Monday, 31 October 2016

ഓണക്കൂറിലെ കർഷകർക്ക്

 സർക്കാരിന്റെ അംഗീകാരം


farmers-in-onakkoor
ഓണക്ക‌ൂർ ക്ലസ്റ്റർ സമിതി അംഗങ്ങള‌ുടെ നേതൃത്വത്തിൽ പച്ചക്കറി വിളവെട‌ുക്ക‌ുന്ന‌ു. കൃഷി ഓഫിസർ‌ ബെന്നി ക...

എറണാകുളം ജില്ലയിലെ പ്രധാന പച്ചക്കറി ഉൽപാദന മേഖലയായ പിറവം ഓണക്കൂറിലെ കർഷകർക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. സംസ്ഥാനതലത്തിൽ മികച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള രണ്ടാം സ്ഥാനം ഓണക്കൂർ എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്ററിനു ലഭിച്ചു. ഒന്നാം സ്ഥാനം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനാണ്. പച്ചക്കറി കർഷകർ ചേർന്നു രൂപീകരിക്കുന്ന ചെറുസംഘങ്ങളാണ് ക്ലസ്റ്ററുകൾ. 20 വർഷത്തിലേറെയായി ഓണക്കൂറിൽ കർഷകർ ഒത്തൊരുമയോടെ തുടരുന്ന മുന്നേറ്റത്തിനു ലഭിച്ച അംഗീകാരമാണിത്. 22 കർഷകരാണ് പുരസ്കാരം നേടിയ ക്ലസ്റ്ററിൽ അംഗങ്ങളായുള്ളത്. ഇവർക്കു പുറമേ നൂറോളം കർഷകർ ഓണക്കൂർ കേന്ദ്രീകരിച്ചു പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. ഒരു വിള നെല്ലും അടുത്ത വിള പച്ചക്കറിയുമെന്നതാണ് ഇവിടത്തെ കൃഷിരീതി.
300 ഹെക്ടറോളം സ്ഥലത്ത് വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്യുന്നുവെന്നതാണ് ഓണക്കൂറിലെ പ്രത്യേകത. ഇതുമൂലം ഉൽപാദനച്ചെലവ് ഗണ്യമായി കുറയ്ക്കാനാവുന്നു. സെപ്റ്റംബറിൽ ആരംഭിക്കുന്ന കൃഷി ഫെബ്രുവരിയോടെ വിളവെടുപ്പ് പൂർത്തിയാവും. പയർ, പാവൽ, ചീര, വെണ്ട, പടവലം തുടങ്ങിയവയാണ് ഓണക്കൂറിലെ പ്രധാന കൃഷികൾ. പിറവം നഗരസഭയിലും പാമ്പാക്കുട രാമമംഗലം പഞ്ചായത്തുകളിലുമായാണ് ഓണക്കൂർ പാടശേഖരം വ്യാപിച്ചു കിടക്കുന്നത്. വാക്കനംപാടം കൊട്ടാരം ഇലവനാംപാടം ഉൗരനാട്ട് പാടം തുടങ്ങിയവയാണ് ഇതിൽ പെടുന്നത്.
പാടശേഖരങ്ങൾക്ക് അതിരിട്ട് ഒഴുകുന്ന ഉഴവൂർ തോടാണ് കൃഷിയിടങ്ങളിലെ ജീവനാഡി. തോടിന്റെ ആരംഭത്തിലുള്ള വാക്കനംപാടത്തു നിന്നു പമ്പ് ചെയ്യുന്ന വെള്ളം കൃഷിയിടത്തിലുടനീളം എത്തുന്നതിനായി ചെറുചാലുകൾ ഒരുക്കിയിട്ടുണ്ട്. കർഷകരുടെ കൂട്ടായ്മയും സഹകരണവുമാണ് ഇവിടത്തെ വിജയ രഹസ്യമെന്ന് ഓണക്കൂർ ക്ലസ്റ്റർ സമിതി പ്രസിഡന്റ് പരിയാനിക്കൽ രഘു പറഞ്ഞു. നടീൽ മുതൽ വിളവെടുപ്പ് വരെയുള്ള എല്ലാ ഘട്ടത്തിലും പരസ്പര സഹകരണവുമായി എല്ലാവരും ഒപ്പമുണ്ടാകും.
പനമരം കീറി എട്ട് അടി വരെയും ഉയരമുള്ള കഷണങ്ങളാക്കിയാണ് പച്ചക്കറി പടരുന്നതിനുള്ള പന്തൽ തീർക്കുന്നത്. ഇതു മണ്ണിൽ അടിച്ചുറപ്പിച്ച് കമ്പി പാകി ബലപ്പെടുത്തും. പിന്നീട് കയർ വിരിച്ച് ബലപ്പെടുത്തിയാണ് ചെടികൾ പടരുന്നതിനുള്ള അവസരമൊരുക്കുന്നത്. മുൻപു വിത്ത് മണ്ണിൽ ഇട്ടു മുളപ്പിക്കുകയായിരുന്നു. ഇപ്പോൾ ട്രേയിൽ മുളപ്പിച്ചതിനു ശേഷമാണ് നടുന്നത്.
ഇതുമൂലം ആരോഗ്യമുള്ള ചെടികൾ തിരഞ്ഞെടുക്കുന്നതിനും നല്ല വിളവ് ലഭിക്കുന്നതിനും ഇടയാക്കുന്നതായി ക്ലസ്റ്റർ സെക്രട്ടറി വർഗീസ് മുടവൻകുഴി പറഞ്ഞു. കൃഷിവകുപ്പിന്റെ ഇടപെടൽ മൂലം ഒട്ടേറെ കർഷകർ ജൈവമാതൃകയിലേക്കു തിരിഞ്ഞതായി കൃഷി ഓഫിസർ വി.കെ.ചാക്കോച്ചൻ പറഞ്ഞു. കോഴിവളവും ജൈവകീടനാശിനികളുമെല്ലാം പ്രയോഗിച്ചു തുടങ്ങിയതോടെ ഉൽപാദന ചെലവ് കുത്തനെ കുറഞ്ഞതായി കർഷകരും വ്യക്തമാക്കി.
കഴിഞ്ഞ വർഷം 8.3 ലക്ഷം കിലോഗ്രാം പച്ചക്കറികളാണ് ഇവിടെനിന്നു വിപണിയിലെത്തിയത്. എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലേക്കാണ് പ്രധാനമായും പച്ചക്കറി പോവുന്നത്. ഇക്കുറി ഉൽപാദനം ഇതിലും ഉയരുമെന്നാണ് കണക്കാക്കുന്നത്.
ഓണക്കൂറിലെ പച്ചക്കറി വിപ്ലവം അടുത്തറിയുന്നതിനായി കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ മായ എസ്. നായർ, അസിസ്റ്റന്റ് ഡയറക്ടർ ജിജി എലിസബത്ത് തുടങ്ങിയവർ ഓണക്കൂറിലെത്തിയിരുന്നു.

കാലാവസ്ഥ മാറ്റം: കാപ്പിക്കർഷകർക്ക് ഇരുട്ടടി


coffee-flower

ഹൈറേഞ്ചിൽ പൂത്തുനിൽക്കുന്ന കാപ്പിച്ചെടി....

കാലംതെറ്റിയ കാലാവസ്ഥ ഇടുക്കി ഹൈറേഞ്ചിലെ കാപ്പിക്കർഷകർക്ക് ഇരുട്ടടിയാകുന്നു. ഒരാഴ്ച മുൻപു ലഭിച്ച മഴയിൽ കാപ്പികൾ വ്യാപകമായി പൂവിട്ടത് അടുത്ത സീസണിൽ വിളവുകുറയുന്നതിനു കാരണമാകുമെന്നാണു വിലയിരുത്തൽ.

സാധാരണയായി ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണു കാപ്പിച്ചെടികൾ പൂവിടുന്നത്. ആ സമയത്ത് കാലാവസ്ഥ അനുകൂലമാകുകയും നവംബർ മുതൽ ജനുവരിവരെയുള്ള കാലയളവിൽ വിളവെടുപ്പിനു പാകമാകുകയും ചെയ്യുകയാണു പതിവ്. എന്നാൽ ഇത്തവണ കാലാവസ്ഥയിലുണ്ടായ വ്യതിയാനം എല്ലാ കൃഷികളെയും ദോഷകരമായി ബാധിക്കുകയാണ്. ഇടയ്ക്കുള്ള മഴയും തുടർന്നു കനത്ത ചൂടും അനുഭവപ്പെടുന്ന സ്ഥിതിയാണുള്ളത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ശക്തമായ ചൂട് അനുഭവപ്പെട്ടതു കാപ്പിക്കർഷകർക്കു തിരിച്ചടിയായിരുന്നു. അന്നു വിളവെടുപ്പിനുശേഷം ഉണ്ടായ പൂക്കൾ കരിഞ്ഞുണങ്ങുകയായിരുന്നു. ഇത്തവണ വിളവു കുറയാൻ അതു കാരണമായിട്ടുണ്ട്. ഇതിനിടെയാണു കാലാവസ്ഥ വീണ്ടും വില്ലനായി എത്തുന്നത്.

ജില്ലയിൽ കാപ്പി കൃഷി ചെയ്യുന്ന നൂറ്റൻപതോളം വൻകിട എസ്റ്റേറ്റുകളും ഇരുപതിനായിരത്തോളം ചെറുകിട കർഷകരുമാണുള്ളത്. ഒരു സീസണിൽ ഒറ്റത്തവണ ലഭിക്കുന്ന വിളവിനെ ആശ്രയിച്ചു കഴിയുന്ന കർഷകർക്കാണു കാലാവസ്ഥ വെല്ലുവിളിയാകുന്നത്. പലരും ഈ കൃഷിയോടു വിടപറഞ്ഞിട്ടും ഈ മേഖലയുടെ നിലനിൽപിന് ആവശ്യമായ യാതൊരു പദ്ധതികളും ഉണ്ടാകുന്നില്ല.

1990-92 കാലഘട്ടത്തിൽ 125 രൂപ വരെ എത്തിയ വിലയിൽ ഇപ്പോഴും കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഇതിനിടെ കേവലം 20 രൂപയിലേക്കു വില കൂപ്പുകുത്തിയ അവസരങ്ങളുമുണ്ട്. ഈ വർഷം ആദ്യം 100 രൂപയായിരുന്നു കാപ്പിക്കുരുവിന്റെ വില. ഉൽപാദനത്തിലുണ്ടായ കുറവുമൂലം ഇപ്പോൾ വിലയിൽ നേരിയ മുന്നേറ്റം പ്രകടമായിട്ടുണ്ട്. നിലവിൽ 126-135 രൂപയാണു വില. വളത്തിന്റെയും കീടനാശിനികളുടെയും വിലയും തൊഴിലാളികളുടെ കൂലിയും പതിൻമടങ്ങായി വർധിച്ചിട്ടും ഉൽപന്നത്തിന്റെ വില ഭേദപ്പെട്ടനിലയിലേക്ക് ഉയരാത്തതു കർഷകരെ നിരാശയിലാക്കുന്നു.

എല്ലാ കൃഷികളും ഉണങ്ങിക്കരിയുന്നതിന്റെ വക്കിലാണ്. ഇതിനിടെ ലഭിക്കുന്ന മഴ കർഷകർക്കു നേരിയ ആശ്വാസം നൽകിയിരുന്നെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

കേരളത്തിന്റെ കൃഷി: 60 

വർഷങ്ങളുടെ കഥ


farmers

നെല്ല് ഉൾപ്പെടെയുള്ള ഭക്ഷ്യ ധാന്യങ്ങളുടെ കൃഷിയിലെ തളർച്ച ശ്രദ്ധേയമാണ്. കേരളം പിറന്നപ്പോഴുണ്ടായിരുന്നതിന്റെ പകുതിയോളം അരിയേ കഴിഞ്ഞ വർഷം ഉൽപ്പാദിപ്പിച്ചിട്ടുള്ളൂ.

കൃഷിസ്ഥലം (1951) 54,65,424 ഏക്കർ (2014-15) 50,45,916 ഏക്കർ
തരിശുഭൂമി (1959) 4,97,306 ഏക്കർ (2014-15) 1,61,362 ഏക്കർ
അരി ഉൽപാദനം (1959) - 13,58,000 ടൺ (2014-15) 5,62,090 ടൺ
നെൽക്കൃഷി (1959) 19.54 ലക്ഷം ഏക്കർ (2014-15) 4.91 ലക്ഷം ഏക്കർ
ഏലക്കൃഷി (1957) 90000 ഏക്കർ (2014-15) 98133 ഏക്കർ
തേയിലക്കൃഷി (1957) 1.11 ലക്ഷം ഏക്കർ (2014-15) 74606 ഏക്കർ
കാപ്പിക്കൃഷി (1957) 35000 ഏക്കർ (2014-15) 210836 ഏക്കർ
റബർ കൃഷി (1957) 157000 ഏക്കർ (2014-15) 13,58,388 ഏക്കർ
നാളികേരകൃഷി (1957) 10.88 ലക്ഷം ഏക്കർ (2014-15) 19.58 ലക്ഷം ഏക്കർ
നാളികേരം ഉൽപാദനം (1959) 271 കോടി എണ്ണം (2014-15) 594.7 കോടി എ
ണ്ണം

നവംബർ മാസത്തിലെ കൃഷി

 പരിശീലന പരിപാടികൾ


mushroom
കൂൺ കൃഷി....
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററിൽ താഴെ പറയുന്ന വിഷയത്തിൽ 2016 നവംബർ മാസത്തിൽ പരിശീലനം നൽകുന്നു.

1. ജൈവപച്ചക്കറി കൃഷി - ഒരു ദിവസം റജിസ്ട്രേഷൻ ഫീസ് : 750/-രൂപ ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 8086405476, 9645420575

2. ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് - മൂന്ന് ദിവസം റജിസ്ട്രേഷൻ ഫീസ് : 1500/-രൂപ ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 8086405476, 9645420575

3. തേനീച്ച വളർത്തൽ റജിസ്ട്രേഷൻ ഫീസ് : 1000/-രൂപ ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9645420575, 8086405476

4. കൂൺ വിത്തുൽപാദനം - ഒരു ദിവസം റജിസ്ട്രേഷൻ ഫീസ് : 500/-രൂപ ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 8086405476, 9645420575

5. അലങ്കാര മത്സ്യകൃഷി - രണ്ട് ദിവസം റജിസ്ട്രേഷൻ ഫീസ് : 1000/-രൂപ ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 8086405476, 9645420575

6. കുരുമുളകും കുറ്റിക്കുരുമുളകും - ഒരു ദിവസം റജിസ്ട്രേഷൻ ഫീസ് : 750/-രൂപ ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 8086405476, 9645420575

Friday, 28 October 2016

വീട്ടിൽ പൂച്ചയെ വളർത്തുന്നവർ

 അറിയാൻ


cat-kittens

പൂച്ചക്കുഞ്ഞുങ്ങളെ വാങ്ങുന്നുണ്ടെങ്കിൽ രണ്ടുമാസം പ്രായമായവയെ വാങ്ങാം. ഈ സമയം വരെ തള്ളപ്പൂച്ചയു‌ടെ കൂടെയായിരിക്കും ഇവ കഴിയുക. രോഗലക്ഷണങ്ങൾ ഇല്ലാത്ത ഊർജ്ജസ്വലതയോടെ കളിക്കുന്ന ജാഗ്രതയുള്ള പൂച്ചക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കാം. ജനനസമയത്ത് 70–130 ഗ്രാം തൂക്കം വരുന്ന പൂച്ചക്കുഞ്ഞുങ്ങൾ ഈ സമയത്ത് 400–900 ഗ്രാം ശരീരഭാരമെത്തിയിരിക്കും. ആരോഗ്യസ്ഥിതി വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ പരിശോധിച്ചറിയുക. വീട്ടിലെ പുതിയ അംഗമായെത്തുന്ന പൂച്ചക്കുഞ്ഞിനോട് സൗമ്യതയും സ്നേഹവും കാണിക്കണം. കൂടുതൽ ശ്രദ്ധ സൗഹൃദം സമ്മാനിക്കും. എന്നാൽ അമിത വാത്സല്യം കാട്ടേണ്ട. വീട്ടിലെ കുട്ടികളുടെ അശ്രദ്ധമായ പെരുമാറ്റവും കെട്ടിപ്പിടുത്തവും ഒഴിവാക്കണം. ഇതൊരു കളിപ്പാട്ടമല്ലായെന്ന് അവരെ പറഞ്ഞു മനസ്സിലാക്കണം.

