Thursday, 15 December 2016

കൃഷി വായ്പ: ജപ്തി നടപടികൾക്കു മൊറട്ടോറിയം മേയ് 31 വരെ നീട്ടി


farmers

കൃഷി വായ്പകളിന്മേലുള്ള ജപ്തി നടപടികൾക്കു കൃഷിക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് അടുത്ത മേയ് 31 വരെ മൊറട്ടോറിയം നീട്ടി. മഴക്കുറവു കാര്യമായ കൃഷിനാശമുണ്ടാക്കിയ പശ്ചാത്തലത്തിലാണു മന്ത്രിസഭാ തീരുമാനം. ഇക്കാലയളവിലെ റവന്യു റിക്കവറി നടപടികളും നിർത്തിവയ്ക്കും. കാർഷിക വിലത്തകർച്ചയും നോട്ട് നിരോധനം മൂലമുള്ള പ്രതിസന്ധിയുംകൂടി പരിഗണിച്ചാണു തീരുമാനം.

ഇടവപ്പാതിയിൽ 34% മഴ കുറഞ്ഞിരുന്നു. തുലാവർഷത്തിൽ ഇതുവരെ 69% മഴക്കുറവുണ്ട്. സമീപകാലത്തെ ഏറ്റവും വലിയ കുറവാണിത്. ഈ പശ്ചാത്തലത്തിൽ 14 ജില്ലകളും വരൾച്ചബാധിതമായി പ്രഖ്യാപിച്ചിരുന്നു. പാലക്കാട്, വയനാട് ജില്ലകളിൽ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതുമൂലം വൻതോതിൽ കൃഷിനാശമുണ്ടായി. പാലക്കാട്ടു മാത്രം 7000 ഹെക്ടറിൽ കൃഷി നശിച്ചു. വരുന്ന വേനലിൽ കടുത്ത വരൾച്ചയുണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ വിഭാഗവും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

നോട്ട് അസാധുവാക്കൽ നടപടികളെത്തുടർന്നു കൃഷിയുടേത് അടക്കം എല്ലാ സഹകരണബാങ്ക് വായ്പകളുടെയും തിരിച്ചടവിന് അടുത്ത മാർച്ച് 31 വരെ മോറട്ടോറിയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. വയനാട് ജില്ലയിൽ റവന്യു റിക്കവറി നടപടി ഈ 31 വരെ നിർത്തിവയ്ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതു നീട്ടണമെന്നു വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. കൃഷി വായ്പകളിന്മേലുള്ള ജപ്തി നടപടികൾക്കു മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു
.

No comments:

Post a Comment