദ്യാനങ്ങൾ പോലുള്ള ബദലുകളാണ് മറ്റൊന്ന്. വള്ളിക്കുടിലുകൾ തീർക്കാൻ വള്ളിപ്പാലയും മുല്ലയും ശംഖുപുഷ്പവും ഗരുഡക്കൊടിയും. അതിർവേലിച്ചെടികളായി ആടലോടകവും ചെമ്പരത്തിയും. പുൽത്തകിടിക്കു പകരക്കാരായി കറുകയും മുത്തിളും നിലംപരണ്ടയും. തണൽവിരിക്കാൻ അശോകവും ഇലഞ്ഞിയും കടമ്പും ചെമ്പകവും പവിഴമല്ലിയുംപോലുള്ള മരങ്ങൾ. അമൽപൊരിയും കരിംകുറിഞ്ഞിയും കനകാംബരവും കായാമ്പൂവും ചേർന്ന് കുറ്റിച്ചെടികൾ. കുളത്തിൽ നെയ്യാമ്പലുകൾ. സൂര്യപ്രകാശ ലഭ്യതയുള്ള ഉൾത്തളങ്ങളെ ഹൃദ്യമാക്കാൻ കറ്റാർവാഴയും പനിക്കൂർക്കയും അയ്യമ്പനയും ബ്രഹ്മിയും പോലുള്ളവ. സമ്പൂർണമായിട്ടല്ലെങ്കിലും ഇവയിലേതെങ്കിലുമൊക്കെ ഘടകങ്ങൾ ഇന്നു കേരളീയ ഉദ്യാനങ്ങളുടെ ഭാഗമാകുന്നുണ്ട്. ഇത്തരം മാറ്റങ്ങൾ തൊഴിലവസരങ്ങളുടെ എണ്ണം പിന്നെയും കൂട്ടുന്നു
.
No comments:
Post a Comment