പകൽ സ്വതന്ത്രമായി വിട്ട് രാത്രിയിൽ ഒരു ചെറിയ പെട്ടിയിൽ തുണിയോ, ന്യൂസ് പേപ്പറോ വിരിച്ച് നൽകാം. ഉടമയു‌ടെ വീടിനെ പൂച്ചക്കുഞ്ഞ് സ്വന്തമെന്ന് കരുതുന്നതു വരെ 2–3 ദിവസം വാതിലും ജനലും അടച്ച് മുറിയിൽ പാർപ്പിക്കുക. 4–5 ദിവസത്തേക്ക് ഏകാന്തത ഒഴിവാക്കാൻ അ‌ടുത്ത് ഒരു ‌ടൈംപീസ് വെച്ചുകൊടുക്കുക. വീട്ടിലെ മറ്റു മൃഗങ്ങളുമായി സാവധാനം മാത്രം പരിചയപ്പെടുത്തുക. ആദ്യ ദിവസങ്ങളിൽ പൂച്ചക്കുഞ്ഞുങ്ങൾ നിരന്തരമായി കരയുന്നത് വിശന്നിട്ടാണെന്ന് കരുതി തീറ്റ അധികം നൽകരുത്. പുതിയ പരിസരത്തോട് ഇണങ്ങുന്ന പൂച്ച സ്വയം ദേഹം നക്കിത്തുടയ്ക്കുന്നു. ഉടമയുടെ വീട് തന്നെയാണ് പൂച്ചയുടെ വീട്. വീടിനുള്ളിൽ തുറന്ന് വിട്ടോ, പ്രത്യേക പൂച്ചക്കൂടുകളിലോ വളർത്താം. വീടിന്റെയുള്ളിൽ ഉറങ്ങാനും വിശ്രമിക്കാനും ഉള്ള സ്ഥലം പൂച്ചതന്നെ കണ്ടെത്തും. അവിടെ മരപ്പെ‌ട്ടിയോ, ചൂരൽ കൊണ്ടുള്ള കൊട്ടയോ നൽകാം. സ്വന്തമായി താമസസൗകര്യം പൂച്ചയ്ക്ക് ആവശ്യമില്ലെങ്കിലും ചില പ്രത്യേക സൗകര്യങ്ങൾ പൂച്ചകൾക്ക് ഒരുക്കി നൽകേണ്ടതുണ്ട്. മലമൂത്ര വിസർജ്ജനം ന‌ത്താനുള്ള ലിറ്റർ ബോക്സ്, ടോയ്‍ലറ്റ് ട്രേ, തീറ്റ, വെള്ളപ്പാത്രങ്ങൾ, വിരിപ്പ്, കിടക്ക, സ്ക്രാച്ചിങ്ങ് പോസ്റ്റ് തുടങ്ങിയവയോടൊപ്പം നഖം വെട്ടി, ചീപ്പ്, ബ്രഷ്, കളിപ്പാട്ടങ്ങൾ, ടൂത്ത്ബ്രഷ് എന്നിവയും ഒരുക്കാം.

വീടിനകത്താണ് പൂച്ചകൾ മലമൂത്ര വിസർജ്ജനം നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ ലിറ്റർ ബോക്സ് ഒരുക്കണം. ഇതിനായി പൂച്ചകൾക്ക് അനായാസം കയറാൻ കഴിയുന്ന ഒരു പ്ലാസ്റ്റിക് അല്ലെങ്കിൽ മണ്ണ് ട്ര‍േയിൽ മണ്ണോ, മണലോ, അറക്കപ്പൊടിയോ നിറയ്ക്കുക. ഭക്ഷണം നൽകി കുറച്ചു സമയത്തിനുശേഷം പൂച്ചക്കുട്ടിയെ ലിറ്റർ ബോക്സിനുള്ളിൽവെച്ച് മണ്ണ് ഒന്ന് മാന്തിക്കൊടുക്കണം. വെളിയിൽ കാഷ്ഠിക്കുന്ന പൂച്ച കാട്ടാറുള്ള മണ്ണ് മാന്തി വിസർജ്ജനം ചെയ്ത് മൂടുന്ന സ്വഭാവം അനുകരിക്കുകയാണ് ഇവ ചെയ്യുന്നത്. ഒരിക്കൽ വിസർജ്ജിച്ച സ്ഥലത്തുതന്നെ അവ വീണ്ടും വിസർജ്ജിക്കും. നഖങ്ങൾ ഉരച്ച് മൂർച്ചവരുത്തുന്ന പൂച്ചകളുടെ സ്വഭാവം പലപ്പോഴും വീടിനുള്ളിൽ ശല്യമാകാറുണ്ട്. പുറത്തേക്ക് പോകാൻ അവസരമുള്ള പൂച്ച മരത്തടിയിലും മറ്റും ഉരസി ഈ സ്വഭാവം കാണിക്കും. വീടിനുള്ളിൽ കഴിയുന്ന പൂച്ച പലപ്പോഴും ഫർണിച്ചറുകൾ ഉരസി വൃത്തികേടാക്കുന്നു. ഇതു തടയാൻ ഉരുണ്ട തടിയിൽ കയർ ചുറ്റി കുത്തിവച്ച് സ്ക്രാച്ചിങ്ങ് പോസ്റ്റ് നൽകാം. കുട്ടിക്കാലത്ത് പല്ലിന്റെ അസ്വസ്ഥത മാറ്റാൻ ഉടമയുട‌െ കൈകളിൽ കടിക്കുന്ന പൂച്ചയു‌ടെ സ്വഭാവം ഒഴിവാക്കാൻ മുറിയിൽ പ്ലാസ്റ്റിക് സ്‌ട്രോകളോ, കളിപ്പാട്ടങ്ങളോ നൽകണം.

8–10 മാസം പ്രായത്തിൽ പൂച്ചകൾ പ്രായപൂർത്തിയെത്തുന്നു. ഒരു വയസാണ് ആരോഗ്യപരമായ പ്രജനനത്തിന് പറ്റിയ സമയം. 15–21 ദിവസമാണ് മദിചക്രത്തിന്റെ ദൈർഘ്യം. മദി സമയം 2–4 ദിവസം. 55–65 ദിവസമാണ് ഗർഭകാലം. ഗർഭാവസ്ഥയിൽ മുലക്കാമ്പുകൾ ചുവന്നുതടിച്ചു വരികയും അകിടിനു ചുറ്റുമുള്ള രോമങ്ങൾ കൊഴിയുകയും ചെയ്യുന്നു. പ്രസവം അടുക്കാറായാൽ പെട്ടിയിൽ വിരിപ്പായി ന്യൂസ് പേപ്പർ നൽകി കിറ്റനിങ്ങ് ബോക്സ് ഒരുക്കുക. പ്രസവ ലക്ഷണങ്ങൾ തുടങ്ങി 12 മണിക്കൂർ കഴിഞ്ഞും പ്രസവം നടന്നില്ലെങ്കിൽ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. പ്രസവിച്ച ഉടനെ കുഞ്ഞുങ്ങൾ മുലപ്പാൽ കുടിച്ചു തുടങ്ങുന്നു. തള്ളപ്പൂച്ച കുട്ടികളുടെ ദേഹം തുടച്ചു വൃത്തിയാക്കുന്നു. ഈ സമയത്ത് കുട്ടികൾ പൂച്ചയുടെ അടുത്ത് പോകരുത്. 7–10 ദിവസങ്ങൾക്കുള്ളിൽ കണ്ണുകൾ തുറക്കുന്ന ഇവ 3 ആഴ്ച പ്രായത്തിൽ സ്വയം ഭക്ഷണം കഴിച്ചു തുടങ്ങുന്നു. പ്രജനന‌ത്തിന് താൽപര്യമില്ലെങ്കിൽ പൂച്ചകളെ ആറുമാസം പ്രായം കഴിയുമ്പോൾ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വ‍ിധേയമാക്കാം.

കൃഷിയിലെ കാതലൻ


murichandi-salim
സലീം മുറിച്ചാണ്ടി വണ്ണാത്തിപ്പൊയിലിലെ തേക്കുമരങ്ങളുടെ തോട്ടത്തിൽ..

മരങ്ങൾ നട്ടുവളർത്തി ആഗോളതാപനത്തിന് മറുപടി നൽകുകയാണ് കോഴിക്കോട് കക്കട്ടിലെ ബിസിനസുകാരനായ മുറിച്ചാണ്ടി സലീം. കർഷക കുടുംബത്തിൽ ജനിച്ച സലീമിൻെറ ബന്ധുക്കൾ ഏറെയും സ്ഥലം വിൽപന നടത്തി വ്യാപാരമേഖലകൾ തേടിപ്പോയപ്പോൾ ബിസിനസിനൊപ്പം കൃഷിയിലും സലീം വിജയം കൊയ്യുന്നു.സലീമിൻെറ കൃഷിയിടം മുഴുവൻ മരങ്ങളാൽ സമ്പന്നമാണ്. തേക്ക്, മഹാഗണി, കുന്നി, ആഞ്ഞിലി ഉൾപ്പെടെ പതിനൊന്നായിരം മരങ്ങളാണ് ഇദ്ദേഹത്തിൻെറ കൃഷിയിടത്തിൽ തഴച്ചുവളരുന്നത്.1978–ൽ ഫാറൂഖ് കോളജിൽ പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പെടുത്ത് രണ്ടാം വർഷം പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് പിതാവ് മൊയ്തു മരിക്കുന്നത്. ഇതോടെ മൂത്ത മകനായ സലീം പഠനം നിർത്തി കൃഷിക്കാര്യത്തിലേക്കിറങ്ങി. മകനെ ജനസേവകനായ ഡോക്ടറാക്കണമെന്നായിരുന്നു പിതാവിൻെറ ആഗ്രഹം. എന്നാൽ തേക്കുകൃഷിയിൽ ‘ജനസേവകനാകാനായിരുന്നു’ സലീമിൻെറ നിയോഗമെന്നു വേണമെങ്കിൽ പറയാം.

സലീമിൻെറ 36 ഏക്കർ വരുന്ന കൃഷിയിടത്തിൽ ഏറെയും തേക്കുമരങ്ങളാണ്. പതിനായിരത്തോളം തേക്കുമരങ്ങൾ ഇയാളുടെ തോട്ടത്തിൽ നല്ല കരുത്തോടെ വളരുന്നു. ഉയർന്ന കൂലിച്ചെലവും തൊഴിലാളി ക്ഷാമവുമാണ് സലീമിനെ തേക്കുകൃഷിയിലേക്ക് നയിച്ചത്. ഇപ്പോൾ തെങ്ങിനും റബറിനും ഇടവിളയായി വളരുന്നത് തേക്കും മഹാഗണിയും ആഞ്ഞിലി മരങ്ങളുമാണ്. ഒരേക്കർ തെങ്ങിൻ തോട്ടത്തിൽ നല്ല പരിചരണവും വളപ്രയോഗവും നടത്തിയാൽ 20 വർഷം കൊണ്ട് കൂലിച്ചെലവടക്കം ലഭിക്കുന്നത് പരമാവധി പത്തുലക്ഷം രൂപയാണ്. അതേസമയം മരം നടുകയാണെങ്കിൽ 20 വർഷത്തിനകം ഒരേക്കറിൽ നിന്നു 50 ലക്ഷത്തിലേറെ രൂപ വരുമാനം കിട്ടുമെന്ന് സലീം അനുഭവത്തിലൂടെ തെളിയിക്കുന്നു.

1983ൽ കണ്ടോത്തുക്കുനിയിലെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് 40 തേക്കുമരങ്ങളും അത്രതന്നെ മഹാഗണി തൈകളും നട്ടാണ് സലീം മരങ്ങളുടെ കൃഷിയിൽ തുടക്കം കുറിച്ചത്. അന്നു നട്ട തേക്കുമരങ്ങൾക്ക് ഇപ്പോൾ ഒരെണ്ണത്തിന് മുപ്പതിനായിരം മുതൽ എഴുപതിനായിരം രൂപവരെ ലഭിക്കുന്നുണ്ട്. മഹാഗണിക്കും മുപ്പതിനായിരത്തിന് മുകളിൽ ഓരോന്നിലും ലഭിക്കുന്നു. 1983 മുതൽ ഓരോ വർഷവും സലീമിൻെറ ഉടമസ്ഥതയിലുള്ള വണ്ണാത്തിപ്പൊയിൽ, ചുണ്ടക്കാട്, തിനൂർ, വണ്ണാത്തിച്ചിറ തുടങ്ങിയ സ്ഥലങ്ങളിൽ തേക്കുമരങ്ങൾ നട്ടുതുടങ്ങി. ആഗോളതാപനത്തെക്കുറിച്ച് കൂടുതൽ അറിവ് ലഭിച്ചതോടെയാണ് 2005നു ശേഷം കൂടുതൽ മരങ്ങൾ നട്ടുവളർത്താൻ സലീമിന് പ്രചോദനമായത്. സലീം തൻെറ സ്ഥലത്ത് മരങ്ങൾ നട്ടുവളർത്തുന്നതിന് പുറമെ പരിചയക്കാർക്കും ബന്ധുക്കൾക്കും മരങ്ങൾ നട്ടുവളർത്താൻ പ്രചോദനവും സഹായവും നൽകുന്നുണ്ട്.

ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി മുപ്പതിനായിരത്തിലേറെ മരങ്ങൾ വേറെയും നട്ടിട്ടുണ്ട്.നിലമ്പൂരിലെ കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (കെഎഫ്ആർഐ)നിന്നാണ് തേക്കുതൈകൾ വാങ്ങുന്നത്. തേക്കുതൈകൾ നടുന്നതിന് മുൻപ് സ്ഥലത്തെ പഴ്മരങ്ങൾ മുറിച്ചുമാറ്റണം. തൈകൾക്ക് സൂര്യപ്രകാശം കിട്ടാനും കമ്പ് ഒടിഞ്ഞുവീണ് തൈകൾ നഷ്ടപ്പെടാതിരിക്കാനുമാണ് പാഴ്മരങ്ങൾ മുറിച്ചു മാറ്റുന്നത്. പത്ത് അടി അകലത്തിൽ ഏക്കറിൽ മുന്നൂറ്റി അമ്പത് തൈകളാണ് നടുക.തൈകൾ കുഴിയെടുത്ത് നട്ടതിന് ശേഷം 100 ഗ്രാം എല്ലുപൊടി, 50 ഗ്രാം ഫാക്ടംഫോസ്, 100 ഗ്രാം കടലപിണ്ണാക്ക് എന്നിവ ചുറ്റിലും വിതറും. രണ്ടാം വർഷം മുതൽ ഓരോവർഷവും വളത്തിൻെറ അളവ് ഇരട്ടിയാക്കണം. ആദ്യത്തെ രണ്ടുവർഷമാണ് തേക്കുതൈകൾക്ക് നല്ലപരിചരണം കിട്ടേണ്ടത്.വളർന്നുവരുന്ന തൈകൾ കാറ്റിലും മറ്റും വളയാതെ നേരെ നിർത്താൻ നാലുഭാഗത്തും പ്ലാസ്റ്റിക് കയർ വലിച്ചുകെട്ടണം.

കാട്ടുവള്ളിപടർപ്പുകൾ തൈകളിൽ കയറാതെയും നോക്കണം. തണ്ടുതുരപ്പൻെറ ശല്യമാണ് ആദ്യവർഷങ്ങളിൽ ഉണ്ടാവുക. അവയെ തുരത്താൻ എക്കാലക്സ് പശയിൽ ചേർത്ത് തടിയിൽ പുരട്ടിയാൽ മതി.ആദ്യത്തെ രണ്ടു വർഷം ഇലയിൽ കീടബാധയുണ്ടാകാതിരിക്കാൻ 100 മില്ലീ ലീറ്റർ എക്കാലക്സ് ഒരു ഒരു ലീറ്റർ വെള്ളത്തിൽ അഗ്രോവിറ്റും ചേർത്ത് ഇലകളുടെ അടിഭാഗത്ത് തളിച്ചുകൊടുക്കും. നവംബർ ഡിസംബർ മാസങ്ങളിൽ പുഴുശല്യമേറും. ഈ സമയത്തും കീടനാശിനി തളിക്കണം.രണ്ടാം വർഷത്തിനുശേഷം കീടനാശിനി തളിക്കേണ്ടതില്ല. ഇതോടെ തൈകളുടെ ചുവട് കിളക്കുന്നതും നിർത്താവുന്നതാണ്. അഞ്ചാം വർഷമാവുമ്പോഴേക്കും മരങ്ങൾക്ക് കമുകിൻെറ വണ്ണമാവും അതോടെ വളപ്രയോഗവും നിർത്തും.

