Thursday, 8 December 2016

ഹെൽമറ്റിൽ കൃഷി


vegetable-cultivation-in-helmet-by-joy
ഹെൽമറ്റുകളിൽ കൃഷിചെയ്ത പച്ചക്കറികൾക്കു സമീപം ജോയി....

ഹെല്‍മറ്റ് തലയ്ക്കു മാത്രമല്ല, കൃഷിക്കും രക്ഷാകവചമാണെന്നു തെളിയിക്കുകയാണ് ഇടുക്കി തൊടുപുഴ വെങ്ങല്ലൂർ സ്വദേശി ജോയി. ഉപയോഗശൂന്യമായ ഹെൽമറ്റുകളിൽ പച്ചക്കറിക്കൃഷി ചെയ്തു മികച്ച വിളവെടുക്കുന്നു ഇദ്ദേഹം. ഹെൽമറ്റിൽ മണ്ണ് നിറച്ച് വഴുതന, തക്കാളി, പച്ചമുളക് എന്നിവയാണ് നട്ടു വളർത്തിയത്.

ഉപയോഗശൂന്യമായി വലിച്ചെറിയുന്ന ഹെൽമറ്റുകൾ നശിക്കാതെ മണ്ണിൽ കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഇത്തരമൊരു ആശയമുണ്ടായതെന്ന് വെങ്ങല്ലൂർ വർക്ക്ഷോപ്പ് ജീവനക്കാരനായ ജോയി. എട്ടു മാസം മുൻപ് മൂന്നു ഹെൽമറ്റുകളിലാണ് ആദ്യം കൃഷി ചെയ്തത്. പിന്നീട് ഇത്തരത്തിലുള്ള നാൽപതോളം ഹെൽമറ്റുകൾ ശേഖരിച്ചു.

ഹെൽമറ്റിന്റെ ഉൾഭാഗത്തുനിന്നു സ്പോഞ്ചും മറ്റും എടുത്തു മാറ്റി, നന്നായി കഴുകിയശേഷമാണ് ഹെൽമറ്റിൽ കൃഷിക്കായി മണ്ണ് നിറയ്ക്കുന്നത്. മണ്ണിനൊപ്പം ചാണകപ്പൊടി, എല്ലുപൊടി എന്നിവയും ചേർക്കും. വെള്ളമിറങ്ങിപ്പോകുന്നതിനു പുറംചട്ടയിൽ ദ്വാരമുണ്ടാക്കും.

മണ്ണിന്റെ അളവു കുറവായതിനാലും ഹെൽമറ്റ് വേഗത്തിൽ ചൂടാകുന്നതിനാലും മഴയില്ലാത്ത കാലത്ത് പകൽസമയങ്ങളിൽ കൃത്യമായ ഇടവേളകളിൽ ചെടികൾ നനച്ചുകൊടുക്കണം. ഹെൽമറ്റ് കൃഷിരീതി മാതൃകയാക്കി ഉപയോഗശൂന്യമായ വസ്തുക്കൾ വലിച്ചെറിയാതെ പ്രയോജനപ്പെടുത്താൻ എല്ലാവരും മുന്നോട്ടു വരണമെന്നാണ് ജോയിയുടെ അഭിപ്രായം. ഇരുചക്രവാഹനങ്ങളുടെ എണ്ണം അനുദിനം പെരുകുന്നതിനാൽ ഹെൽമറ്റുകൾ ഭാവിയിലെ ഏറ്റവും വലിയ മാലിന്യപ്രശ്നമായി മാറിയേക്കാമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജോയിയുടെ ന്യൂജെൻ കൃഷിക്കു പിന്തുണയുമായി സ്ഥാപന ഉടമയും ജീവനക്കാരും ഒപ്പമുണ്ട്. ഹെൽമറ്റിലെ കൃഷി കൂടാതെ, ചെറിയ കന്നാസിൽ ആൽ, പ്ലാവ്, ബദാം, മഞ്ചാടി എന്നീ മരങ്ങളും ജോയി ജോലി ചെയ്യുന്ന സ്ഥാപനത്തിനോടു ചേർന്നു വളർത്തുന്നുണ്ട്.

No comments:

Post a Comment