ഈ സമയത്ത് നല്ലവണ്ണമുളളതും നേരെ വളരുന്നതുമായ മരങ്ങൾ ഒരു ഏക്കറിൽ 200 എണ്ണം നിർത്തി മറ്റുള്ളവ മുറിച്ചു മാറ്റും. ഇങ്ങനെ മുറിച്ചു മാറ്റുന്ന മരങ്ങൾ വിറികിനായി വിറ്റാൽ മികച്ച വരുമാനമാണ്. തുടർന്ന് പത്താം വർഷം ഏക്കറിൽ 150 എണ്ണം നിർത്തി ബാക്കി മുറിച്ചുമാറ്റും. പിന്നീട് മരങ്ങൾ കരുത്തോടെ വളരും. പതിനഞ്ചുവർഷത്തിന് ശേഷം പണത്തിന് ആവശ്യം വരുമ്പോൾ മുറിച്ചുവിൽക്കുകയും ചെയ്യാം.

അഞ്ചാം വർഷത്തിന് ശേഷം കാട് വെട്ടി പുതയിടുന്നതല്ലാതെ വളമിടുകയോ സ്ഥലം കിളക്കുകയോ മറ്റു ജോലികളോ ചെയ്യേണ്ടതില്ല. മഹാഗണി, കുന്നി ഉൾപ്പെടെയുള്ള മരങ്ങൾക്കും ഇതേരീതിയിലാണ് വളപ്രയോഗവും കൃഷിപണിയും. കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസിറ്റ്യൂട്ടിൽ നിന്നു തേക്കുകൃഷിയിൽ പരിശീലനവും സലീം നേടിയിട്ടുണ്ട്. തൊഴിലാളികൾക്കും പരിശീലനം നൽകിയിട്ടുണ്ട്. വളപ്രയോഗം ചെയ്യുന്നതുകൊണ്ട് തെങ്ങിന് കായ്ഫലം കൂടുകയും ചെയ്യും. മണ്ണൊലിപ്പും തടയും. വീടിനോട് ചേർന്നുള്ള സ്ഥലത്തും തേക്കും, മഹാഗണിയും വളർത്തുന്നു.

ഇതിന് പുറമെ ജാതി, മാംഗോസ്റ്റീൻ, ചെമ്പടക്ക്, റംബുട്ടാൻ, പപ്പായ തുടങ്ങിയവയും വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും വാഴയും മറ്റും വളർത്തുന്നുണ്ട്. എല്ലാദിവസവും രാവിലെ കക്കട്ടിലെ കടയിൽ എത്തുന്നതിന് മുൻപ് ഓരോസ്ഥലത്തും പോയി മരങ്ങളുടെ വളർച്ച നേരിൽ കാണുകയും ചെയ്യും. ഇതൊരു വ്യായാമവും ആത്മസംതൃപ്തിയുമാണെന്ന് സലീം പറയുന്നു. ഭാര്യ കണ്ണങ്കണ്ടി ലൈലയും കൃഷിക്കാര്യത്തിൽ സഹായിക്കുന്നുണ്ട്. മക്കളായ ഷാജനും ഇർഷാദയും സൗദി അറേബ്യയിലും, ഷെറിൻ അബുദാബിയിലുമാണ്.

ഫോൺ.9745 106 25
3

പരീക്ഷണത്തിന്റെ ഫലം


papaya-farming1
സൗഫീഖ് വെങ്ങളത്ത് പപ്പായ തോട്ടത്തിൽ...

മലയോര മേഖലയിൽ അധികമാരും പരീക്ഷിക്കാത്ത, ഔഷധ ഗുണമുള്ള പപ്പായ കൃഷിയിൽ പരീക്ഷണം നടത്തി വിജയഗാഥയുമായി സൗഫീഖ് വെങ്ങളത്ത് എന്ന യുവ കർഷകൻ ! ഗ്രാമ പ്രദേശങ്ങളിൽ കർമൂസ എന്ന പേരിലും അറിയപ്പെടുന്ന പപ്പായ മരത്തിൽ നിന്ന് തന്നെ പഴുപ്പിച്ച് വിപണി ലക്ഷ്യമാക്കിയുള്ള കൃഷിയിൽ തിളക്കമാർന്ന നേട്ടം കൈവരിക്കുകയാണ് കോഴിക്കോട് മുക്കം നഗരസഭയിലെ അഗസ്ത്യൻമൂഴിയിലെ സൗഫീഖ് വെങ്ങളത്ത്.

25 സെന്റ് സ്ഥലത്ത് 50 ഓളം പപ്പായ മരങ്ങളിലാണ് നൂറ് മേനി വിജയം കൊയ്യുന്നത്. പലരും മടിക്കുന്ന പപ്പായ കൃഷി മികച്ച വിജയമാണെന്നാണ് സൗഫീഖ് സാക്ഷ്യപ്പെടുത്തുന്നത്. റെഡ് ലേഡി ഇനത്തിൽപെട്ട ഹൈബ്രിഡ് ഇനത്തിൽ പെട്ട പപ്പായയാണ് അഗസ്ത്യൻമൂഴിയിൽ വീടിന് സമീപത്തെ വയലിൽ സൗഫീഖ് കൃഷി ചെയ്ത് നൂറ് മേനി വിളയിപ്പിക്കുന്നത്.നഗരസഭയുടെ ഹരിത ഗ്രാമം പദ്ധതിയിൽ നിന്ന് പ്രചോദനം ലഭിച്ചാണ് പപ്പായ കൃഷിയിൽ പരീക്ഷണം ആരംഭിച്ചത്. മലയോര മേഖലയിൽ ആരും കൂടുതൽ പരീക്ഷണം നടത്താത്ത പപ്പായ കൃഷിയിലെ വിപണന സാധ്യത കണക്കിലെടുത്താണ് സൗഫീഖ് പപ്പായ കൃഷിയിലേക്ക് ഇറങ്ങിയത്.

നഗരങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലാണ് വിപണി കണ്ടെത്തുന്നത്.ഒരു പപ്പായ മരത്തിൽ ചുരുങ്ങിയത് 40 പപ്പായകൾ വരെ ഉണ്ടാകും. ജൈവ വളങ്ങൾ ഉപയോഗിച്ചാണ് പപ്പായ കൃഷി. ചാണകവും സീമക്കൊന്നയുടെ ഇലയുടെ മിശ്രതവും ചേർത്തുള്ള ജൈവ വളമാണ് ഉപയോഗിക്കുന്നത്.വയലിലെ കൃഷിയിടത്തിലേക്ക് വേനൽകാലത്ത് ചുമന്നാണ് വെള്ളമെത്തിച്ച് നനയ്ക്കൽ നടത്തിയത്. പോഷക സമൃദ്ധവും ഔഷധ ഗുണവുമുള്ള പപ്പായ തന്നെ ചതിച്ചില്ലെന്ന് സൗഫീഖ് പറയുന്നു.

papaya-farming
സൗഫീഖ് വെങ്ങളത്തിന്റെ പപ്പായ കൃഷിയുടെ വിളവെടുപ്പ് ഉൽസവം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്യുന്നു...

ഒരു കിലോ പപ്പായക്ക് മാർക്കറ്റി‍ൽ ചുരുങ്ങിയത് 50 രൂപയാണ് ലഭിക്കുന്നത്. ഒരു മരത്തിൽ നിന്ന് ഒരു ക്വിന്റലിന് അടുത്ത് വരെ പഴുത്ത പപ്പായ ലഭിക്കുമെന്നും സൗഫീഖ് പറയുന്നു. ഒരു പപ്പായ ശരാശരി നാല് കിലോയിലധികം തൂക്കം വരും. ക്വിന്റൽ കണക്കിന് പപ്പായ ഇതിനകം വിപണികളിലെത്തിക്കാൻ കഴിഞ്ഞതായും ഈ യുവ കർഷകൻ പറയുന്നു പപ്പായക്ക് പുറമെ റമ്പൂട്ടാൻ, ഫാഷൻ ഫ്രൂട്ട്, തുടങ്ങിയ പഴവർഗങ്ങളും വാഴ , ചേമ്പ് , ചേന തുടങ്ങിയവയും സൗഫീഖിന്റെ കൃഷിയിടത്തിൽ വിളയുന്നു, കൃഷിക്ക് സഹായമായി അധ്യാപികയായ ജംഷിനയും കൂടെയുണ്ടെന്നും സൗഫീഖ് പറയുന്നു. കാക്കകളാണ് പ്രധാന ഭീഷണിയെന്ന് ഇദ്ദേഹം പറയുന്നു.

പഴുത്ത് പാകമാവുമ്പേഴേക്കും കാക്കകൾ കൊത്തി തിന്നാനെത്തുന്ന അവസ്ഥയാണ്. മരത്തിൽ നിന്ന് തന്നെ പഴുപ്പിച്ചാണ് വിപണികളിലെത്തിക്കുന്നത്.

നവജാത കിടാക്കളുടെ സംരക്ഷണം


cow-cattle

∙ കിടാവ് ജനിച്ചാൽ ഉടനടി മൂക്കും, മൂഞ്ഞിയും തുടച്ച് വൃത്തിയാക്കുക.

∙ കിടാവിന്റെ നെഞ്ചിൽ തലോടി ശരിയായി ശ്വസിക്കുവാൻ അനുവദിക്കുക. പശുവിനെ കൊണ്ട് കിടാവിനെ നക്കി തുടയ്ക്കാൻ അനുവദിക്കുക. ഇത് രക്തയോട്ടം കൂട്ടുന്നു.

∙ പൊക്കിൾക്കൊടിയിൽ നിന്നും ഏകദേശം 2 ഇഞ്ച് അകലത്തിൽ ഒരു നൂൽ ഉപയോഗിച്ചു കെട്ടി ബാക്കി ഭാഗം കത്രിക ഉപയോഗിച്ച് മുറിച്ചു കളയുക.

∙ പൊക്കിൾക്കൊടിയെ ടിംച്ചർ അയൊഡിൻ ലായനിയിൽ അല്പസമയം മുക്കിവയ്ക്കുക. 12 മണിക്കൂറിനുശേഷം ഇത് ആവർത്തിക്കുക.

∙ കൈവിരൽ കിടാവിന്റെ വായിൽ നാക്കിനു മുകളിൽ വെച്ച് അതിനെ നുണയാൻ പഠിപ്പിക്കുക.

∙ കന്നിപ്പാൽ അരമണിക്കൂറിനുള്ളിൽ നല്‍കുക. കിടാവിന്റെ ശരീര തൂക്കത്തിന്റെ പത്തിലൊന്ന് തൂക്കം കന്നിപ്പാൽ ഒരു ദിവസം കിട്ടണം.

∙ നല്ല വളർച്ചയ്ക്ക് 2 മാസം വരെ പാൽ കുടിപ്പിക്കണം.

∙ 10–ാം ദിവസം വിരമരുന്ന് നൽകണം പിന്നീട് 6 മാസം വരെ മാസം തോറും വിരമരുന്ന് നൽകുക.

∙ ആദ്യമാസം മുതൽ കിടാക്കൾക്കു മാത്രം നൽകുന്ന കാഫ് സ്റ്റാർട്ടർ തീറ്റ കൊടുത്തു തുടങ്ങണം.

∙ മൂന്നാം മാസത്തിനു ശേഷം പ്രതിരോധ കുത്തിവെയ്പ് നൽകണം.

പ്രസവത്തിനു ശേഷം ആദ്യത്തെ ഒരു മണിക്കൂർ ഏറ്റവും പ്രധാനമാണ്. ഈ സമയത്ത് നൽകുന്ന സംരക്ഷണം പിന്നീടുള്ള കിടാവിന്റെ ജീവനത്തെ സ്വാധീനിക്കുന്നു.

അരച്ചപ്പോൾ അധികനേട്ടം


sony-soby-eby-in-ginfer-farm-gezo-foods
സോണി, സോബി, എബി എന്നിവർ കൃഷിയിടത്തിൽ...

ഇഞ്ചിയുടെ വില 20 രൂപ വരെ താഴ്ന്നപ്പോൾ മാനന്തവാടിക്കു സമീപം പയ്യമ്പള്ളി തടത്തിൽ വീട്ടിലെ ആൺമക്കൾക്ക് അടങ്ങിയിരിക്കാനായില്ല. ഇങ്ങനെ പോയിട്ട‍ു കാര്യമില്ല. കൃഷിക്കാരന്റെ ഉൽപന്നങ്ങളുടെ വില പാതാളത്തോളം താഴ്ന്നാലും അവ ഉപയോഗിച്ചുണ്ടാക്കുന്ന ഉൽപന്നങ്ങൾക്ക് വില താഴുന്നില്ല. ഇടനിലക്കാരെ പഴിപറയുന്നതിനപ്പുറം ഇതൊരു സാധ്യതയായി കണ്ട് പ്രയോജനപ്പെടുത്താനായി അവരുടെ ശ്രമം. ഇഞ്ചിയിൽനിന്നു മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കുന്നതിനെക്കുറിച്ചുള്ള അന്വേഷണം അവരെ എത്തിച്ചത് മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിഎഫ്ടിആർഐ). അവിടെ അവർ തങ്ങളുടെ മനസ്സിലുള്ള ചില യന്ത്രങ്ങൾ കണ്ടെത്തി. അവ ഉപയോഗിച്ച് ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ അരപ്പുണ്ടാക്കുന്ന സംരംഭം തുടങ്ങുമ്പോൾ സ്വന്തം അധ്വാനഫലത്തിനു ന്യായമായ വില നേടുക മാത്രമായിരുന്നു ലക്ഷ്യം. സാബ്ദിയേൽ കമ്പനിയുടെ ഗെസോ ബ്രാൻഡ് ഉൽപന്നങ്ങൾ വിപണിയിലെത്തിയത് അങ്ങനെയാണ്. സാബ്ദിയേൽ, ഗെസോ എന്നീ വാക്കുകൾക്ക് അർഥം ഒന്നു തന്നെ – ദൈവത്തിന്റെ സമ്മാനം.

സോണി, സോബി, എബി എന്നീ സഹോദരങ്ങൾക്കുള്ള ദൈവത്തിന്റെ സമ്മാനമായി ഈ സംരംഭം മാറിക്കഴിഞ്ഞു. ഇഞ്ചിയും വെളുത്തുള്ളിയും അരപ്പാക്കി വിൽക്കുന്ന സ്ഥാപനത്തിൽനിന്ന് ഒരു ഡസനിലധികം ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന ഭക്ഷ്യസംസ്കരണ സംരംഭമായി ഗെസോ വളർന്നു. ഇഞ്ചിയുടെ തൊലി കളയുന്ന പീലർ, അരയ്ക്കുന്ന ഫ്രൂട്ട് മിൽ, പൾപ്പുണ്ടാക്കുന്ന പൾപ്പർ, വറക്കുന്നതിനും തിളപ്പിക്കുന്നതിനും റോസ്റ്റർ, പായ്ക്കിങ് മെഷീൻ എന്നിവയാണ് ഈ സംരംഭത്തിലെ പ്രധാന യന്ത്രങ്ങൾ. യന്ത്രങ്ങൾക്ക് എല്ലാം കൂടി പത്തുലക്ഷം രൂപയിൽ താഴെയേ വേണ്ടിവന്നുള്ളൂവെന്നു സോണി പറഞ്ഞു.


gezo-foods-ginger-garlic-grinder

ഇഞ്ചി അരപ്പുണ്ടാക്കുന്ന യന്ത്രം...

ഈ യന്ത്രസംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് മറ്റ് ഉൽപന്നങ്ങൾ ഉണ്ടാക്കിത്തുടങ്ങിയത്. അച്ചാറുകൾ, അവൽ വിളയിച്ചത്, ഇൻസ്റ്റന്റ് റവ ഉപ്പുമാവ്, റാഗിമാൾട്ട്, റാഗി പൗഡർ, കാന്താരി ഉപ്പിലിട്ടത്, കാപ്പിപ്പൊടി, തക്കാളി സോസ്, മുളക് സോസ്, ചക്കപ്പഴം വരട്ടിയത് എന്നിങ്ങനെ പതിന്നാലോളം ഉൽപന്നങ്ങൾ ഭക്ഷ്യസുരക്ഷാനിയമം പാലിച്ച് വിപണിയിലെത്തിക്കാൻ നാട്ടിൻപുറത്തെ ഈ സംരംഭത്തെ സഹായിക്കുന്നത് കുറഞ്ഞ മുടക്കുമുതലുള്ള ചെറുയന്ത്രങ്ങളാണ്. ഇത്തരം യന്ത്രങ്ങളും അവ ഉപയോഗിച്ച് ഉൽപന്നനിർമാണത്തിനുള്ള സാങ്കേതികവിദ്യയും കേരളത്തിൽ ലഭ്യമാണ്. തുടക്കത്തിൽ നിലവാരം ഉറപ്പാക്കുന്നതിനായി സിഎഫ്ടിആർഐയെ സമീപിച്ചെങ്കിലും കുറഞ്ഞ നിരക്കിൽ ഇത്തരം സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന വിദഗ്ധരാണ് തങ്ങളുടെ മറ്റ് ഉൽപന്നങ്ങൾക്കു വേണ്ട മാർഗനിർദേശം നൽകിയതെന്നു സോണി ചൂണ്ടിക്കാട്ടി.

വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മൈസൂരു, ബെംഗളൂരു, കൂർഗ് എന്നിവിടങ്ങളിലുമാണ് ഇവരുടെ വിപണി. അയൽ സംസ്ഥാനത്തെ മറ്റു പല ബ്രാൻഡുകളെയും പിന്തള്ളാൻ തങ്ങൾക്കു കഴിഞ്ഞത് കൃഷിയിടത്തിൽനിന്നുള്ള ഉൽപന്നങ്ങൾ കൃത്രിമമില്ലാതെ തയാറാക്കിയതുകൊണ്ടാണെന്നു സോണി ചൂണ്ടിക്കാട്ടി. www.gezofoods.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വിപണനവുമുണ്ട്.

ഫോൺ– 9526926653

ഭക്ഷ്യസംസ്കരണയന്ത്രങ്ങൾ

gezo-foods-machinery

കുറഞ്ഞ ചെലവിൽ സംരംഭം തുടങ്ങാൻ ചെറുയന്ത്രങ്ങൾ...

കർശനമായ ഗുണമേന്മാനിബന്ധനകളുള്ള മേഖലയായതിനാൽ യന്ത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ഏറെ ജാഗ്രത ആവശ്യമാണ്. പൊതുവേ ഉണക്കുക, വറക്കുക, പിഴിയുക, അരിയുക, പൊടിക്കുക, അരയ്ക്കുക, കലർത്തുക, കുഴയ്ക്കുക, പായ്ക്കു ചെയ്യുക തുട‍ങ്ങിയ ആവശ്യങ്ങൾക്കാണ് ഭക്ഷ്യസംസ്കരണയന്ത്രങ്ങൾ ഉപയോഗിക്കുക. എന്നാൽ അസംസ്കൃത വസ്തുവിന്റെയും ഉൽപന്നത്തിന്റെയും സ്വഭാവവും നിലവാരവുമനുസരിച്ച് ഒരേ ജോലിക്ക് വ്യത്യസ്തതരം യന്ത്രങ്ങൾ വേണ്ടിവരാറുണ്ട്. ഒരു സംരംഭത്തിൽ ഒന്നിലധികം യന്ത്രങ്ങൾ വേ‍ണ്ടിവന്നേക്കാം. ചെറുകിട ഭക്ഷ്യസംസ്കരണയന്ത്രങ്ങൾക്കു പൊതുവേ ഏതാനും ലക്ഷങ്ങളുടെ മുതൽമുടക്കേ വേണ്ടിവരാറുള്ളൂ.

ശുചിത്വത്തിനാവണം സംരംഭങ്ങളുടെ നടത്തിപ്പിൽ പരമപ്രാധാന്യം. ഭക്ഷ്യവസ്തുക്കളുമായി സമ്പർക്കത്തിൽ വരുന്ന യന്ത്രഭാഗങ്ങൾ സ്റ്റെയിൻലസ് സ്റ്റീൽ കൊണ്ടു നിർമിച്ചതാകണം. ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സംസ്കരണ സാങ്കേതികവിദ്യകളും വിവിധ തരത്തിലുണ്ട്. മുടക്കേണ്ടിവരുന്ന തുകയും ഉൽപന്നത്തിന്റെ വിപണനസാധ്യതയും പരിഗണിച്ചാവണം യോജ്യമായത് തിരഞ്ഞെടുക്കേണ്ടത്. പായ്ക്കിങ്ങിന്റെ പുത്തൻ സാങ്കേതിക വിദ്യകൾക്കു ചെലവേറുമെങ്കിലും കൃത്രിമസംരക്ഷകങ്ങൾ ചേർക്ക‍ാതെ കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാൻ ഉപകരിക്കും. ഭക്ഷ്യസംസ്കരണയന്ത്രങ്ങൾ നിർമിക്കുന്ന ഒന്നിലധികം കമ്പനികൾ കേരളത്തിലുണ്ട്.

നിക്ഷേപമിരട്ടിപ്പിക്കുന്ന 

യന്ത്രങ്ങൾ


harithasena-with-brush-cutter

മികച്ച വരുമാനമേകിയ ബ്രഷ് കട്ടറുകളുമായി ഹരിതസേന...

മുടക്കിയ പണം ഇരട്ടിയും വൈകാതെ മൂന്നിരട്ടിയുമാക്കുന്ന ഏതാനും യന്ത്രങ്ങൾ എറണാകുളം ജില്ലയിലെ കാക്കൂരിലുണ്ട്. പാമ്പാക്കുട ബ്ലോക്ക് ഹരിതസേനയുടേതാണ് ഈ യന്ത്രങ്ങൾ. കൃഷിവകുപ്പ് നൽകിയ ഇരുപത്തഞ്ച് ലക്ഷം രൂപയുടെ കാർഷികയന്ത്രങ്ങളുമായാണ് തുടക്കം. മികച്ച പ്രവർത്തനത്തെ തുടർന്നു സർക്കാർ സമ്മാനമായി 15 ലക്ഷം രൂപയുടെ യന്ത്രങ്ങൾ കൂടി ലഭിച്ചു. ഇവ ഉപയോഗിച്ച് മൂന്നു വർഷം കൊണ്ട് 85 ലക്ഷം രൂപയുടെ മൊത്തവരുമാനം നേടിയ പാമ്പാക്കുടയിലെ തൊഴിൽ സേന കാർഷിക സേവനകേന്ദ്രങ്ങൾക്കു മികച്ച സംരംഭസാധ്യതയുണ്ടെന്നു തെളിയിക്കുന്നു. ഒരു കോടി രൂപ വരുമാനമെന്ന ലക്ഷ്യത്തിലെത്താൻ ഇനി ദിവസങ്ങൾ മാത്രം. പ്രവർത്തനച്ചെലവും തേയ്മാനവുമൊക്കെ കുറച്ചാലും ലാഭക്കണക്കുതന്നെ.
നിലമുഴുന്നതിനുള്ള ട്രാക്ടറും ടില്ലറും, പറമ്പ് കിളയ്ക്കാൻ ഗാർഡൻ ടില്ലർ, തെങ്ങിനു തടമെടുക്കാൻ കോക്കനട്ട് ബേസിൻ ഡിഗർ, ഉഴുത സ്ഥലത്തെ മണ്ണുടയ്ക്കാൻ റോട്ടവേറ്റർ, കൾട്ടിവേറ്റർ, മരുന്നടിക്കാൻ പവർസ്പ്രെയർ, കുഴിയെടുക്കാൻ പോസ്റ്റ്ഹോൾ ഓഗർ, ഞാറുനടാൻ ട്രാൻസ്പ്ലാൻറർ, നെല്ലുമെതിക്കാൻ ത്രഷർ, തെങ്ങിൽ കയറാൻ കോക്കനട്ട് ക്ലൈമ്പർ, കാടു വെട്ടാൻ ബ്രഷ് കട്ടർ, മരം മുറിക്കാൻ ചെയിൻ സോ, കഴുകി വൃത്തിയാക്കാൻ പ്രഷർ വാഷർ ഇത്രയേറെ കാർഷിക യന്ത്രങ്ങളുള്ളതിനാൽ കൃഷിയുമായി ബന്ധപ്പെട്ട ഏതൊരു ജോലിക്കും നിങ്ങൾക്ക് കൂത്താട്ടുകുളത്തിനു സമീപം കാക്കൂരിലുള്ള പാമ്പാക്കുട ബ്ലോക്ക് ഹരിതസേനയെ വിളിക്കാം. ഒരു ഫോൺ വിളിപ്പുറത്ത് തെങ്ങുകയറ്റുയന്ത്രം മുതൽ റോട്ടവേറ്റർ വരെ നിങ്ങളുടെ കൃഷിയിടത്തിലെത്തും.

മുൻപറഞ്ഞ യന്ത്രങ്ങൾക്കു പുറമേ ഉപകരണങ്ങൾ സൂക്ഷ‍ിക്കുന്നതിനു യാർഡ് നിർമിക്കാൻ രണ്ടു ലക്ഷം രൂപയും ഓഫിസ് ഫർണിഷിങ്ങിന് ഒരു ലക്ഷം രൂപയും സർക്കാരിൽ നിന്നു കിട്ടിയതുകൊണ്ടാണ് മുതൽമുടക്ക‍ില്ലാതെ സംരംഭത്തിലേക്കിറങ്ങാൻ ഇവർക്കു കഴിഞ്ഞത്. റിവോൾവിങ് ഫണ്ടായി കിട്ടിയ മൂന്നുലക്ഷം രൂപ സംഘത്തിനു പ്രവർത്തനമൂലധനമായി. ട്രാക്ടർ, ട്രാൻസ്പ്ലാൻറർ, ബ്രഷ് കട്ടർ തുടങ്ങി ആവശ്യക്കാരേറെയുള്ള ഉപകരണങ്ങൾ ഒന്നിലധികമുണ്ട്. തേങ്ങയിടുന്നതിനു 40 രൂപയും മണ്ട തെളിച്ചു മരുന്നിടുന്നതിനു 100 രൂപയുമാണ് ഇവർ ഈടാക്കുക. ഏറ്റവും വരുമാനം നൽകിയത് ഞാറുനടീൽ യന്ത്രവും ട്രാക്ടറും ബ്രഷ് കട്ടറുമാണെന്ന് കർമസേനയുടെ ചുമതലക്കാരൻ വി.സി. മാത്യു പറഞ്ഞു. ഉഴവിനു പുറമേ ഓഗർ, ബെയിലർ, റോട്ടവേറ്റർ തുടങ്ങിയവ പ്രവർത്തിപ്പിക്കാനും ട്രാക്ടർ ആവശ്യമാണ്. ഞാറുനടീൽയന്ത്രം മാത്രം ഇതുവരെ മൂന്നരലക്ഷം രൂപയിലേറെ വരുമാനമുണ്ടാക്കി. അഞ്ച് ബ്രഷ്കട്ടറുകളിൽ നിന്നു തന്നെ രണ്ടു ലക്ഷത്തിലേറെ രൂപ കിട്ടി. വൈക്കോൽ കെട്ടുകളാക്കുന്ന ബെയിലറിൽ നിന്നു കേവലം ഒരു മാസം കൊണ്ട് ഇരുപതിനായിരം രൂപയിലേറെ നേടാനായി.

ഫോൺ– 9447820532, 0485 2875085

പണിയന്ത്രങ്ങൾ വാങ്ങുമ്പോൾ

കൃഷിയന്ത്രങ്ങൾ വാങ്ങുമ്പോൾ വേണ്ടത്ര പഠനവും മുൻകരുതലുമില്ലെങ്കിൽ പാഴ്ചെലവും കാര്യക്ഷമതക്കുറവുമുണ്ടാകാം. ഓരോ പ്രദേശത്തെയും സാധ്യതകളും കൃഷിക്കാരുടെ താൽപര്യവും മനസ്സിലാക്കി ഏറ്റവും ആവശ്യക്കാരുള്ള മൂന്നോ നാലോ യന്ത്രങ്ങൾ കൂടുതലായി വാങ്ങുന്നതാവും ഉചിതം. സമാന ഉപയോഗമുള്ള യന്ത്രങ്ങളിൽ കൂടുതൽ സ്വീകാര്യതയുള്ളതു മാത്രം വാങ്ങുക. വൈവിധ്യത്തിനായി ഉപയോഗം കുറഞ്ഞ യന്ത്രങ്ങൾ വാങ്ങിയാൽ വെറുതെ കിടന്നു തുരുമ്പിക്കും. ആവശ്യക്കാർ കൂടുതലായി വരുന്ന ഞാറുനടീൽയന്ത്രവും മറ്റും കൂടുതൽ വാങ്ങാനായി ആ തുക വിനിയോഗിച്ചാൽ വേഗം ജോലി പൂർത്തിയാക്കി കർഷകരുടെ പ്രിയം നേടാം. ട്രാക്ടർ വാങ്ങുന്നവർ അനുബന്ധ ഉപകരണങ്ങൾ കൂടി സ്വന്തമാക്കിയാൽ പല സീസണുകളിലായി പരമാവധി പ്രയോജനമെടുക്കാം. മികച്ച പ്രവർത്തനചരിത്രവും വിശ്വാസ്യതയുമുള്ള കമ്പനികളുടെ യന്ത്രം വാങ്ങാൻ ശ്രദ്ധിക്കുക. കാർഷിക സർവകലാശാലയുടെ തവന്നൂർ ഗവേഷണകേന്ദ്രത്തിൽ യന്ത്രങ്ങളുടെ പരിശോധനാകേന്ദ്രമുണ്ട്. ഇവിടെ പരിശോധിച്ചു തെളിഞ്ഞ യന്ത്രങ്ങളുടെ പട്ടിക സർവകലാശാല പാക്കേജ് ഓഫ് പ്രാക്ടീസിൽ ചേർത്തിട്ടുണ്ട്. കേരളത്തിന്റെ സാഹചര്യങ്ങൾക്കു ചേർന്ന യന്ത്രങ്ങൾ ഈ പട്ടികയിൽ നിന്നു തെരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കും
.

വാഴപ്പഴത്തിൽനിന്ന് ഒട്ടേറെ

 ഉൽപന്നങ്ങൾ


banana-halwa2
ബനാന ഹൽവ...

ഓണവിപണിയിലെ പ്രധാന താരങ്ങളാണ് ഏത്തക്കായും ഏത്തപ്പഴവും. ഓണക്കാലത്തും തുടർന്നുള്ള കുറെ ദിനങ്ങളിലും ഏത്തക്കായ്ക്ക് മോഹവില ലഭിക്കുമെങ്കിലും പിന്നീട് കുറഞ്ഞ് 15–20 രൂപയിലെത്തി നിൽക്കും. മറ്റു വാഴപ്പഴങ്ങളുടെ സ്ഥിതിയും ഇതുതന്നെ. 100 ശതമാനവും ഉപയോഗയോഗ്യമായ വാഴയുടെ 80 ശതമാനം ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. എന്നാൽ ഔഷധ, പോഷക ഗുണങ്ങളുണ്ടായിട്ടും പിണ്ടി, കൂമ്പ്, കായത്തൊലി എന്നിവ നാം പാഴാക്കുന്നു. വാഴയുടെ ഇത്തരം ഭാഗങ്ങളും അവയുടെ ഉൽപന്നങ്ങളും വിപണിയിലെത്തിച്ചാൽ അറ്റാദായം വർധിപ്പിക്കാം.

വാഴയിൽ നിന്നു വ്യാവസായികാടിസ്ഥാനത്തിൽ തയാറാക്കാവുന്ന ചില ഉൽപന്നങ്ങൾ പരിചയപ്പെ‌ടാം.

പച്ചക്കാപ്പൊടി: കുഞ്ഞുങ്ങളുടെ ഭക്ഷണത്തിലും മുതിർന്നവർക്കുള്ള ഹെൽത്ത് മിക്സിലും പ്രധാന ചേരുവയാണ് കായ്പ്പൊടി. ഏത്തയ്ക്ക, കുന്നൻ, കണ്ണൻ, പടറ്റി, മട്ടി ഇനങ്ങൾ ഇതു തയാറാക്കാൻ ഉപയോഗിച്ചുവരുന്നു. തൊലി പൊളിച്ചതിനുശേഷം കറ നീക്കംചെയ്തു കനം കുറച്ച് അരിഞ്ഞെടുത്ത കായ ഡ്രയറിലോ വെയിലത്തോ ഉണക്കിയെടുക്കാം. കുന്നൻ/കണ്ണൻ കായകൾ പൊടിക്കാതെ പായ്ക്ക് ചെയ്യാം. ഉണക്കിയ ഏത്തക്കായ പൊടിച്ച്‌ സൂക്ഷിച്ചുവച്ചാൽ വിപണിയിലെ പ്രിയമനുസരിച്ചു വിൽക്കാം. ഏത്തക്കായപ്പൊടി ഉപയോഗിച്ചു കേക്ക്, ബിസ്കറ്റ്, കുക്കീസ് എന്നിവയും തയാറാക്കാം. പുട്ട്, ചപ്പാത്തി എന്നിവ ഉണ്ടാക്കുമ്പോൾ അൽപം കായ്പ്പൊടികൂടി ചേർക്കാം.
പച്ചക്കായ്പ്പൊടി...

യന്ത്രസാമഗ്രികൾ: ബനാന സ്ലൈസിങ് മെഷീൻ, ഡ്രയർ, പൾവറൈസർ, പായ്ക്കിങ് മെഷീൻ.

ഏത്തയ്ക്ക ചിപ്സ്, ശർക്കരവരട്ടി: എന്നും വിപണിയിൽ പ്രിയമുള്ളതാണ് നീളത്തിലും വട്ടത്തിലും ചതുരാകൃതിയിലുമൊക്കെ മുറിച്ച് വറുത്തെടുക്കുന്ന ചിപ്സ്. വാക്വം ഫ്രയർ ഉപയോഗിച്ച് എണ്ണ വളരെ കുറച്ചുമാത്രം ചേർത്തുണ്ടാക്കുന്ന ചിപ്സിനും പ്രചാരമേറിവരുന്നു. മൊന്തൻ ഇനങ്ങൾകൊണ്ട് ശർക്കരവരട്ടിയുണ്ടാക്കാം.

യന്ത്രസാമഗ്രികൾ: സ്ലൈസറുകൾ, ഉരുളികൾ, പായ്ക്കിങ് മെഷീൻ.

ഏത്തയ്ക്ക ഹൽവ: ഇതിനും വിപണിയിൽ ഏറെ പ്രിയമുണ്ട്. നേന്ത്രനു വില കുറയുമ്പോൾ ഹൽവയുണ്ടാക്കി വിപണനം ചെയ്യാം. പഞ്ചസാര, ശർക്കര എന്നിവ അധികം ചേർക്കാതെതന്നെ പഴത്തിന്റെ സ്വഭാവിക മധുരത്തിൽ ഹൽവയുണ്ടാക്കാം.

ബനാനാ ഫിഗ്സ്: ഏത്തയ്ക്ക, ഞാലിപ്പൂവൻ, പടറ്റ‍ി എന്നീ പഴങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ബനാനാ ഫിഗ്സിന് ആഭ്യന്തര വിപണിക്കു പുറമേ കയറ്റുമതി സാധ്യതയുമുണ്ട്. ഡ്രൈ ഫ്രൂട്ടായി നേരിട്ടും കേക്ക്, കുക്കീസ് എന്നിവയ്ക്കു ചേരുവയായും ഉപയോഗിക്കാം. ചൂടുവെള്ളത്തിൽ മുക്കിയെടുത്ത പഴങ്ങൾ പഞ്ചസാര/ശർക്കരപ്പാനിയിൽ 2–3 മണിക്കൂർ വച്ചതിനുശേഷം ഉണക്കിയെടുക്കുന്ന പഴത്തിന് ഹൃദ്യമായ സ്വാദും നിറവും ലഭിക്കും.

യന്ത്രങ്ങൾ: ഡ്രയർ (ഇലക്ട്രിസിറ്റി ഉപയോഗിച്ചും കാർഷികാവശിഷ്ടങ്ങൾ ഇന്ധനമാക്കിയും പ്രവർത്തിക്കുന്ന ഡ്രയറുകൾ ലഭ്യമാണ്), സീലിങ് മെഷീൻ.

ഏത്തപ്പഴം/റോബസ്റ്റ കേക്ക്: ഏത്തപ്പഴം, റോബസ്റ്റ എന്നീ പഴങ്ങൾ ചേർത്തുണ്ടാക്കുന്ന കേക്ക്, മഫിൻസ് എന്നിവയ്ക്ക് ക്രിസ്മസും, പുതുവത്സരവും പോലുള്ള അവസരങ്ങളിൽ നല്ല വിപണി ഉറപ്പ്.

യന്ത്രങ്ങൾ: കേക്കിനു മിശ്രിതം തയാറാക്കുന്നതിനു മിക്സിങ് മെഷീൻ, ഇലക്ട്രിക് ബോർമ/ഓവൻ.

പിണ്ടി, കൂമ്പ്, കായത്തൊലി: പിണ്ടി, കൂമ്പ്, കായത്തൊലി എന്നിവ പാചകത്തിനു പറ്റിയ രൂപത്തിൽ അരിഞ്ഞു വിപണിയിലെത്തിക്കാം. ഇവ ഉപയോഗിച്ച് വിഭവങ്ങള‍ുമുണ്ടാക്കാം.

പിണ്ടി ജ്യൂസ്, സ്ക്വാഷ്, അച്ചാർ, കാൻഡി എന്നിവയ്ക്കു നല്ല സ്വീകാര്യതയുണ്ട്. സ്ക്വാഷ്, കാൻഡി, അച്ചാർ എന്നിവയ്ക്കു നല്ല സൂക്ഷിപ്പുഗുണവുമുണ്ട്. നേന്ത്രൻ, ഞാലിപ്പൂവൻ, പാളയംകോ‌ടൻ, കണ്ണൻ എന്നിവയുട‌െ പിണ്ടിയാണ് ഇതിനു യോജ്യം.
banana-products
റെഡി ടു കുക്ക് ഉൽപന്നങ്ങൾ..
അസിഡിറ്റി, അൾസർ എന്നിവ കുറയ്ക്കാൻ ശേഷിയുള്ള വാഴക്കൂമ്പ് ഉപയോഗിച്ച് കട്‍ലറ്റ്, അച്ചാർ, ചട്നിപ്പ‍ൊടി എന്നിവയുണ്ടാക്കാം. ഭക്ഷ്യനാരുകളാൽ സമ്പുഷ്ടവും ഊർജമൂല്യം കുറഞ്ഞതും കൊളസ്ട്രോൾ നില കുറയ്ക്കാൻ കഴിവുള്ളതുമായ കായത്തൊലി നിത്യാഹാരത്തിന്റെ ഭാഗമാക്കുന്നതു ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ഉതകും. ഇതുപയോഗിച്ചു കട്‍ലറ്റ്, അച്ചാർ, കൊണ്ടാട്ടം എന്നിവയുണ്ടാക്കാം.

കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിലോ വനിതാ– പുരുഷ സ്വയംസഹായസംഘങ്ങൾ, ജെഎൽജികൾ (JLG-Joint Liability Groups) എന്നിവയുട‌െ നേതൃത്വത്തിലോ ഇത്തരം ഉൽപന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കാം.

മൂല്യവർധനയിലേക്ക് ചിങ്ങോലി കർഷകർ

ഉൽപന്ന വിപണനത്തിനായി രൂപംകൊണ്ട കർഷക കൂട്ടായ്മ സംസ്കരണത്തിലേക്കും മൂല്യവർധനയിലേക്കും ചുവടുവയ്ക്കുന്നു.
farmers-from-chingoli
ചിങ്ങോലിയിലെ കർഷക കൂട്ടായ്മ...

വാഴ ഉൽപന്നങ്ങളുടെ മൂല്യവർധനയിലൂടെ കർഷകർക്ക് കൂടുതൽ വരുമാനം നേടിയെടുക്കാനാണ് ആലപ്പുഴ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിലെ കർഷക വിപണന സഹകരണസംഘത്തിന്റെ ശ്രമം.

പച്ചക്കറി ക്ലസ്റ്ററിന്റെ തുടർച്ചയായി രൂപം കൊടുത്ത വിപണിയിൽ നാടൻ കാന്താരി മുതൽ കറിവേപ്പില വരെ മിക്ക കാർഷികോൽപന്നങ്ങളും വിൽപനയ്ക്കുണ്ട്. തങ്ങളു‌ടെ പക്കൽ ഇല്ലാത്തത് സംഘം അയൽ പഞ്ചായത്തുകളിൽനിന്ന് ഇവിടെയെത്തിക്കുന്നുമുണ്ട്. കായംകുളം കൃഷിവിജ്ഞാനകേന്ദ്രത്തിൽ നടത്തിയ പരിശീലന പരിപാടിയിൽ പങ്കെടുത്തതോടെയാണ് വാഴപ്പഴം, വാഴപ്പിണ്ടി, കൂമ്പ് എന്നിവയിൽനിന്ന് ഉൽപന്നങ്ങളുണ്ടാക്കി വിപണിയിലിറക്കാൻ ഈ കർഷകർ തീരുമാനിക്കുന്നത്.

ആദ്യശ്രമമായി വാഴക്കൂമ്പ് കട്‍ലറ്റ് ഉണ്ടാക്കി വിൽപനയ്ക്കെത്തിച്ചപ്പോൾ ചൂടപ്പം പോലെ വിറ്റഴി‍ഞ്ഞു. പിന്നാലെ വാഴപ്പിണ്ടി സ്ക്വാഷ്, അച്ചാർ, ഏത്തപ്പഴം ഹൽവ, പാളയംകോടൻ ജാം എന്നിവ കൂടി വിപണിയിലെത്തിച്ചു. ചിപ്സ്, ശർക്കരവരട്ടി തുടങ്ങിയ പാരമ്പര്യരുചികളും ഒട്ടേറെ മറ്റു വിഭവങ്ങളും സംഘാംഗങ്ങൾ ഓണക്കാലത്ത് വിപണിയിലെത്തിച്ചു.

വയക്കര ശശാങ്കൻ, അശ്വതിഭവൻ പങ്കജാക്ഷൻ, ഇന്ദീവരം ചന്ദ്രബാബു, പത്മനാഭൻ, പുത്തൻതറയിൽ അംബിക, മൂഴിക്കുളത്ത് സാമുവൽ, പ്രസന്ന, ജയാംബിക രാജപ്പൻ, ശ്രീനിലയം രഞ്ജിത്ത്, പി.വി. തോമസ്, ഹരിഭവൻ സുമ എന്നിവർ ഒത്തുചേരുന്ന ഈ സംരംഭത്തിന്, കൃഷി ഓഫിസർ ബിന്ദു സാറാ ഏബ്രഹാം, കൃഷി അസിസ്റ്റന്റുമാരായ ആർ. മനോജ്, കെ.എ. ജെസിനി, പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. നിയാസ് എന്നിവർ പിന്തുണ നൽകുന്നു.

ഫോൺ: 9400518962, ബിന്ദു സാറ ഏബ്രഹാം, കൃഷി ഓഫിസർ

തയാറാക്കിയത്: ജിസ്സി ജോർജ്, സബ്ജക്റ്റ് മാറ്റർ സ്‌പെഷലിസ്റ്റ് (ഹോം സയൻസ്), കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ ഫോൺ: 0479 2449268

Thursday, 27 October 2016

വീടൊരു പൂങ്കാവനം; തിരുമലേശ്വര ഭട്ടിന്റെ കൃഷിപാഠം കണ്ണിനു കുളിരേകും


garden-by-thirumaleshwara-bhat

സുള്ള്യ കൊടിയാല കുരിയാജെയിലെ കർഷകൻ തിരുമലേശ്വര ഭട്ടിന്റെ വീട്ടിലെ പൂന്തോട്ടം...
വീടിനു ചുറ്റും പച്ചപ്പിന്റെ മനോഹാരിത ചാർത്തി മുറ്റത്ത് പൂങ്കാവനം നിർമിച്ച് ശ്രദ്ധേയനാവുകയാണു കർണാടക സർക്കാരിന്റെ കൃഷി പണ്ഡിതൻ അവാർഡ് നേടിയ സുള്ള്യ കൊടിയാല കുരിയാജെയിലെ കർഷകനായ തിരുമലേശ്വര ഭട്ട്. വീടിന്റെ ഗേറ്റിനു മുന്നിലെത്തുമ്പോൾ തന്നെ പച്ചപ്പുല്ല് വിരിച്ച പരവതാനി സ്വാഗതമോതുന്നു. മുറ്റത്തെത്തുമ്പോൾ ഏതോ മനോഹരമായ പൂന്തോട്ടത്തിലേക്കു പ്രവേശിച്ച അനുഭൂതി.

പച്ച വിരിച്ചു നിൽക്കുന്ന വിവിധ ഇനം അലങ്കാരച്ചെടികളും താമരക്കുളവും കാവേരി ദേവിയുടെ പ്രതിമയും അവിടെ ഇവിടെയായി സ്ഥിതി ചെയ്യുന്ന വിവിധ തരം ശിൽപങ്ങളും മറ്റും തിരുമലേശ്വര ഭട്ടിന്റെ പൂന്തോട്ടത്തെ സമ്പന്നമാക്കുന്നു. വീടിനു ചുറ്റും വിവിധ തരം വെള്ളാരം കല്ലുകളും ശേഖരിച്ചിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ഈ കല്ലുകൾ തിരുമലേശ്വര ഭട്ട് ശേഖരിച്ചത്. കേരളം, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നും മറ്റുമാണു ചെടികൾ കൊണ്ടുവരുന്നത്.

20 വർഷത്തെ ശ്രമത്തിലൂടെയാണു വീടിനു ചുറ്റും തിരുമലേശ്വര ഭട്ട് സ്വന്തമായി പൂങ്കാവനം ഒരുക്കിയത്. എവിടെ പോയാലും അവിടെനിന്നും ഒരു ചെടിയുമായി വരുന്ന ഭട്ട് വീടിനു ചുറ്റും മനസ്സിന്റെ കലാവാസനയ്ക്കനുസരിച്ചു ചെടികളിലൂടെ ശിൽപങ്ങളൊരുക്കിയിരിക്കുകയാണ്. വീടും പരിസരവും എങ്ങനെ ആകർഷകമായി സൂക്ഷിക്കാം എന്നതിനു മാതൃകയാവുകയാണ് തിരുമലേശ്വര ഭട്ടിന്റെ പൂന്തോട്ടം. തന്റെ വീടിനു ചുറ്റം എന്നതു പോലെ തന്നെ മനോഹരമാണു തിരുമലേശ്വര ഭട്ടിന്റെ കൃഷിയിടവും അടയ്ക്ക, റബർ, കുരുമുളക്ക്, കൊക്കോ, വാഴ എന്നീ കൃഷികൾക്കൊപ്പം ഒരു ഏക്കറിൽ ഇരുപത്തഞ്ചിലധികം ഇനം പഴ വർഗങ്ങളും കൃഷി ചെയ്യുന്നു. പശു വളർത്തലും നടത്തുന്നു. കൃഷി രീതിയിൽ വ്യത്യസ്തത പുലർത്തുന്ന തിരുമലേശ്വര ഭട്ടിനെ കർണാടക സർക്കാർ കൃഷി പണ്ഡിതൻ അവാർഡ് നൽകി ആദരിച്ചിരുന്നു.

എണ്ണി 123 ദിവസം; നെൽകൃഷിയിൽ വിജയം ആഘോഷിച്ച് പരിയും കുടുംബവും


paddy-harvest-at-kovoor

കോവൂർ–പാലാഴി എംഎൽഎ റോഡിൽ മാക്കണഞ്ചേരി പാലപ്പറമ്പത്ത് പരി വീട്ടുപറമ്പിലെ നെൽകൃഷി വിളവെടുക്കുന്നു....

വിത്ത് വിതറി 123 ദിവസം കൊണ്ട് കോഴിക്കോട് കോവൂർ എംഎൽഎ റോഡിൽ മാക്കണഞ്ചേരി പാലപ്പറമ്പത്ത് വീട്ടിൽ എം. പരിയുടെ 15 സെന്റിലെ നെൽക്കൊയ്ത്തു. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും പരിയുടെ ഭാര്യ ഖദീജയുമാണ് കൊയ്ത്തു നടത്തിയത്. 75 കിലോ നെല്ലാണ് ഇവർ കൊയ്തെടുത്തത്. നെൽകൃഷി വേരറ്റുപോകുന്ന നമ്മുടെ നാട്ടിൽ നൂറുമേനി വിജയമാണ് നഗരത്തിൽ താമസിക്കുന്ന ഈ ദമ്പതികൾ കൊയ്തെടുത്തത്.

വിത്ത് വിതച്ച ശേഷം ദിവസവും നനയ്ക്കുമായിരുന്നു, ആ സമയത്ത് മഴ അനുകൂലമായും വന്നു. അങ്ങനെ വിത്ത് വിതറി 123 ദിവസത്തിനു ശേഷം കൊയ്ത്തും നടന്നു. സാധാരണഗതിയിൽ 125 ദിവസം കഴിഞ്ഞാണ് കൊയ്ത്ത് നടത്താറെന്നു പരി പറഞ്ഞു. കൃഷിഭവനിൽ നിന്ന് വാങ്ങിയ വിത്താണ് ഉപയോഗിച്ചത്. പരി തന്റെ പറമ്പിൽ നെൽകൃഷി നടത്താൻ പോകുന്നെന്നറിഞ്ഞപ്പോൾ പലരും കളിയാക്കിയിരുന്നു. അരയേക്കർ സ്ഥലത്ത് വീടിന്റെ മുന്നിലെ 15 സെന്റിലാണ് കൃഷി നടത്തിയത്.

എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും നനയ്ക്കും. ചുറ്റുമതിൽ ഉള്ളതിനാൽ ഈ കൃഷിയെ കുറിച്ച് ആരും അറിഞ്ഞില്ല. മാത്രമല്ല ഇത് രണ്ടാം തവണയാണ് പരിയും ഭാര്യയും നെൽകൃഷി വിളവെടുക്കുന്നത്. നാട്ടിൻപുറങ്ങളിൽ ഇത്തരത്തിലുള്ള നെൽകൃഷി നടത്തുന്നത് സാധാരണയാണ് എന്നാൽ, നഗരത്തിൽ അതും വീടിനു മുറ്റത്ത് നെൽ നട്ട് വിളവെടുക്കുന്നത് ചുരുക്കമാണ്.

പലയിടത്തും നെൽകൃഷി പരാജയമാകുമ്പോൾ ചുരുങ്ങിയ സ്ഥലമുള്ളവർ ഇത്തരത്തിൽ കൃഷി ചെയ്യുന്നത് പ്രോൽസാഹിപ്പിക്കേണ്ടതാണ്. നെല്ല് വിളവെടുപ്പിനു പാകമായിട്ടുണ്ടെന്നു കൃഷിഭവനിൽ അറിയിച്ചിട്ടും ഇതുവരെയും ആരും വന്നില്ലെന്ന പരാതിയും ഈ വീട്ടുകാർക്കുണ്ട്.

വളം സബ്സിഡി ബാങ്കുകൾ

 വഴിയാക്കും


fertilizer

കർഷകർക്കുള്ള വളം സബ്സിഡി ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ടു നൽകാൻ സർക്കാർ തയാറെടുപ്പു തുടങ്ങി. തിരഞ്ഞെടുത്ത 16 ജില്ലകളിൽ നടപ്പാക്കിയ പദ്ധതി വിജയിച്ച സാഹചര്യത്തിലാണിത്. പ്രതിവർഷം 75,000 കോടിയോളം രൂപയാണു വളം സബ്സിഡി.

ഇതേസമയം, കർഷകരിൽ പകുതിയും ഭൂവുടമകളല്ലാത്തതു കൊണ്ടു സബ്സിഡി വിതരണം വെല്ലുവിളിയാകുമെന്നു രാസവസ്തു, വളം മന്ത്രി അനന്ത്കുമാർ പറഞ്ഞു. വളം മേഖലയിൽ സ്വയംപര്യാപ്തത നേടുന്നതിന്റെ ഭാഗമായി അടഞ്ഞുകിടക്കുന്ന യൂറിയ പ്ലാന്റുകൾ വീണ്ടും തുറക്കും. പ്രകൃതിവാതകം ‌ലഭ്യമായ ഇറാൻ, അൽജീറിയ, മ്യാൻമർ എന്നിവിടങ്ങളിൽ വളത്തിനു പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണെന്നു മന്ത്രി വെളിപ്പെടുത്തി
.

മഞ്ഞളിപ്പും മഹാളിയും: കമുകു

 കൃഷി തകർച്ചയിൽ


arecanut-kavungu-kamuku

വ്യാപകമായ മഹാളിയും മഞ്ഞളിപ്പും വയനാട് ജില്ലയിൽ കമുകുകൃഷിയെ തകർക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് കമുകുകളാണ് ദിവസേന നശിക്കുന്നത്. മാനന്തവാടി, പനമരം, ദാസനക്കര തുടങ്ങിയ ഭാഗത്ത് വൻതോതിൽ നാശമുണ്ടായി. ഇപ്പോൾ പുൽപള്ളി ഭാഗത്തേക്കും രോഗം വ്യാപിക്കുന്നു. മഴക്കുറവാണ് മഞ്ഞളിപ്പ് വ്യാപിക്കാൻ പ്രധാന കാരണം. മൂപ്പെത്താത്ത അടയ്ക്ക കൊഴിയുന്നതും പ്രശ്നമാകുന്നു. പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലാണ് കമുകു കൃഷി അവശേഷിച്ചിരുന്നത്.

മഹാളി, മഞ്ഞളിപ്പ് എന്നിവയ്ക്കെതിരെ കർഷകർ മരുന്നുതളി നടത്തിയിരുന്നു. മരത്തിന് മുകളിലും ചുവട്ടിലും മരുന്നുതളിക്കണമെന്ന നിർദേശം പാലിച്ചവർക്കും രക്ഷയില്ല. വ്യാപകമായ രോഗബാധ തടയാൻ കർഷകർക്കാവുന്നില്ല. രോഗബാധയുള്ള മരത്തിൽ ഉൽപാദനം വളരെ കുറയുന്നു. മാത്രവുമല്ല, മൂപ്പെത്താതെ അടയ്ക്ക കൊഴിയുകയും ചെയ്യുന്നു. മഴക്കുറവ് മൂലം അടയ്ക്കയുടെ തൂക്കം കുറയുന്നതും നഷ്ടങ്ങൾക്കിടയാക്കുന്നു. സാധാരണ നിലയിൽ 140 കിലോ പച്ച അടയ്ക്ക ഉണങ്ങിയാൽ അൻപതു കിലോ ഉണക്ക അടയ്ക്ക ലഭിക്കുമായിരുന്നു. ഇപ്പോൾ അൻപതു കിലോ ഉണക്ക അടയ്ക്കയ്ക്ക് 200 കിലോ വരെ ഉണങ്ങേണ്ട സ്ഥിതി. ഈ അവസ്ഥയിൽ അടയ്ക്കയുടെ ആവശ്യവും വിലയും കുറഞ്ഞു.

കർണാടകയിലെ അറക്കൽകോ‍ഡ്, ചാമരാജ് നഗർ എന്നിവി‍ടങ്ങളിലേക്കാണ് വയനാട്ടിൽ നിന്ന് പ്രധാനമായും അടയ്ക്ക കയറ്റുന്നത്. തൂക്കം കുറയുന്ന അടയ്ക്ക വാങ്ങാൻ അവിടുത്തെ സംസ്കരണ ശാലകൾക്ക് താൽപര്യമില്ല. കഴിഞ്ഞ വർഷം കിലോയ്ക്ക് 85 രൂപ വില ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 74 രൂപ മാത്രം. മഴക്കുറവിനെ തുടർന്ന് അടയ്ക്ക നേരത്തേ പഴുത്തു തുടങ്ങിയതിനാൽ കർഷകർ മൊത്തമായി പറിച്ചെടുക്കുകയാണ്. കാലവർഷം ദുർബലമായതിനാൽ ഇടവിട്ടാണ് അടയ്ക്ക കായ്ച്ചത്. എന്നാൽ പണിഭാരം കണക്കിലെടുത്ത് മൂപ്പെത്താത്ത അടയ്ക്കയും പറിച്ചെടുക്കണം.

ഈ ഉൽപന്നമാണ് തൂക്കക്കുറവിന്റെ പേരിൽ വിലകുറച്ച് വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നത്.നെൽകൃഷി നഷ്ടമായതോടെയാണ് വയനാട്ടിൽ വ്യാപകമായി കമുകു കൃഷിയാരംഭിച്ചത്. ഒട്ടേറെ കർഷകരുടെ മുഖ്യവരുമാന മാർഗവും അടയ്ക്ക ആയിരുന്നു. എന്നാൽ കാര്യമായി ആദായം ലഭിച്ചുതുടങ്ങിയപ്പോഴേക്കും തോട്ടങ്ങൾ തന്നെ ഇല്ലാതാകുന്നു. പാട്ടത്തിനെടുത്തവരും വൻ നഷ്ടം സഹിക്കേണ്ട സ്ഥിതിയിലാണ്. ഉൽപാദനക്കുറവും തൂക്കക്കുറവും നഷ്ടംവരുത്തുമെന്നാണ് കച്ചവടക്കാരുടെയും ആശങ്ക.

പൊലീസ് കാവലുണ്ട് ഈ 

പച്ചക്കറികൾക്ക്


vegetable-farming-by-railway-police

കോഴിക്കോട് കേരള റെയിൽവേ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ സ്റ്റേഷൻ വളപ്പിൽ ഒരുക്കിയ പച്ചക്കറിത്തോട്ടം. ചി...

കോഴിക്കോട് ഒന്നാം മേൽപാലം ഇറങ്ങുന്നിടത്തുള്ള റെയിൽവേ പൊലീസ് സ്റ്റേഷന്റെ പിന്നാമ്പുറത്തേക്കൊന്നു വന്നു നോക്കണം. പടർന്നു പന്തലിച്ചൊരു അടുക്കളത്തോട്ടമാണ് നിങ്ങളെ സ്വാഗതം ചെയ്യുക. ഇവിടത്തെ പൊലീസുകാർ ഡ്യൂട്ടി കഴിഞ്ഞ് പച്ചക്കറി വാങ്ങാൻ മാർക്കറ്റിലേക്കല്ല പോകുന്നത്. മറിച്ച് സഞ്ചിയുമെടുത്ത് സ്റ്റേഷനു പിന്നിലെ അടുക്കളത്തോട്ടത്തിലേക്കാണ് കയറുക. അവിടെ നിന്ന് ആവശ്യമായ പച്ചക്കറി പൊട്ടിച്ചെടുത്തു വീട്ടിലേക്ക് പോകുമ്പോൾ അധ്വാനിച്ചുണ്ടാക്കിയ പച്ചക്കറിയുമായി പോകുന്നതിന്റെ അഭിമാനവും അവർക്കുണ്ട്.

തക്കാളിയും വെണ്ടയും പയറും വഴുതനയുമെല്ലാം ഈ സ്റ്റേഷന്റെ പിന്നാമ്പുറത്ത് വിളവെടുപ്പിനു പാകമായി നിൽക്കയാണ്. ഒന്നര മാസം മുൻപ് ഇതുവഴി മൂക്ക് പോത്താതെ പോകാനാകുമായിരുന്നില്ല. അത്രയേറെ മാലിന്യങ്ങളായിരുന്നു ഇവിടെ കുന്നുകൂടി കിടന്നിരുന്നത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയാണ് ഇതിന്റെ മുഖഛായ മാറ്റിയത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി ഇവിടത്തെ പൊലീസുകാർ ചേർന്ന് സ്റ്റേഷൻ പരിസരം വൃത്തിയാക്കിയിരുന്നു. എന്നാൽ‌, ഈ വൃത്തിയാക്കലൊന്നും ഇരുളിൻ മറവിൽ സ്റ്റേഷൻ വളപ്പിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ ബാധിച്ചില്ല. അവർ യഥേഷ്ടം മാലിന്യങ്ങൾ വീണ്ടും കൊണ്ടുതള്ളിയതോടെ സ്റ്റേഷൻ പരിസരം വീണ്ടും മാലിന്യകൂമ്പാരമായി മാറാൻ തുടങ്ങി.

ഇതിനൊരു പരിഹാരം എന്ന നിലയിലാണ് സ്റ്റേഷനിലെ കുറച്ചു പൊലീസുകാർ ചേർന്ന് ഇവിടെ ജൈവ പച്ചക്കറി കൃഷി തുടങ്ങാൻ തീരുമാനിച്ചത്. സ്റ്റേഷൻ ഇൻ ചാർജായ എസ്ഐയുടെ പിന്തുണയും കൂടെ ഉണ്ടായതോടെ സ്റ്റേഷനിലെ പൊലീസുകാർ പച്ചക്കറി കൃഷി തുടങ്ങുകയായിരുന്നു. കൃഷിയിൽ അൽപം അവഗാഹമുള്ള സിവിൽ പൊലീസ് ഓഫിസർ എം.എ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ 20 പൊലീസുകാരാണ് തങ്ങളുടെ വിശ്രമ വേളകൾ പച്ചക്കറി കൃഷിക്കായി മാറ്റിവച്ചത്. അതിന്റെ ഫലമാണ് ഇന്ന് സ്റ്റേഷൻ വളപ്പിൽ കായ്ച്ചു നിൽക്കുന്ന ജൈവ പച്ചക്കറികൾ.

20 പൊലീസുകാർ ചേർന്ന് 10,000 രൂപ സ്വരൂപിച്ചാണ് ഇവിടെ പച്ചക്കറി കൃഷി ആരംഭിച്ചത്. 150 ഗ്രോ ബാഗുകളിലായി ഇവർ തക്കാളി, വെണ്ട, പയർ, വഴുതന, പച്ചമുളക്, ചീര, ഇളവൻ, കക്കിരി, മത്തൻ, കോവയ്ക്ക എന്നിവയാണ് കൃഷി ചെയ്തത്. ചാണകവും കടലപ്പിണ്ണാക്കും വേപ്പ് പിണ്ണാക്കും ചേർത്തുണ്ടാക്കുന്ന ജൈവവളമാണ് ഇവർ കൃഷിക്കായി ഉപയോഗിക്കുന്നത്.

നല്ല ജൈവ പച്ചക്കറി സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നതിനൊപ്പം ഇവിടത്തെ പൊലീസുകാർക്ക് തങ്ങളുടെ സ്റ്റേഷൻ വളപ്പ് മനോഹരമായി സൂക്ഷിക്കാനുമാകുന്നു. പച്ചക്കറി തോട്ടമായി സ്റ്റേഷന്റെ പിന്നാമ്പുറം മാറിയതോടെ ഇവിടേക്ക് മാലിന്യം വലിച്ചെറിയുന്നതും ഇല്ലാതായിരിക്കയാണ്.

വിഷ പച്ചക്കറിയെ തുരത്താൻ 

വീട്ടമ്മമാർ

vegetable-farming-by-housewives1
അവിണിശേരി പഞ്ചായത്തിലെ കാടുനിറഞ്ഞു കിടന്നിരുന്ന പറമ്പിൽ കൃഷിചെയ്ത ജൈവ പച്ചക്കറി തോട്ടത്തിൽ പഞ്ചായത്ത...

തമിഴ്നാട്ടിൽ നിന്നും വരുന്ന വിഷമയമായ പച്ചക്കറികളെ കുറ്റം പറയുകയും പിന്നീട് അതു തന്നെ വാങ്ങി കഴിച്ച് അസുഖ ബാധിതരാവുകയും ചെയ്യുന്ന സമൂഹത്തിന് മുന്നിൽ ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് പ്രവർത്തിയിലൂടെ കാണിച്ചു നൽകി മാതൃകയാവുകയാണ് തൃശൂർ അവിണിശേരി ആറാം വാർഡിലെ ജയ ജെഎൽജി കുടുംബശ്രീ കൂട്ടായ്മയിലെ 12 വനിതകൾ. പഞ്ചായത്തിൽ കൃഷിയിറക്കാതെ കാടുകയറി കിടക്കുന്ന സ്ഥലങ്ങൾ ഉടമസ്ഥരുടെ അനുമതിയോടെ വെട്ടി വെടിപ്പാക്കി അതിൽ വിവിധയിനം പച്ചക്കറികൾ ജൈവ രീതിയിൽ കൃഷി ചെയ്ത് വിജയം കൊയ്യുകയാണ് ഇവർ.
koorka-vegetable-farming-by-housewives
അവിണിശേരി പഞ്ചായത്തിലെ വനിതാ കർഷകർ നടത്തിയ കൂർക്കക്കൃഷി....
അവിണിശേരി പഞ്ചായത്തിൽ പലയിടങ്ങളിലായി നാല് ഏക്കറിലധികം ഇതിനകം ഇവർ കൃഷി വ്യാപിപ്പിച്ചു കഴിഞ്ഞു. അധികം വൈകാതെ പഞ്ചായത്തിലെ കാടു കയറി കിടക്കുന്ന മറ്റു സ്ഥലങ്ങളിൽ കൂടി പച്ചക്കറി കൃഷിയിൽ നൂറു മേനി വിളവെടുപ്പ് നടത്താമെന്നാണ് ഈ വനിതകളുടെ പ്രതീക്ഷ. സരള വേലായുധൻ എന്ന വീട്ടമ്മയാണ് ഈ മാതൃകാപരമായ ആശയത്തിനു പിന്നിൽ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് കുടുംബശ്രീ പ്രവർത്തകരും പൂർണമായും സഹകരിക്കുന്നുണ്ട്. മധുരക്കിഴങ്ങ്, കപ്പ, പയർ, ചേന, ചേമ്പ്, ചീര, വെണ്ടക്കായ, കപ്പലണ്ടി, നേന്ത്രക്കായ, തുവരപരിപ്പ്, റോബസ്റ്റ്, കൂർക്ക എന്നിവയാണ് ഇവർ കൃഷി ചെയ്യുന്നത്.
vegetable-harvest-by-housewives
അവിണിശേരി പഞ്ചായത്തിലെ വനിതകൾ ഉത്പാദിപ്പിച്ച പച്ചക്കറികൾ....
ജൈവ കൃഷിയാണെന്നതിനാൽ വിളകൾ ഇവർക്ക് ചന്തയിൽ കൊണ്ടു പോയി വിൽക്കേണ്ടി വരുന്നില്ല, ആവശ്യക്കാർ കൃഷിയിടത്തിലേക്ക് അന്വേഷിച്ചു വരികയാണ് പതിവെന്നും ലാഭം എല്ലാവരും പങ്കിട്ടെടുക്കയാണ് ചെയ്യുകയെന്നും ഇവർ പറയുന്നു. എല്ലാവരും ഇത്തരം മാതൃക പിന്തുടർന്നാൽ പണ ലാഭത്തിനൊപ്പം വിഷ പച്ചക്കറി തിന്നുകൊണ്ടുണ്ടാവുന്ന അസുഖങ്ങളെയും അകറ്റി നിർത്താനാവുമെന്നും അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ സ്ത്രീശക്തി അഭിപ്രായപ്പെടുന്നു.
groundnut-farming-by-housewives
അവിണിശേരി പഞ്ചായത്തിൽ വനിതകൾ നടത്തുന്ന കപ്പലണ്ടി കൃഷി....

Tuesday, 25 October 2016

സംസ്കരിച്ചു സൂക്ഷിക്കാൻ 

റിട്ടോർട്ട്


retort-machine

റിട്ടോർട്ട് മെഷീൻ...
യന്ത്രങ്ങൾ സ്വന്തമാക്കാതെയും സംസ്കരണസംരംഭങ്ങൾ ആരംഭിക്കാമെന്നു തെളിയിക്കുകയാണ് തിരുവനന്തപുരം വിഴിഞ്ഞത്തിനു സമീപം ചപ്പാത്തിലുള്ള ശാന്തിഗ്രാം. ഭക്ഷ്യസംസ്കരണ സംരംഭകരെ സൃഷ്ടിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഇവിടെ ആരംഭിച്ച പൊതുസൗകര്യകേന്ദ്രം തുടക്കത്തിൽ തന്നെ ഒരു ഉൽപാദകകമ്പനിയുടെ പിള്ളത്തൊ‌ട്ടിലായി മാറി. ചക്ക ഉൽപന്നങ്ങൾ നിർമിക്കുന്നതിനായി രൂപീകരിച്ച പനസം ഉൽപാദകകമ്പനിക്ക് ബാലാരിഷ്‌ടതകൾക്കിടയിലും ചക്ക ഉൽപന്നങ്ങളുണ്ടാക്കാൻ സഹായകം ഇവിടുത്തെ ചെറുയന്ത്രങ്ങളാണ്. കമ്പനിയുടെ ഇൻക്യുബേഷൻ സെൻറർ ആകുന്നതിനൊപ്പം പരിശീലനമില്ലാത്ത ആഴ്ചകളിൽ യന്ത്രങ്ങൾ പ്രവർത്തനരഹിതമായിരുന്നു കേടാവാതിരിക്കാനും ഈ സഹകരണം ഉപകരിക്കുന്നു. പൾപർ, ബോയിലർ, കെറ്റിൽ, റിട്ടോർട്ട് മെഷീൻ തുടങ്ങിയ യന്ത്രസംവിധാനങ്ങളാണ് ഈ കേന്ദ്രത്തിൽ ഇപ്പോഴുള്ളത്. ഈ യന്ത്രങ്ങളുടെ സഹായത്തോടെ പ്രതിദിനം 50 കിലോ ചക്ക സംസ്കരിക്കാനാകുമെന്ന് ശാന്തിഗ്രാം ഡയക്ടർ എൽ. പങ്കജാക്ഷൻ പറഞ്ഞു. പതിനാറുലക്ഷം രൂപയുടെ നിക്ഷേപമാണ് ഈ കേന്ദ്രത്തിനായി വേണ്ടിവന്നത്.

തുടക്കക്കാർക്കു വേണ്ടിയുള്ള പരിശീലന സംവിധാനമെന്ന നിലയിൽ താരതമ്യേന ശേഷി കുറഞ്ഞ യന്ത്രങ്ങളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. എങ്കിലും ഗ്രാമതല സംരംഭകർക്കു നടത്താവുന്ന ചെറുകിട സംസ്കാരണ യൂണിറ്റുകൾക്ക് ഇവ പര്യാപ്തമാണ്. യന്ത്രങ്ങളിൽ പലതും വ്യത്യസ്ത ഉൽപന്നങ്ങൾക്കുള്ളതാണ്. പൾപ്പുണ്ടാക്കുന്ന യന്ത്രം 40,000 രൂപയ്ക്കു വാങ്ങാനാവും. ഇതോടൊപ്പം നാൽപതിനായിരം രൂപയുടെ റിട്ടോർട്ട് മെഷീനും 24000 രൂപയുടെ ബാൻഡ് സീലറുമുണ്ടെങ്കിൽ പൾപ് പായ്ക്ക് ചെയ്ത് ബേക്കറികൾക്കും പലഹാരനിർമാതാക്കൾക്കും വിൽക്കാനാവും.

പനസം അംഗങ്ങളിൽനിന്നും സമീപവാസികളിൽനിന്നും വാങ്ങുന്ന ചക്ക ഇവിടെ വിവിധ ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കും. ചക്ക ഉപയോഗിച്ചുണ്ടാക്കുന്ന ഹൽവ, വരട്ടി, സ്ക്വാഷ്, ജാം, ജ്യൂസ്, അച്ചാർ, ആരോഗ്യപാനീയം, കേക്ക്, ഐസ്ക്രീം, പക്കാവട, ബജി, കട്ലറ്റ്, മോദകം, കുമ്പിളപ്പം, ഉണ്ണിയപ്പം എന്നിങ്ങനെ, സീസണാവുമ്പോൾ സംഭരിക്കുന്ന ചക്കപ്പഴം മുഴുവൻ പൾപ് രൂപത്തിലാക്കി റിട്ടോർട്ട് പായ്ക്കുകളിൽ സൂക്ഷ‍ിക്കുകയും ഓഫ് സീസണിൽ ഇവ ഉപയോഗിച്ചു ചക്ക വിഭവങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കുകയും ചെയ്യുന്നതാണ് ഇവരുടെ തന്ത്രം.

റിട്ടോർട്ട് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പഴവർഗങ്ങളും മറ്റും ഒരു വർഷത്തോളം സാധാരണ താപനിലയിൽ കേടുകൂടാതെ സൂക്ഷിക്കാനാവും. അലുമിനിയംകൊണ്ടു നിർമിച്ച റിട്ടോർട്ട് പൗച്ചുകളിൽ പൾപ്പ് / ജ്യൂസ് നിറച്ചു സീൽ ചെയ്ത ശേഷം റിട്ടോർട്ട് മെഷീനിലെ ഉയർന്ന താപനിലയിൽ അണുവിമുക്തമാക്കുന്ന രീതിയാണിത്. ചക്കപ്പഴത്തിന്റെ പൾപ് റിട്ടോർട്ട് പൗ‍ച്ചുകളിലാക്കി സൂക്ഷിക്കുന്നതിനാണ് പനസം റിട്ടോർട്ട് മെഷീനുകളുപയോഗിക്കുന്നത്. സൂക്ഷിച്ചുവയ്ക്കുന്നതിനു പകരം ഉടൻ ഉൽപന്നങ്ങളാ‌ക്കി മാറ്റുന്ന സംരംഭമാണെങ്കിൽ റിട്ടോർട്ട് പായ്ക്കിങ് പോലുള്ള സംവിധാനങ്ങൾ വേണ്ടിവരില്ല. യന്ത്രങ്ങളുടെ വിലയേക്കാൾ സംരംഭകരെ ഭയപ്പെടുത്തുന്നത് അവയുടെ അനുബന്ധ ഉപകരണങ്ങളുടെ വിലയും നികുതിയുമാണെന്ന് പങ്കജാക്ഷൻ ചൂണ്ടിക്കാട്ടി.

ഫോൺ– 9072302707

നിലത്തു നിൽക്കാം,

 ഉയരത്തിലെത്താം


wonder-climber-and-prakasan-thattari

തെങ്ങു കയറാനുള്ള യന്ത്രം സംസ്ഥാനത്ത് വ്യാപകമായി കഴിഞ്ഞു. എന്നാൽ അതിനേക്കാൾ ദുഷ്കരമായ അടയ്ക്ക വിളവെടുപ്പിനു യന്ത്രം കണ്ടുപിടിച്ച കോഴിക്കോട് മായനാട് സ്വദേശി പ്രകാശൻ തട്ട‍ാരിക്ക് ഇനിയും അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല. നിലത്തു നിന്നുകൊണ്ടുതന്നെ അടയ്ക്ക ചെത്തി നിലത്തുവീഴാതെ കൈകളിലെത്തിക്കാമെന്നതാണ് ഈ യന്ത്രത്തിന്റെ മേന്മ. ഏതാനും ദിവസങ്ങളുടെ പരിശീലനം കൊണ്ട് സ്ത്രീകൾക്കുപോലും വൈദഗ്ധ്യം നേടാവുന്ന വണ്ടർ ക്ലൈംബർ വരുമാനമാർഗമാക്കിയ സ്ത്രീപുരുഷന്മാർ കേരളത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ധനമില്ലാതെ പ്രവർത്തിക്കുന്ന ഈ യന്ത്രം നിലത്തുനിന്ന് കൈകൾകൊണ്ടു പ്രവർത്തിപ്പിക്കാം. കപ്പി–കയർ സംവിധാനത്തിലൂടെ കമുകിൽ കയറുകയും ഇറങ്ങുകയും വണ്ടർ ക്ലൈംബറിൽ നിന്നു തൂങ്ങിക്കിടക്കുന്ന വലിയ കയർ വലിക്കുകയും തുടർന്ന് അയയ്ക്കുകയും ചെയ്യുമ്പോൾ ഇത് മുകളിലേക്ക് കയറുന്നു. ഈ പ്രക്രിയ ആവർത്തിച്ച് യന്ത്രത്തെ കമുകിനു മുകളിലെത്തിക്കാം. യന്ത്രത്തിന്റെ ഭാഗമായുള്ള സ്പ്രിങ്ങിൽ നിന്നാണ് മുകളിലേക്കു കുതിക്കാനുള്ള ശക്തി കിട്ടുന്നത്. അടയ്ക്കാക്കുലയുടെ അരയടി താഴെയെത്തിയ ശേഷം ശക്തിയായി വലിക്കുമ്പോൾ വണ്ടർ ക്ലൈംബറിന്റെ മുകളിൽ കമുകിനോടു ചേർന്നുനിൽക്കുന്ന കത്തി കുലയുടെ ചുവടുഭാഗത്തു തട്ടി കുല മുറിയുന്നു. ഇപ്രകാരം മുറിഞ്ഞുവീഴുന്ന അടയ്ക്കാക്കുല യന്ത്രത്തിൽ നിന്നും പുറത്തേക്കു നീണ്ടുനിൽക്കുന്ന ക്ലാമ്പിൽ തങ്ങിനിൽക്കുന്നതിനാൽ താഴേക്കു പതിക്കുന്നില്ല. യന്ത്രത്തിൽ നിന്നു താഴേക്കു കിടക്കുന്ന വണ്ണം കുറഞ്ഞ കയർ വലിക്കുന്നതോടെ യന്ത്രം താഴേക്കിറങ്ങുന്നു. മറ്റൊരു അടയ്ക്കാക്കുല കൂടി വിളവെടുക്കാനുണ്ടെങ്കിൽ വണ്ണം കുറഞ്ഞ കയർ ഒരു വശത്തേക്കു വലിച്ച് യന്ത്രത്തെ ഏതു വശത്തേക്കും തിരിക്കാമെന്ന് പ്രകാശൻ പറഞ്ഞു. കുലയുടെ ചുവട്ടിൽ കത്തി എത്തുമ്പോൾ ആദ്യം ചെയ്തതു പോലെ ചെറിയ കയർ താഴേക്കു വലിച്ച് വിളവെടുക്കാം.

കമുകിൽ മരുന്നു തളിക്കുന്നതിന് ഈ യന്ത്രത്തിലെ കത്തി അഴിച്ചുമാറ്റി പകരം സ്പ്രെയറിന്റെ നോസിൽ ഘടിപ്പിക്കാനുള്ള ക്ലാമ്പ് വയ്ക്കണം. ക്ലാമ്പിൽ കമുകിനോളം നീളമുള്ള ചെറിയ കയർ കെട്ടിയ ശേഷം സ്പ്രെയർ ഉപയോഗിച്ച് കമുകിൽ മരുന്നു തളിക്കാം. കമുകിനും ചുറ്റും അയൽ മരങ്ങളിലും മരുന്നു തളിക്കാനാവും. വണ്ടർ ക്ലൈംബറിന്റെ ചുവടുപിടിച്ച് തേങ്ങയിടുന്നതിനുള്ള യന്ത്രം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

എഴു വർഷം മുമ്പ് സെയിൽസ് ടാക്സ് ഓഫിസറായി വിരമിച്ച പ്രകാശൻ അഞ്ചു വർഷം മുമ്പാണ് വണ്ടർ ക്ലൈംബറിനു രൂപം നൽകിയത്. പേറ്റൻറിന് അപേക്ഷ നൽകി കാത്തിരിക്കുന്നതിനൊപ്പം, മൂന്നു വർഷമായി മെഷീൻ നിർമിച്ചു വിൽക്കുന്നുമുണ്ട്. ഇതിനായി കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം മായനാട് പ്രകാടെക് എന്ന പേരിൽ ഒരു സ്ഥാപനം ഇദ്ദേഹം നടത്തുന്നു. ഇതിനകം 1900 യന്ത്രങ്ങൾ വിറ്റുകഴിഞ്ഞു. വണ്ടർ ക്ലൈംബറിന്റെ വില 7500 രൂപയാണ്. ഇതോടൊപ്പം മരുന്നു തളിക്കുന്ന സംവിധാനം കൂടി വേണമെങ്കിൽ 500 രൂപ കൂടുതൽ നൽകണം. കേരളത്തിൽനിന്നു മാത്രമല്ല, അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നുമൊക്കെ അന്വേഷണമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

വിദൂര നിയന്ത്രിത തേങ്ങയിടൽ യന്ത്രത്തിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം. മുപ്പതിനായിരം രൂപ ചെലവ് വരുന്ന ഈ യന്ത്രം വൈകാതെ തന്നെ വിപണിയിലെത്തിക്കാമെന്നാണ് പ്രതീക്ഷ. അടയ്ക്ക പൊളിക്കുന്ന യന്ത്രം, കൊതുകുനശീകരണയന്ത്രം എന്നിവയും ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളായുണ്ട്. ത‌െങ്ങുകയറ്റയന്ത്രം വികസിപ്പിക്കുന്നതിനായി അടുത്ത കാലത്ത് കോയമ്പത്തൂരിലെ തമിഴ്നാട് കാർഷിക സർവകലാശാല മുഖേന അഖിലേന്ത്യാ കാർഷിക ഗവേഷണ കൗൺസിൽ 15.6 ലക്ഷം രൂപ അനുവദിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ഫോൺ– 9946417434

ജീവിതം പറിച്ചു നട്ട യന്ത്രം


haritha-thozhil-sena-cheerakuzhy2

ചീരക്കുഴിയിലെ ഹരിത തൊഴിൽസേന ഞാറുനടാനൊരുങ്ങുന്നു...


അഞ്ചു വർഷം മുമ്പ് പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തിൽ നിന്നു വാടകയ്ക്കെടുത്ത ഞാറുനടീൽയന്ത്രവുമായി തുടങ്ങ‍ുമ്പോൾ കിഴക്കഞ്ചേരി ചീരക്കുഴിയിലെ ഹരിത തൊഴിൽസേന പ്രവർത്തകർ അറിഞ്ഞില്ല തങ്ങളുടെ ജീവിതംതന്നെ പുതിയൊരു തലത്തിലേക്കു പറിച്ചുനടുകയാണെന്ന്. പിന്നീട് ആകെ പത്തു ലക്ഷം രൂപ മുടക്കി നാല് ഞാറുനടീൽയന്ത്രങ്ങൾ കൂടി സ്വന്തമാക്കിയ സംഘത്തിനു പാലക്കാട് ജില്ലാ പഞ്ചായത്ത് 13 ലക്ഷം രൂപ വിലയുള്ള വലിയ ട്രാൻസ്പ്ലാൻറർകൂടി സമ്മാനിച്ചു. വാടകയ്ക്കെടുത്ത യന്ത്രമുപയോഗിച്ചു പണിതു നേടിയ അഞ്ചു ലക്ഷം രൂപയാണ് ആദ്യത്തെ രണ്ടു മെഷീനുകൾ വാങ്ങാൻ ഉപയോഗിച്ചതെന്നു സംഘം സെക്രട്ടറി ശോഭാ മോഹൻ. അംഗങ്ങൾക്ക് 350 രൂപ മുതൽ 500 രൂപ വരെ വേതനം നൽകിയശേഷം കിട്ടിയ തുകയാണിത്. കൂടുതൽ പ്രവർത്തനശേഷിയുള്ള നടീൽയന്ത്രത്തിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ കൂലിയുണ്ട്. സീസണിൽ പുറത്തുനിന്നു വിളിക്കുന്ന പുരുഷന്മാരായ മെഷീൻ ഓപ്പറേറ്റർമാർക്ക് 1000 രൂപ കൂലി നൽകും. രാത്രി വരെ കൂടുതൽ സമയം ജോലി ചെയ്യുന്നതു പരിഗണിച്ചാണ് ഇവർക്ക് ഉയർന്ന വേതനം നൽകുന്നത്.

ഒരു ഏക്കറിനു വേണ്ട ഞാറ്റടി തയാറാക്കി നട്ടുകൊടുക്കുന്നതിന് 3500 രൂപയാണ് സംഘം ഈടാക്കുക. സംരംഭമെന്ന നിലയിൽ തങ്ങളുടെ പ്രവർത്തനം വിജയകരമാണെന്നും ഭാവിയെക്കുറിച്ച് നല്ല പ്രതീക്ഷ മാത്രമാണുള്ളതെന്നും മുപ്പത് സ്ത്രീകളുടെ സംഘത്തിന്റെ കോ ഓർഡിനേറ്ററും ഏക പുരുഷാംഗവുമായ ബാബു ചീരക്കുഴി പറഞ്ഞു. പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രത്തിൽ (കെവികെ) നിന്നു യന്ത്രവും പരിശീലനവും ലഭിച്ചതുകൊണ്ടാണ് ഇതൊക്കെ സാധ്യമായതെന്ന് പ്രസിഡന്റ് ശാരദ കൂട്ടിച്ചേർത്തു.

‌സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ മാസങ്ങളിലെ സീസണിൽ മുപ്പതംഗ സംഘത്തിനു സ്വന്തമായുള്ള അഞ്ച് ഞാറുനടീൽയന്ത്രങ്ങൾ തികയാറില്ല. സർക്കാരിന്റെ കസ്റ്റംഹയറിങ് സെന്ററുകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെയായി 15 യന്ത്രങ്ങളെങ്കിലും വാടകയ്ക്കെടുത്താണ് സീസണിൽ ജോലി പൂർത്തിയാക്കുന്നത്. ഇത്രയേറെ ഡിമാൻഡ് ഉള്ളതുകൊണ്ടുതന്നെ അറ്റാദായം പുതിയ യന്ത്രങ്ങൾക്കായി ചെലവാക്കാൻ ഹരിത പ്രവർത്തകർക്കു പേടിയില്ല. എല്ലാ വർഷവും പുതിയ യന്ത്രങ്ങൾ വാങ്ങി പരമാവധി പ്രവർത്തനശേഷി കൈവരിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം 35 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ സംഘ‍ം മികച്ച വേതനത്തിനു പുറമേ, അംഗങ്ങൾക്ക് ഒട്ടേറെ ആനുകൂല്യങ്ങളും നൽകുന്നു. ചികിത്സ, വിനോദയാത്ര, വിവാഹം, ആഘോഷങ്ങൾ എന്നിവയൊക്കെ ഏറെ പണം മുടക്കി തന്നെ നടത്തുന്നു. രണ്ടു സ്ത്രീകൾക്ക് ആയാസരഹിതമായി പ്രവർത്തിപ്പിക്കാവുന്ന യാൻമർ മെഷീനാണ് ഈ തൊഴിലാളികളുടെ ഇഷ്ടയന്ത്രം. ഇരുന്നോടിക്കാവുന്ന വലിയ നടീൽയന്ത്രത്തിനു പ്രവർത്തനശേഷി കൂടുമെങ്കിലും കൈകാര്യം ചെയ്യാൻ കൂടുതൽ ആൾബലം വേണം. ഇവ വാങ്ങുന്നതിനു സർക്കാർ പല ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും ഒരു യന്ത്രത്തിനു മാത്രമാണ് ഇതുവരെ സബ്സിഡി കിട്ടിയത്. കാർഷിക എൻജിനീയറിങ് വിദഗ്ധരല്ലാത്തവർ തീരുമാനമെടുക്കുന്നതു മൂലം മെച്ചപ്പെട്ട നടീൽയന്ത്രങ്ങൾക്കു സബ്സിഡി കിട്ടാത്ത അവസ്ഥയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

ഫോൺ– 9447381688

വീട്ടുപറമ്പിൽ കൃഷിയിറക്കി 

നൂറുമേനി നേട്ടം കൊയ്തു


paddy-farmer-hamsa

നെൽകൃഷി വേരറ്റു പോകുന്ന നാട്ടിൽ വേറിട്ട കൃഷിരീതിയുടെ പരീക്ഷണത്തിനു നൂറുമേനി വിജയമായപ്പോൾ കോഴിക്കോട് മൂടാടി എടവത്ത് ഹംസ നാട്ടിലെ താരമായി. ചെളിയിലിറങ്ങി പണിയെടുക്കാൻ തൊഴിലാളികളെ കിട്ടാതെ പാടശേഖരങ്ങളിൽ ആശങ്കകൾ കറ്റകെട്ടുമ്പോൾ ഹംസ വീട്ടുപറമ്പിൽ നെൽകൃഷിയിറക്കി നേട്ടം കൊയ്തത് കാണാൻ ദിവസവും ആളുകളെത്തുന്നു. നെൽകൃഷി നടത്തണമെന്ന ആഗ്രഹം ഹംസയുടെ മനസിൽ വർഷങ്ങൾക്ക് മുൻപ് കിളിർത്തതാണ്.

20 സെന്റും പുരയിടം മാത്രം സ്വന്തമായുള്ള ഹംസയുടെ നെൽ‍കൃഷി സ്വപ്നം വേരുപിടിക്കാതെ കിടപ്പായിരുന്നു. അതിനിടയിലാണ് പഞ്ചായത്ത് കൃഷിഭവനിൽനിന്നു കരനെൽ കൃഷി നടത്താൻ വിത്തു ലഭിക്കുമെന്ന് അറിയുന്നത്. കൃഷിഭവനിൽനിന്നു പവിഴം നെൽവിത്തു വാങ്ങി വീട്ടുപറമ്പിൽ കൃഷി യൊരുക്കം നടത്താൻ തുടങ്ങിയതോടെ സംശയങ്ങളുമായി പലരും സമീപിച്ചു. പാടങ്ങളിൽ പോലും നെൽകൃഷി നഷ്ടത്തിലാവുന്ന കാലത്ത് എന്തിനാണ് സമയം കളയുന്നതെന്നായിരുന്നു പലരുടെയും ചോദ്യം.

അതേസമയം പ്രോൽസാഹനവുമായി എത്തിയവരും ഏറെയുണ്ടായിരുന്നുവെന്ന് ഹംസ ഓർക്കുന്നു. ഹംസയും ഭാര്യ റഷീദയുമായിരുന്നു കൃഷിപരിചരണം പൂർണമായും നടത്തിയത്. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചു നടത്തിയ നെൽകൃഷി നൂറു മേനിയാണ് വിളഞ്ഞത്. രണ്ടാഴ്ച കൊണ്ട് വിളവെടുക്കാനാകും. ഇനി ആറു മാസം വീട്ടിലേക്ക് അരി വാങ്ങേണ്ടി വരില്ലെന്ന സന്തോഷത്തിലാണ് ഹംസയും ഭാര്യയും. വീട്ടുവളപ്പിൽ വെറുതെ കിടക്കുന്ന സ്ഥലത്ത് കരനെൽ കൃഷി ചെയ്താൽ വിജയം ഉറപ്പാണെന്ന് തെളിയിക്കുന്ന ഹംസ ഈ സന്ദേശം നാട്ടിലാകെ പ്രചരിപ്പിക്കാനുള്ള ശ്രമവും തുടങ്ങി.

ആരേയും ആശ്രയിക്കാതെ പുരയിടത്തിൽ നെൽകൃഷി നടത്താമെന്നും നൂറുമേനി കൊയ്യാമെന്നും അനുഭവത്തിലൂടെ ഈ നാട്ടുമ്പുറത്തുകാരൻ പറയുമ്പോൾ അതിൽ പതിരില്ലെന്ന് വീട്ടുപറമ്പിൽ തലയുയർത്തിനിൽക്കുന്ന സ്വർണ നിറമുള്ള നെൽക്കതിരുകൾ തലയാട്ടി സാക്ഷ്യപ്പെടുത്തുന്നു.

കൃഷിയിൽ മാതൃകയായി മുരളീധരൻ

paddy-farmer-k-muraleedharan

പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു തിരിക്കുമ്പോൾ കൃഷിയായിരുന്നു ഇദ്ദേഹത്തിന്റെ മനസ്സു മുഴുവൻ. തരിശിട്ട പാടത്തു കൃഷിയിറക്കി വിജയഗാഥ തീർക്കുമ്പോൾ ഈ മണ്ണും കൃഷിയുമാണ് തന്റെ ജീവിതമെന്നു തിരിച്ചറിയുകയാണ് ഈ യുവ കർഷകൻ. കാസർകോട് കായക്കുളം വടക്കുപുറത്തെ കെ.മുരളീധരനാണ് കൃഷിയിൽ നൂറുമേനി കൊയ്യുന്നത്. പ്രവാസജീവിതം അവസാനിപ്പിച്ച് രണ്ടു വർഷം മുൻപാണു മുരളീധരൻ നാട്ടിലെത്തുന്നത്. ആദ്യം നെൽക്ക‌ൃഷിയിലേക്കിറങ്ങി. പിന്നീട് തന്റെ നാട്ടിൽ തരിശായിക്കിടന്ന സ്ഥലങ്ങൾ ഏറ്റെടുത്തു വാഴക്കൃഷിയും ആരംഭിച്ചു.

സ്വന്തമായുള്ള 1.40 ഏക്കർ സ്ഥലത്ത് ജൈവരീതിയിലാണു കൃഷി.ഇത്തവണ ബസുമതി നെൽവിത്ത് പരീക്ഷണവും ഇദ്ദേഹം കൃഷിയിടത്തിൽ നടപ്പിലാക്കി. പത്തു സെന്റ് സ്ഥലത്താണ് ബസുമതി നെൽവിത്ത് കൃഷിയിറക്കിയത്. ഇതു നൂറുമേനി വിളഞ്ഞതോടെ അടുത്ത തവണ കൃഷിയിടത്തിൽ മൊത്തം ബസുമതി വിളയിക്കാനാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.കൃഷി ഒരിക്കലും നഷ്ടമല്ലെന്നാണ് ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട്. അതിനാൽ കൃഷിയിലൂടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനാണ് ഇദ്ദേഹത്തിന് ഇഷ്ടവും.

ഏലം ശരത്തിൽ വളർന്ന് ചിമ്പ്: 

പഠിക്കാൻ വിദഗ്ധ സംഘമെത്തും


cardamom-rare-growth

ഇടുക്കി ചെമ്പകപ്പാറയിൽ ഏലച്ചെടിയുടെ ശരത്തിൽനിന്നു പുതിയ ചിമ്പ് മുളച്ചനിലയിൽ കണ്ടെത്തിയത് അപൂർവ പ്രതിഭാസമെന്നു നിഗമനം. നേരിട്ടെത്തി പരിശോധിച്ചശേഷമേ യഥാർഥ വസ്തുത മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്നാണു വിദഗ്ധാഭിപ്രായം. ചെടികൾക്കു തളിക്കുന്ന മരുന്നിൽ ഹോർമോൺ അടങ്ങിയിട്ടുണ്ടെങ്കിൽ ഇത്തരം പ്രതിഭാസം ഉണ്ടാകുമെന്നാണു ചില ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ചെടികളിൽ ഉണ്ടാകുന്ന ഫില്ലോഡി എന്ന രോഗമാണോ ഇതെന്നും സംശയിക്കുന്നു. ഇതിന്റെ സാംപിൾ ശേഖരിച്ചു വെള്ളായണിയിലെ ലാബിൽ പരിശോധിച്ചശേഷമേ യഥാർഥ വസ്തുത മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്നു വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ചു പഠിക്കാനായി വെള്ളായണി കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് അസോഷ്യേറ്റ് പ്രഫസർ ഡോ. ഉമാമഹേശ്വറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നു ജില്ലയിലെത്തും.

ചെമ്പകപ്പാറ മാരായികുളത്ത് ജോർജിന്റെ കൃഷിയിടത്തിലാണു ശരത്തിൽനിന്നു ചിമ്പ് മുളച്ചുനിൽക്കുന്നത്. ഒരു ഏലച്ചെടിയിൽ മാത്രമാണ് ഇത്തരത്തിൽ ചിമ്പ് പൊട്ടിമുളച്ചത്. ഇവ വളർന്നതോടെ വേരു കിളിർത്ത് മണ്ണിലേക്ക് ഇറങ്ങുകയും ഇതിൽനിന്നു ശരമുണ്ടായി ഏലക്കായ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

ഏലച്ചെടിയുടെ മൂന്നുഭാഗങ്ങളിലാണ് ഇത്തരത്തിൽ ശരത്തിൽനിന്നു ചിമ്പ് ഉണ്ടായത്. ഒരു മുകുളത്തിൽനിന്നു മൂന്നും അതിലധികവും ചിമ്പുകൾ ഉണ്ടായിട്ടുമുണ്ട്. ഒന്നര പതിറ്റാണ്ടു മുൻപു വണ്ടൻമേട്ടിലെ സുഹൃത്തിന്റെ പക്കൽനിന്നു വാങ്ങിയ റാണി ഇനത്തിൽപെട്ട ഏലച്ചെടിയിലാണ് ഈ പ്രതിഭാസം. സമീപത്തെ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് നശിച്ച ചിമ്പുകളിലും നശിക്കാത്ത ചിമ്പുകളിലുമാണ് ഈ രീതിയിൽ ചിമ്പ് മുളച്ചിട്ടുള്ളത്. രണ്ടുമാസത്തിനിടെയാണ് ഇവ വളർന്നുവന്നതെന്ന് ഇദ്ദേഹം പറയുന്നു. കൂടുതൽ ചിമ്പു വളർന്നു വന്നിരുന്നെങ്കിലും വേര് ഉണ്ടാകാത്തവ കരിഞ്ഞുണങ്ങി. അവശേഷിക്കുന്നവയാണു വളർന്നുവരുന്നത്. മികച്ച വളർച്ചയും കൂടുതൽ വേരുകളും ഉള്ളതിനാൽ ഇവ പ്രത്യേകമായി വളർത്താനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ഒരു ശരത്തിലുണ്ടായ ചിമ്പ് വളർന്നതോടെ ഏതാനും ചിമ്പ് അടർത്തിയെടുത്ത് പ്ലാസ്റ്റിക് കൂടിലാക്കി ജോർജ് വളർത്തുന്നുണ്ട്.

ഏലച്ചെടികൾക്കു കൂടുതലായും ജൈവവളങ്ങളാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. തണ്ടുതുരപ്പനെ പ്രതിരോധിക്കാൻ മാത്രമാണ് മരുന്നു തളിക്കുന്നത്. ഇദ്ദേഹത്തിന്റെ തോട്ടത്തിലടക്കം ഏതാനും വർഷം മുൻപ് ഏലത്തിന്റെ ചിമ്പിൽനിന്നു ശരം ഉണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള പ്രതിഭാസം ആദ്യമാണ്.